യുവജന ഉച്ചകോടിയിൽ പങ്കെടുത്ത് ബഹ്റൈൻ സംഘം
text_fieldsമനാമ: ഇന്ത്യയുടെ നിലവിലുള്ള ജി-20 അധ്യക്ഷ സ്ഥാനത്തിന്റെ ഭാഗമായി വാരാണസിയിൽ നടന്ന വൈ-20 ഉച്ചകോടിയിൽ ബഹ്റൈനിൽ നിന്നുള്ള സംഘവും പങ്കെടുത്തു.
മൂന്നംഗ യുവജന സംഘമാണ് ആഗസ്റ്റ് 17 മുതൽ 20 വരെ നടന്ന സമ്മേളനത്തിൽ ബഹ്റൈനെ പ്രതിനിധീകരിച്ചത്. പ്രതിനിധികൾ സാരാനാഥ്, പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രം, ഗംഗാഘട്ട് എന്നിവ സന്ദർശിച്ചു. ഇന്ത്യയുടെ സമ്പന്നമായ കലയും സംസ്കാരവും പൈതൃകവും ദർശിക്കാൻ ലോകമെമ്പാടുമുള്ള പ്രതിനിധികളുണ്ടായിരുന്നു. ഇന്ത്യൻ യുവജന കായികമന്ത്രി അനുരാഗ് ഠാക്കൂറിന്റെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്.
രുദ്രാക്ഷ് ഇന്റർനാഷനൽ കോഓപറേഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ പ്ലീനറി സമ്മേളനം നടന്നു. രാജ്യത്തെ വിവിധ സർവകലാശാലകളിൽ പരിപാടിയോടനുബന്ധിച്ച് 14-വൈ-20 കൺസൾട്ടേഷനുകൾ നടന്നു.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) 50 ബ്രെയിൻ സ്റ്റോമിങ് സെഷനുകളും സംഘടിപ്പിച്ചു. വൈ-20 ഉച്ചകോടിയിൽ പങ്കെടുത്ത് തിരികെയെത്തിയ ബഹ്റൈനിൽനിന്നുള്ള പ്രതിനിധികളുമായി നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് എംബസിയിൽ കൂടിക്കാഴ്ച നടത്തി.
വൈ-20 പ്ലാറ്റ്ഫോമിൽ ബഹ്റൈനെ അതിഥി രാജ്യമായി ഉൾപ്പെടുത്തിയതിന് പ്രതിനിധികൾ നന്ദി അറിയിച്ചു.
വിജയകരമായ സമ്മേളനം നടത്തിയ ഇന്ത്യയെ അവർ അഭിനന്ദിച്ചു. യൂത്ത് ഫോറത്തിലെ ക്രിയാത്മക പങ്കാളിത്തത്തിന് പ്രതിനിധികളെ നന്ദി അറിയിച്ച നിയുക്ത അംബാസഡർ ഇരുരാജ്യങ്ങളിലെയും യുവാക്കൾക്കിടയിൽ കൂടുതൽ സഹകരണമുണ്ടാകട്ടെയെന്ന് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.