ബഹ്റൈൻ - കോഴിക്കോട് വിമാനം നാളെ; ടിക്കറ്റുകൾ നൽകി
text_fieldsമനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിെൻറ മൂന്നാം ഘട്ടത്തിൽ ബഹ്റൈനിൽനിന്നുള്ള ആദ്യ വിമാനം ചൊവ്വാഴ്ച കോഴിക്കോേട്ടക്ക് പുറപ്പെടും. വൈകീട്ട് 4.10ന് ബഹ്‌റൈനിൽ നിന്ന് യാത്രതിരിക്കുന്ന വിമാനം ഇന്ത്യൻ സമയം രാത്രി 11ന് കോഴിക്കോട് എത്തും. രണ്ട് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 179 യാത്രക്കാരാണ് ഇൗ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നത്. ഇവർക്കുള്ള ടിക്കറ്റുകൾ നൽകി. കോഴിക്കോട് നിന്ന് യാത്രക്കാരുമായി എത്തുന്ന വിമാനമാണ് തിരിച്ച് ഇവിടെനിന്ന് പുറപ്പെടുന്നത്.
മൂന്നാം ഘട്ടത്തിൽ ബഹ്‌റൈനിൽ നിന്ന് കേരളത്തിലേക്ക് അഞ്ച് സർവീസുകളാണ് ഉള്ളത്. മെയ് 26, 30, ജൂൺ രണ്ട് തീയതികളിൽ കോഴിക്കോട്ടേക്കും മെയ് 28,ജൂൺ ഒന്ന് തീയതികളിൽ കൊച്ചിയിലേക്കുമാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സർവീസ് നടത്തുക. കോഴിക്കോട്ടേക്കുള്ള വിമാനം വൈകിട്ട് 4.10നും കൊച്ചിയിലേക്കുള്ളത് ഉച്ചക്ക് 2.10നും പുറപ്പെടും.
28ന് കൊച്ചിയിലേക്കുള്ള വിമാനത്തിെൻറ ടിക്കറ്റ് വിതരണം തുടങ്ങിയിട്ടുണ്ട്. ഇൗ വിമാനത്തിലും 177 പേരാണ് നാട്ടിലേക്ക് പോകുന്നത്. അന്ന് കൊച്ചിയിൽനിന്ന് തിരികെ വരുന്ന വിമാനത്തിലും യാത്രക്കാരെ കൊണ്ടുവരുന്നുണ്ട്. ബഹ്റൈൻ പൗരൻമാർക്കും സാധുവായ റസിഡൻറ് പെർമിറ്റ് ഉള്ളവർക്കുമാണ് യാത്രക്ക് അനുമതി. തിങ്കളാഴ്ച ഇൗ വിമാനത്തിന് ടിക്കറ്റ് നിരക്ക് 43000 രൂപയായി ഉയർന്നു. ബഹ്റൈനിൽനിന്ന് സർവീസ് നടത്തുന്ന മറ്റ് ദിവസങ്ങളിലും ഇങ്ങോട്ട് വരുന്ന വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നതിന് അനുമതി തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.