ബഹ്റൈൻ, അമേരിക്കൻ വ്യാപാര സഹകരണം വർധിപ്പിക്കും
text_fieldsമനാമ: ബഹ്റൈൻ, അമേരിക്കൻ വ്യാപാര, നിക്ഷേപ, സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന് മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ അമേരിക്കൻ വ്യാപാര മേഖലയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. സാമ്പത്തിക ഉത്തേജന പാക്കേജുമായി ബന്ധപ്പെട്ട് വ്യവസായ മേഖലയിൽ കൂടുതൽ നിക്ഷേപവും പദ്ധതികളുമുണ്ടാകേണ്ടതിന്റെ ആവശ്യവും ഊന്നിപ്പറഞ്ഞു.
നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് അതോറിറ്റി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 24 പദ്ധതികൾ പ്രഖ്യാപിച്ചു.
സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായാണിത്. വിവിധ മേഖലകളിൽ ബഹ്റൈന്റെ മത്സരാധിഷ്ഠിത മുന്നേറ്റം സാധ്യമാക്കാൻ ഇതുപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അംഗങ്ങൾ പറഞ്ഞു. ഇലക്ട്രോണിക്, അതിവേഗ പാസ്പോർട്ട്, കിങ് ഫഹദ് കോസ്വെ പാസ്പോർട്ട്, മൾട്ടിപ്പ്ൾ വിസയുടെ ചാർജ് കുറക്കുക തുടങ്ങിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
കാലാവസ്ഥ വ്യതിയാനം നേരിടുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികളുടെ ഭാഗമായി 2035ഓടെ രാജ്യത്തെ വൃക്ഷങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതിന് വനവത്കരണ പദ്ധതി ശക്തമാക്കാൻ തീരുമാനിച്ചു. ഹരിത വിസ്തൃതി വർധിപ്പിക്കുന്നതിന് സാമൂഹിക പങ്കാളിത്തം വർധിപ്പിക്കാനും നിർദേശമുണ്ട്. വിവിധ മന്ത്രിമാർ പങ്കെടുത്ത സമ്മേളനങ്ങളുടെ റിപ്പോർട്ടുകളും സഭയിൽ അവതരിപ്പിച്ചു. സ്ഥാപകദിനാചരണം ആഘോഷിക്കുന്ന സൗദി അറേബ്യൻ ജനതക്കും ഭരണാധികാരികൾക്കും കാബിനറ്റ് ആശംസകൾ നേർന്നു. ബഹ്റൈനും സൗദിയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഈയടുത്ത കാലത്ത് കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ കീഴിൽ രാജ്യത്തിന് കൂടുതൽ പുരോഗതിയും വളർച്ചയും നേടാനാകട്ടെയെന്ന് ആശംസിച്ചു.
61 ാമത് ദേശീയദിനമാഘോഷിക്കുന്ന കുവൈത്തിനും ഭരണാധികാരികൾക്കും ജനതക്കും കാബിനറ്റ് ആശംസകൾ നേർന്നു.
രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്കും വളർച്ചയിലേക്കും നയിക്കാൻ ഭരണാധികാരി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർക്ക് സാധ്യമാകട്ടെയെന്നും ആശംസിച്ചു. യുക്രെയ്നിൽ യുദ്ധാന്തരീക്ഷം ഒഴിവാക്കാനും സമാധാനത്തിന്റെ പാതയിലൂടെ മുന്നോട്ടുപോകാനും കഴിയട്ടെയെന്ന് കാബിനറ്റ് അഭിപ്രായപ്പെട്ടു.
നയതന്ത്രപരവും സമാധാനപൂർണവുമായ പരിഹാരമാണ് ബഹ്റൈൻ താൽപര്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.