ത്യാഗസ്മരണയിൽ ബലിപെരുന്നാൾ ആഘോഷം
text_fieldsമനാമ: ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശവുമായി രാജ്യമെമ്പാടും വിശ്വാസിസമൂഹം ബലിപെരുന്നാൾ ആഘോഷിച്ചു. പള്ളികളിലും ഈദ്ഗാഹുകളിലും നമസ്കാരത്തിൽ പങ്കുചേർന്നും സൗഹൃദം പങ്കുവെച്ചും ബഹ്റൈനിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള വിശ്വാസിസമൂഹം ബലിപെരുന്നാൾ ആഘോഷങ്ങളിൽ ഭക്തിപൂർവം പങ്കാളികളായി.
രാവിലെ 5.07നായിരുന്നു പെരുന്നാൾ നമസ്കാരം. വിശ്വാസികൾ അതിരാവിലെതന്നെ നമസ്കാരസ്ഥലങ്ങളിലേക്ക് ഒഴുകിയെത്തി. വിവിധ പള്ളികൾക്കു പുറമേ പൊതുജനങ്ങളുടെ സൗകര്യാർഥം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈദ്ഗാഹുകളും ഒരുക്കിയിരുന്നു. രാജ്യത്തെ പ്രവാസിസമൂഹത്തിന് വിവിധയിടങ്ങളിലായി ഈദ് ഗാഹുകൾ സംഘടിപ്പിക്കാൻ സുന്നി ഔഖാഫ് അനുവാദം നൽകിയിരുന്നു. ബഹ്റൈന്റെ പരമ്പരാഗത ആഘോഷങ്ങളില് ഒന്നായ ഹയ്യ ബയ്യയും ബലിപെരുന്നാളിനോടനുബന്ധിച്ച് നടന്നു. ഇബ്രാഹീം നബിയുടെ ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ വിശ്വാസികളോട് ഇമാമുമാർ പെരുന്നാൾ പ്രഭാഷണങ്ങളിൽ ആഹ്വാനംചെയ്തു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അൽ സഖിർ പാലസ് മസ്ജിദിൽ ഈദ് അൽഅദ്ഹ പ്രാർഥന നടത്തി. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, രാജാവിന്റെ മക്കൾ, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, കൗൺസിൽ ഓഫ് റപ്രസന്റേറ്റീവ്സ് സ്പീക്കർ, മന്ത്രിമാർ, പ്രതിരോധ സേന, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ഈദ് നമസ്കാരത്തിൽ പങ്കെടുത്തു.
സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാഷിദ് ബിൻ മുഹമ്മദ് അൽ ഹാജിരി പ്രഭാഷണം നടത്തി. ബലി പെരുന്നാളിന്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തിക്കാട്ടിയ അദ്ദേഹം ഇസ്ലാമിന്റെ സഹിഷ്ണുത, അനുകമ്പ എന്നിവയെക്കുറിച്ച് ഊന്നിപ്പറഞ്ഞു.
കൂടുതൽ നേട്ടങ്ങളിലേക്കും സുരക്ഷിതത്വത്തിലേക്കും സുസ്ഥിരതയിലേക്കും സമൃദ്ധിയിലേക്കും രാജ്യത്തെ നയിക്കാൻ രാജാവിന് ആരോഗ്യവും സന്തോഷവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമെന്ന് അദ്ദേഹം പ്രാർഥിച്ചു. ബഹ്റൈനും രാജ്യത്തെ ജനങ്ങൾക്കും എക്കാലവും സുരക്ഷയും പുരോഗതിയും സമൃദ്ധിയും അദ്ദേഹം ആശംസിച്ചു.
പ്രാർഥനകൾക്കും പ്രഭാഷണത്തിനും ശേഷം രാജാവ് വിശ്വാസികൾക്ക് ആശംസകൾ കൈമാറി. രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ അനുഗ്രഹങ്ങളും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് കൂടുതൽ മഹത്ത്വം കൈവരിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.