ബഹ്റൈൻ ഭക്ഷ്യസുരക്ഷയിലേക്ക് -കൃഷി മന്ത്രി
text_fieldsമനാമ: ഉൽപാദനക്ഷമത വർധിപ്പിന് ഭക്ഷ്യസുരക്ഷ കൈവരിക്കാനുള്ള ശ്രമങ്ങൾ കാര്യക്ഷമമായി പുരോഗമിക്കുകയാണെന്ന് മുനിസിപ്പൽ, കൃഷി മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് പറഞ്ഞു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം 85,617 ടൺ കോഴിയിറച്ചിയും 92 ദശലക്ഷം മുട്ടകളും ഉൽപാദിപ്പിക്കാൻ കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ ഉൽപാദനം 120 ദശലക്ഷം മുട്ടകളെന്ന നിലയിൽ എത്തിക്കാനാണ് പദ്ധതി.
കോഴി ഉൽപാദനം പ്രതിവർഷം 9 ദശലക്ഷത്തിൽനിന്ന് ഏകദേശം 30 മുതൽ 40 ദശലക്ഷം വരെ വർധന പ്രതീക്ഷിക്കുന്നു. ഇത് ഇറക്കുമതി 30 ശതമാനമായി കുറയ്ക്കാനിടയാക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിവളർത്തൽ, മുട്ട, മത്സ്യകൃഷി, പരമ്പരാഗത മത്സ്യബന്ധനം എന്നിവയിൽ കാര്യമായ പുരോഗതിയുണ്ട്. ഈ മേഖലകളിൽ നിക്ഷേപം ധാരാളമായി എത്തുന്നുണ്ട്.
കൃഷി, മൃഗസമ്പത്ത്, മത്സ്യകൃഷി മേഖലകളിൽ ഉള്ളവർക്ക് നിരവധി ആനുകൂല്യങ്ങളും പിന്തുണയും കൃഷിവകുപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഭക്ഷ്യസുരക്ഷ കൈവരിക്കാൻ ദീർഘകാല പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളും നൂതനാശയങ്ങളും സ്വീകരിക്കുന്നു. ഭക്ഷ്യസുരക്ഷ പദ്ധതികളുമായി ബന്ധപ്പെട്ട് ജി.സി.സി രാജ്യങ്ങളിൽ ഏകീകൃത സമിതി രൂപവത്കരിച്ചിട്ടുണ്ട്. സംയുക്ത താൽപര്യമുള്ള ഭക്ഷ്യസുരക്ഷ പദ്ധതികളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷ്യസുരക്ഷ ചർച്ചക്കിടെ ഗസ്സയിലെ ദുരിത ബാധിതരെ സ്മരിച്ച് പാർലമെന്റ്
മനാമ: ഭക്ഷ്യസുരക്ഷ സംബന്ധിച്ച ചർച്ചക്കിടെ പാർലമെന്റിന്റെ ഫലസ്തീൻ സപ്പോർട്ട് കമ്മിറ്റി വൈസ് ചെയർപേഴ്സൺ ജലീല അൽ സെയ്ദ് കണ്ണീരണിഞ്ഞു.
ഗസ്സയിലെ ജനങ്ങൾ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് അവർ പറഞ്ഞു. ഇരകൾക്ക് വേണ്ടി ഒരു മിനിറ്റ് മൗനമാചരിക്കാൻ ആക്ടിങ് സ്പീക്കർ അബുദുൽ നബി സൽമാൻ എം.പിമാരോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.