യുവ ബിസിനസുകാർക്ക് പിന്തുണ നൽകുന്ന ബഹ്റൈൻ മാതൃക പ്രശംസനീയം -സ്വാതി മണ്ടേല
text_fieldsമനാമ: യുവാക്കൾ നയിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും സംരംഭകത്വത്തിനും പിന്തുണ നൽകുന്ന ബഹ്റൈൻ മാതൃക പ്രശംസനീയമാണെന്ന് ലോക ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം (ഡബ്ല്യു.ബി.എ.എഫ്) ഗ്ലോബൽ വിമൻ ലീഡേഴ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് സ്വാതി മണ്ടേല.
ലോക ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം സമ്മേളനത്തിലാണ് ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ ചെറുമകൾകൂടിയായ അവർ ബഹ്റൈനെ പ്രശംസിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഡബ്ല്യു.ബി.എ.എഫ് ഹൈകമീഷണർ കൂടിയാണ് സ്വാതി മണ്ടേല.
ഫോറത്തിൽ അവതരിപ്പിച്ച ഡാറ്റ അഭിനന്ദനാർഹമാണ്. ബഹ്റൈനിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സർക്കാർ ടെൻഡറുകൾ കൂടുതലായി കിട്ടുന്നുവെന്നത് ഒരു സൂചകമാണ്. യുവസംരംഭകരെ പിന്തുണക്കുന്നതിനും ഊർജസ്വലമായ സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണിത്.
ചെറുകിട, യുവ ബിസിനസുകളുടെ വളർച്ചയും വിജയവും ഉറപ്പാക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ച ബഹ്റൈൻ ധനകാര്യമന്ത്രിയുടെ പ്രഭാഷണവും അവർ ചൂണ്ടിക്കാട്ടി.
പരസ്പരം പഠിക്കുന്നതിലൂടെ രാജ്യങ്ങൾ തമ്മിലുള്ള വിടവുകൾ നികത്താൻ കഴിയും. ദക്ഷിണാഫ്രിക്കക്ക് ബഹ്റൈനിന്റെ മാതൃകയിൽനിന്ന് വളരെയധികം പഠിക്കാനുണ്ടെന്നും അവർ പറഞ്ഞു. മിഡിൽ ഈസ്റ്റും ആഫ്രിക്കയും സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ കൂടുതൽ സഹകരിക്കണം. ഇരു രാജ്യങ്ങളുടെയും വിജയമാതൃകകൾ പരസ്പരം പിന്തുടർന്നാൽ കൂടുതൽ ഉയരങ്ങളിലെത്താമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.