ശക്തമായ 10 കറൻസികളിൽ ബഹ്റൈൻ ദീനാർ രണ്ടാം സ്ഥാനത്ത്
text_fieldsമനാമ: ലോകത്തെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ ബഹ്റൈൻ ദീനാർ രണ്ടാം സ്ഥാനത്ത്. ഫോബ്സാണ് കറൻസികളിൽ മുൻ നിരകളിലുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. കുവൈത്ത് ദീനാറാണ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. 2023 മേയിൽ ഫോബ്സ് പുറത്തിറക്കിയ പട്ടികയിലും കുവൈത്ത് ദീനാർ ഒന്നാം സ്ഥാനത്തായിരുന്നു. ലോകത്ത് ഏറ്റവും ശക്തമായ രണ്ടും മൂന്നും കറൻസികളും ഗൾഫ് മേഖലയിൽനിന്നാണെന്നത് ശ്രദ്ധേയം.
220.4 രൂപക്കും 2.65 ഡോളറിനും തുല്യമാണ് ഒരു ബഹ്റൈൻ ദീനാർ. 270.23 ഇന്ത്യൻ രൂപക്കും 3.25 ഡോളറിനും തുല്യമാണ് ഒരു കുവൈത്ത് ദീനാർ. മൂന്നാം സ്ഥാനത്ത് ഒമാൻ റിയാൽ (215.84 രൂപ, 2.60 ഡോളർ), നാലാമത് ജോർഡനിയൻ ദീനാർ (117.10 രൂപ), ജിബ്രാൾട്ടർ പൗണ്ട് (105.52 രൂപ), ബ്രിട്ടീഷ് പൗണ്ട് (105.54 രൂപ), കായ് മാൻ ഐലൻഡ് (99.76 രൂപ), സ്വിസ് ഫ്രാങ്ക് (97.54 രൂപ), യൂറോ (90.80 രൂപ) എന്നിങ്ങനെയാണ് ആദ്യ പത്തിലെ ഒമ്പതു രാജ്യങ്ങളുടെ പട്ടിക. യു.എസ് ഡോളർ പട്ടികയിൽ പത്താം സ്ഥാനത്താണ്. ഒരു യു.എസ് ഡോളറിന് 83.10 രൂപയാണ്. 2024 ജനുവരി 10 വരെയുള്ള കറൻസി മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പട്ടിക.
ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഇന്ത്യ 15ാം സ്ഥാനത്താണ്. സ്വിറ്റ്സർലൻഡിന്റെയും ലിച്ചെൻസ്റ്റീന്റെയും കറൻസിയായ സ്വിസ് ഫ്രാങ്ക് ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള കറൻസിയായി കണക്കാക്കുന്നു.
രാജ്യങ്ങളുടെ സ്ഥിരതയുടെയും സാമ്പത്തിക നിലയുടെയും നേർരേഖയായാണ് കറൻസിയെ കണക്കാക്കുന്നത്. കറൻസിയുടെ മൂല്യം വർധിക്കുന്നതനുസരിച്ച് രാജ്യത്തെ സമ്പദ്വ്യവസ്ഥയിലും അത് പ്രതിഫലിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.