കാലാവസ്ഥവ്യതിയാനം ബഹ്റൈൻ നിലപാട് സ്വാഗതാർഹം
text_fieldsമനാമ: കാലാവസ്ഥവ്യതിയാനവുമായി ബന്ധപ്പെട്ട് ഗ്ലാസ്കോയിൽ യു.എൻ സംഘടിപ്പിച്ച 26ാമത് സമ്മേളനത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പ്രഭാഷണം ബഹ്റൈൻ നിലപാട് ഉയർത്തിപ്പിടിക്കുന്നതാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള ബഹ്റൈെൻറ സന്നദ്ധതയെ അദ്ദേഹം തെൻറ പ്രസംഗത്തിൽ ആവർത്തിച്ച് വ്യക്തമാക്കിയതായും വിലയിരുത്തി.
കാലാവസ്ഥ സുരക്ഷിതത്വം സംബന്ധിച്ച് ലോക രാഷ്ട്രങ്ങൾ കൈക്കൊള്ളുന്ന തീരുമാനങ്ങളനുസരിച്ച് മുന്നോട്ട് പോവാനാണ് ബഹ്റൈനും ആഗ്രഹിക്കുന്നത്. ഇതനുസരിച്ച് 2060 ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനാണ് തീരുമാനം. 2035ഓടെ കാർബൺ ബഹിർഗമനം വർധിച്ചതോതിൽ കുറക്കാനും പദ്ധതിയുണ്ട്. അന്തരീക്ഷ മലിനീകരണം കുറക്കാനും പരിസ്ഥിതി സംരക്ഷിക്കാനും വിവിധ പദ്ധതികൾ ബഹ്റൈൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നതായും കിരീടാവകാശി സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.
ബഹ്റൈൻ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച്, ജനങ്ങളുടെ ആരോഗ്യ പരിചരണത്തിൽ വലിയ സേവനങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ ഡോക്ടർമാർക്കും കാബിനറ്റ് ആശംസകൾ നേർന്നു. മുഹറഖ് ക്ലബിലൂടെ ബഹ്റൈന് എ.എഫ്.സി കപ്പ് നേടാൻ സാധിച്ചതിലുള്ള സന്തോഷം കാബിനറ്റ് പങ്കുവെക്കുകയും ഭരണാധികാരികൾക്ക് ആശംസ നേരുകയും ചെയ്തു. കായിക മേഖലയിൽ രാജ്യത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണ് ഇതെന്നും മന്ത്രിസഭ അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ഇറാഖ് പ്രധാനമന്ത്രി മുസ്തഫ കാദിമിയെ അപായപ്പെടുത്താനുള്ള ശ്രമത്തെ മന്ത്രിസഭ അപലപിച്ചു. ഇത്തരം തീവ്രവാദ പ്രവർത്തനങ്ങളെ നേരിടാനും രാജ്യത്ത് സമാധാനവും ശാന്തിയും സ്ഥാപിക്കാനും ഇറാഖ് സർക്കാറിന് കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. ബഹ്റൈൻ പരിസ്ഥിതി കാര്യ സുപ്രീം കൗൺസിലും കൊറിയൻ പരിസ്ഥിതി മന്ത്രാലയവും തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെക്കാനുള്ള മന്ത്രിതല നിയമകാര്യ സമിതിയുടെ ശിപാർശ അംഗീകരിച്ചു. വേൾഡ് ക്രാഫ്റ്റ് കൗൺസിലിൽ അംഗത്വം നേടുന്നതിന് ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റിയുടെ നിർദേശം കാബിനറ്റ് അംഗീകരിച്ചു. ബഹ്റൈനിലെ വിവിധ ഗ്രാമങ്ങളും പട്ടണങ്ങളും ഇതുവഴി കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
യു.എ.ഇയും ബഹ്റൈനും വിവിധ മേഖലകളിൽ സഹകരണക്കരാറിൽ ഒപ്പുവെക്കുന്നതിനും അംഗീകാരമായി. ബ്രസീലുമായി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനുള്ള കരാറിൽ ഒപ്പുവെക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിെൻറ നിർദേശവും അംഗീകരിക്കപ്പെട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭ യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.