സൗഹൃദ വേദിയായി ഇന്ത്യയിലെ ബഹ്റൈനി പൂർവ വിദ്യാർഥി സംഗമം
text_fieldsമനാമ: ഇന്ത്യയിലെ യൂനിവേഴ്സിറ്റികളിലും ഹ്രസ്വകാല കോഴ്സുകളിലും പഠിച്ച 50 ബഹ്റൈനി പ്രമുഖരെ പങ്കെടുപ്പിച്ച് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ യൂനിവേഴ്സിറ്റി പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപറേഷൻ (ഐ.ടി.ഇ.സി) പൂർവ വിദ്യാർഥികളും പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.
മുൻ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, സർക്കാർ, സ്വകാര്യ മേഖല, ബിസിനസ്, അക്കാദമിക്, സാംസ്കാരിക സ്ഥാപനങ്ങൾ തുടങ്ങിയവയിലെ പ്രതിനിധികൾ എന്നിവരാണ് സംഗമത്തിൽ പങ്കാളികളായത്. മുൻ മന്ത്രിയും ശൂറ കൗൺസിൽ മുൻ അംഗവുമായ അബ്ദുൽനബി അൽ ഷോല, പാർലമെന്റ് അംഗം അഹമ്മദ് അബ്ദുൽവഹാദ് അൽ ഖറാത്ത, ശൂറ കൗൺസിൽ മുൻ അംഗം അഹമ്മദ് മഹ്ദി അൽ ഹദ്ദാദ്, ക്യാപിറ്റൽ മുനിസിപ്പാലിറ്റി കൗൺസിൽ അംഗവും ബഹ്റൈൻ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് സൊസൈറ്റി ചെയർമാനുമായ ഡോ. അബ്ദുൽഹസ്സൻ അൽ ദൈരി, വിദേശകാര്യ മന്ത്രാലയം മുൻ അണ്ടർ സെക്രട്ടറി അംബാസഡർ കരിം അൽ ഷക്കർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ സൗഹൃദവും ബന്ധവും ശക്തിപ്പെടുത്താൻ ഇത്തരം സംഗമങ്ങൾ സഹായിക്കുമെന്ന് അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസരംഗത്തുണ്ടായ പുരോഗതി വിവരിച്ച അംബാസഡർ, ബഹ്റൈനിൽനിന്നുള്ള വിദ്യാർഥികൾക്ക് മികച്ച അവസരമാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കുന്നതെന്നും കൂട്ടിച്ചേർത്തു.
മെഡിക്കൽ, ബഹിരാകാശം, സൈബർ സുരക്ഷ എന്നിവയുൾപ്പെടെ പ്രഫഷനൽ വിദ്യാഭ്യാസ രംഗത്തും ഹൈടെക് മേഖലകളിലും സമീപകാലത്ത് ഇന്ത്യ വൻ മുന്നേറ്റമാണ് നടത്തിയത്. ബഹ്റൈനിലും വികസിതമായ വിദ്യാഭ്യാസ സംവിധാനം നിലവിലുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർമാർ എന്ന നിലയിൽ പൂർവ വിദ്യാർഥികളുടെ പങ്കിനെ അബ്ദുൽനബി അൽ ഷോല പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2009 മുതൽ ഐ.ടി.ഇ.സി സ്കോളർഷിപ് ഉൾപ്പെടെ ഇന്ത്യൻ സർക്കാറിന്റെ വിവിധ സ്കോളർഷിപ് പദ്ധതികൾ പ്രയോജനപ്പെടുത്തിയത് 80ഓളം പേരാണ്. ഇതിനുപുറമെ, നിരവധി ബഹ്റൈനി വിദ്യാർഥികൾ സ്വാശ്രയാടിസ്ഥാനത്തിൽ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.