ഭാഗ്യം തുണച്ചാൽ ഫുട്ബാൾ ലോകകപ്പിന് ബഹ്റൈൻ വേദിയാകും
text_fieldsമനാമ: ബഹ്റൈനിലെ ഫുട്ബാൾ പ്രേമികൾക്ക് ആഹ്ലാദകരമായ വാർത്ത. 2046ലെയോ 2050ലെയോ ഫിഫ ലോകകപ്പ് ഫുട്ബാളിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കണമെന്ന നിർദേശവുമായി സതേൺ മുനിസിപ്പാലിറ്റി. കുവൈത്ത്, ഒമാൻ, യു.എ.ഇ എന്നീ ജി.സി.സി കളുമായി സംയുക്ത ആതിഥേയത്വത്തിന് ബഹ്റൈൻ ശ്രമിക്കണമെന്നാണ് കൗൺസിലിന്റെ നിർദേശം. ഇതിന്റെ സാധ്യതകളെക്കുറിച്ച് സർക്കാർ പഠനം നടത്തണം. ശ്രമം വിജയിച്ചാൽ രാജ്യത്തിന് ആഗോള ശ്രദ്ധ കിട്ടുമെന്ന് മാത്രമല്ല, ടൂറിസം വികസനത്തിനും സഹായകരമായിരിക്കുമെന്ന് കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു.
വിജയകരമായി ലോകകപ്പ് നടത്താൻ ആവശ്യമായതെല്ലാം ഇവിടെയുണ്ട്. 2022ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിലൂടെ ഖത്തർ ലോക സ്പോർട്സ് ഭൂപടത്തിൽ ഇടംപിടിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.സഖീറിൽ പുതിയ കായികനഗരം ഉണ്ടാക്കാനുള്ള പദ്ധതിയുണ്ടെന്ന് വർക്ക്സ് മന്ത്രി ഇബ്രാഹിം അൽ ഹവാജ് വെളിപ്പെടുത്തിയിരുന്നു. പ്രധാന ആഗോള കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് രാജ്യങ്ങൾ സംയുക്തമായി അടുത്തിടെയായി മുന്നോട്ടുവരുകയാണ്.
2026 ലോകകപ്പ് ഫൈനൽ യു.എസ്, മെക്സികോ, കാനഡ എന്നിവിടങ്ങളിലാണ് അരങ്ങേറുന്നത്. 2030ൽ മൊറോക്കോ, സ്പെയിൻ, പോർചുഗൽ, അർജന്റീന, ഉറുഗ്വായ്, പരഗ്വേ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും. അതുകൊണ്ടുതന്നെ സംയുക്ത ജി.സി.സി യൂനിറ്റ് എന്നനിലയിൽ സംയുക്ത ബിഡ് നൽകാവുന്നതാണ്. ഫോർമുല വൺ റേസ്, അന്താരാഷ്ട്ര എൻഡുറൻസ് മത്സരങ്ങൾ എന്നിവക്ക് ഇതിനോടകം ആതിഥേയത്വം വഹിക്കുക വഴി ബഹ്റൈൻ ലോകശ്രദ്ധ പിടിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനൽ ഡെസ്റ്റിനേഷനാവുക എന്നത് കായികപ്രേമികളുടെ സ്വപ്നസാക്ഷാത്കാരമായിരിക്കുമെന്നും എം.പിമാരടക്കം ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.