ഷേരിയും സാഫിയും പിടിക്കുന്നതിന് ഇന്നുമുതൽ നിരോധനം
text_fieldsമനാമ: ഷേരി, സാഫി, അൻഡക് എന്നീ മത്സ്യങ്ങൾ പിടിക്കുന്നതിന് ഇന്നു മുതൽ നിരോധനം. ഏപ്രിൽ, മേയ് മാസങ്ങളിൽ ഈ മത്സ്യങ്ങൾ പിടിക്കുന്നതിന് നിരോധനമേർപ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഈ വർഷത്തെ നിരോധനം മേയ് മുതലാക്കി മാറ്റുകയായിരുന്നു. സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമാണ് ബഹ്റൈനിൽ മാത്രം കാണുന്ന ഈ മത്സ്യങ്ങൾ പിടിക്കുന്നതിന് അവയുടെ പ്രജനനകാലത്ത് വിലക്കേർപ്പെടുത്തുന്നത്.ചെമ്മീനുകളുടെയും ഞണ്ടുകളുടെയും കയറ്റുമതിയും ഇക്കാലയളവിൽ നിരോധിച്ചിരുന്നു. സുപ്രീം കൗൺസിൽ ഫോർ എൻവയേൺമെന്റ് (എസ്.സി.ഇ) പ്രസിഡന്റ് ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഞണ്ടുകളും ജെല്ലിഫിഷുകളും ഒഴികെ, എല്ലാ കടൽവിഭവങ്ങൾക്കും കയറ്റുമതി നിരോധനമുണ്ട്. ശീതീകരിച്ചതോ, ഉപ്പിട്ടതോ, ടിന്നിലടച്ചതോ ആയാലും കയറ്റുമതി നിരോധനം ബാധകമാണ്.എന്നാൽ മത്സ്യകൃഷി ഫാമുകളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് നിരോധനം ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.
നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾ ഈ മീനുകൾ വലയിൽ കുടുങ്ങിയാൽ അവയെ കടലിലേക്ക് തന്നെ വിടണം.ആന്റി ഓക്സിഡന്റുകളാലും അവശ്യ അമിനോ ആസിഡുകളാലും സമ്പന്നമാണ് സാഫി. പാകം ചെയ്യുമ്പോൾ മാംസം ഉറച്ചുനിൽക്കും. ഏത് കറികൾക്കും അനുയോജ്യമായതിനാൽ സാഫിക്ക് ഡിമാൻഡ് ഏറെയാണ്.
അമിതമായ മത്സ്യബന്ധനം, ട്രോളിങ്, ഡ്രഡ്ജിങ്, ഡ്രില്ലിങ്, നിലംനികത്തൽ പ്രവർത്തനങ്ങൾ മൂലം മൽസ്യസമ്പത്തിന് കുറവുവരുന്നതായ പരാതികളെത്തുടർന്നാണ് നിരോധനമേർപ്പെടുത്തിയത്.എന്നാൽ മത്സ്യബന്ധന നിരോധനം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളി സമൂഹം നിവേദനം നൽകിയിട്ടുണ്ട്. 1200 ഫിഷിങ് ലൈസൻസുകളാണ് കാർഷിക മന്ത്രാലയം നിലവിൽ നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.