ബഹ്റൈനിൽ സാമ്പത്തികരംഗം സുശക്തമെന്ന് ഐ.എം.എഫ്
text_fieldsമനാമ: ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വേഗമേറിയ സാമ്പത്തിക വളർച്ചയാണ് കഴിഞ്ഞ വർഷം ബഹ്റൈനിലുണ്ടായതെന്ന് ഐ.എം. എഫ്. മികച്ച രീതിയിലുള്ള ഈ സാമ്പത്തിക പ്രകടനത്തിന് കാരണമായത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വിജയകരമായി നടത്തിയ പ്രവർത്തനങ്ങളാണ്. സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കാനുദ്ദേശിച്ച് നടത്തിയ പാക്കേജും ഫലം കണ്ടെന്ന് ഐ.എം.എഫ് റിപ്പോർട്ടിൽ പറയുന്നു. കോവിഡ്-19നുശേഷം സാമ്പത്തിക മേഖല, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ഉൽപാദനം, പൊതുമേഖല എന്നിവയിൽ രാജ്യത്തുണ്ടായ വിപുലീകരണമാണ് വളർച്ചക്ക് കാരണമായത്.
കഴിഞ്ഞവർഷം 4.9 ശതമാനം വളർച്ചയാണ് സാമ്പത്തികരംഗത്തുണ്ടായത്. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചയാണിത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി)യും വളർച്ച രേഖപ്പെടുത്തി. പെട്രോളിയം ഇതര മേഖല 6.2 ശതമാനം വളർച്ച നേടി. പെട്രോളിയം മേഖലയുടെ വളർച്ച 1.4 ശതമാനമായി കുറഞ്ഞു. സാമ്പത്തിക പരിഷ്കാരങ്ങൾ, ഉയർന്ന എണ്ണവില എന്നിവമൂലം സംസ്ഥാന ബജറ്റ് കമ്മി ഗണ്യമായി കുറഞ്ഞു. 2021ൽ കമ്മി 6.4 ശതമാനമായിരുന്നെങ്കിൽ 2022ൽ ജി.ഡി.പിയുടെ 1.2 ശതമാനമായി കുറഞ്ഞു. മൊത്തത്തിലുള്ള ധനക്കമ്മി ജി.ഡി.പിയുടെ 11 ശതമാനത്തിൽനിന്ന് 6.1 ശതമാനമായും കുറഞ്ഞു.
20211ൽ സർക്കാറിന്റെ കടം ജി.ഡി.പിയുടെ 127.1 ശതമാനമായിരുന്നു. 2022ൽ ഇത് ജി.ഡി.പിയുടെ 117.6 ശതമാനമായി കുറഞ്ഞു. വളർച്ച മിതമായ നിലയിലാണെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടി. ഘടനാപരമായ പരിഷ്കാരങ്ങൾ ത്വരിതപ്പെടുത്തണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
എണ്ണയിതര മേഖലയിലെ വളർച്ച വൈവിധ്യവത്കരണത്തിന് ശ്രമിക്കുന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം ആശാവഹമാണ്. ബജറ്റിതര ചെലവുകൾ നിയന്ത്രിക്കേണ്ടത് പ്രധാനമാണെന്നും ഐ.എം.എഫ് റിപ്പോർട്ടിൽ പറയുന്നു. ബഹ്റൈന്റെ സാമ്പത്തിക നവീകരണ പരിപാടികളെ റിപ്പോർട്ട് അഭിനന്ദിച്ചു. അതേ സമയം തൊഴിൽ മേഖലയിലെ വൈവിധ്യവത്കരണം തുടരണമെന്നും സ്ത്രീകളെ തൊഴിൽ മേഖലയിലേക്ക് വ്യാപകമായി കൊണ്ടുവരേണ്ടതുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു. പുനരുപയോഗ ഊർജ മേഖലയിലേക്കുള്ള പടിപടിയായ മാറ്റവും രാജ്യത്തെ സംബന്ധിച്ചിടത്തോളം സഹായകരമാണ്. പാരിസ്ഥിതികമായ കടമകൾ നിർവഹിച്ചുകൊണ്ടുമാത്രമേ വികസനം പ്രയോജനപ്രദമാകൂ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.