നൂതന മാർഗങ്ങളുമായി കൊള്ളപ്പലിശക്കാർ സജീവം
text_fieldsമനാമ: പ്രവാസികളെ ലക്ഷ്യമിട്ട് പ്രവാസികൾ തന്നെ നടത്തുന്ന കൊള്ളപ്പലിശ സംഘങ്ങൾ ബഹ്റൈനിൽ വീണ്ടും സജീവം.പലിശ വിരുദ്ധ സമിതിയുടെയും സാമൂഹിക, മത സംഘടനകളുടെയും നിരന്തര പ്രവർത്തനങ്ങൾ കൊണ്ട് ഇടക്കാലത്ത് കൊള്ളപ്പലിശയുടെ കെണിയിൽ പെടുന്ന സംഭവങ്ങൾ കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ രാജ്യത്തിെൻറ പല ഭാഗങ്ങളിലും പലിശക്കാർ സജീവമായതായാണ് വിവരം.
പല നൂതന മാർഗങ്ങളുമായാണ് ഇവർ പ്രവർത്തനം നടത്തുന്നത്. സാധാരണ ജോലികൾ ചെയ്യുന്ന ആളുകളെ വൈകീട്ട് പാർട്ട്ടൈം ജോലിക്കായി നിയമിച്ച് പണപ്പിരിവ് നടത്തുന്നവരുണ്ട്. കച്ചവടക്കാർക്കും മറ്റും ദിവസത്തിെൻറ അടിസ്ഥാനത്തിൽ പണം നൽകുന്നവരാണ് ഇതിനായി പാർട്ട്ടൈം ജോലിക്കാരെ നിയമിക്കുന്നത്. കാലത്ത് 100 ദിനാർ നൽകി വൈകീട്ട് 110 ദിനാർ വാങ്ങുന്ന രീതിയാണിവർ തുടരുന്നത്.
വ്യാപാര രംഗത്തുള്ള ചിലരും വലിയ തുക കൊള്ളപ്പലിശക്ക് നൽകുന്നതായാണ് വിവരം. ഇവർ സ്വർണവ്യാപാര മേഖലയിലേക്കാണ് പണം നൽകുന്നത്. ഇവിടെ ഇടനിലക്കാരുണ്ട്. അവരിൽ നിന്നാണ് സാധാരണ കച്ചവടക്കാർ പണം കൈപ്പറ്റുന്നത്. ഫലത്തിൽ, ഇങ്ങനെ പണം വാങ്ങുന്നവർ രണ്ട് തട്ടുകളിലായി ചൂഷണം െചയ്യപ്പെടുകയാണ്.
ലേബർ ക്യാമ്പുകളിലും മറ്റുമുള്ള ചില സാധാരണ തൊഴിലാളികൾ വരെ ഇൗ രംഗത്ത് സജീവമായിട്ടുണ്ട്. പത്തോ പതിനഞ്ചോ പേർ ചേർന്ന് ചെറിയ തുകവീതം സമാഹരിച്ച് ഇത് പലിശക്ക് നൽകുന്ന രീതിയാണ് ഇവർ അനുവർത്തിക്കുന്നത്. ഇങ്ങനെ 1000 ദിനാറിന് 100 ദിനാർ പ്രതിമാസം പലിശലഭിക്കുേമ്പാൾ അതും സമാഹരിച്ച് വീണ്ടും പലിശക്ക് നൽകുന്നു. സഹപ്രവർത്തകർ തന്നെയാണ് ഇവരുടെ ഇരകൾ. ഇത്തരം സാഹചര്യത്തിൽ പണം വാങ്ങുന്ന ആളിെൻറ എ.ടി.എം കാർഡ് പലിശസംഘം വാങ്ങിവെക്കും. ശേഷം എല്ലാ മാസവും ശമ്പളം വരുേമ്പാൾ പലിശ തുക കിഴിച്ചുള്ള പണം ഇവരാണ് തൊഴിലാളിക്ക് നൽകുക.
നാട്ടിലും ബഹ്റൈനിലുമായി കൊള്ളസംഘം പോലെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളുണ്ട്. മുദ്രപത്രത്തിലെ ഒപ്പും നാട്ടിലും ഇവിടെയുമുള്ള ബ്ലാങ്ക് ചെക്കും ഇൗടായി സ്വീകരിച്ചാണ് ഇവർ പണം നൽകുന്നത്.സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സമീപിക്കാൻ ഇവർക്ക് ഏജൻറുമാരുണ്ട്.തുടർച്ചയായി പലിശ നൽകുന്നത് തെറ്റിയാൽ ഇവർ കടം വാങ്ങിയ ആളോട് നാട്ടിലെ സ്ഥലം രജിസ്റ്റർ ചെയ്തുതരാൻ ആവശ്യപ്പെടും. ആദ്യം വാങ്ങിയ പണത്തിെൻറ ബാധ്യത തീർക്കാൻ പിന്നീട് സ്ഥലം ഇൗടായി സ്വീകരിച്ച് വീണ്ടും പണം കൊടുക്കുന്ന വിരുതൻമാർ നിരവധിപേരുണ്ട്. നാട്ടിൽ ഇവർക്ക് ക്വേട്ടഷൻ സംഘങ്ങളുമായി ബന്ധമുണ്ട്. മാനഹാനിയും ഭയവും മൂലം ഇത്തരം പ്രശ്നങ്ങൾ ഇരകൾ പുറത്തുപറയാറില്ല എന്നതാണ് വാസ്തവം. ഒരു സാഹചര്യത്തിലും പലിശക്കാരുടെ കെണിയിൽ പെടാതിരിക്കാനുള്ള നിശ്ചയദാർഡ്യം പ്രവാസികൾ കാണിക്കേണ്ടതുണ്ടെന്ന് പലിശവിരുദ്ധ സമിതി ഭാരവാഹിയായ യോഗാനന്ദ് പറഞ്ഞു. നിയമത്തിെൻറ കണ്ണുവെട്ടിച്ചാണ് പലിശക്കാർ പ്രവർത്തിക്കുന്നത്. അതുകൊണ്ട് കേസിന് പോയാൽ പോലും ഇവർ രക്ഷപ്പെടുന്ന സാഹചര്യമുണ്ട്. നാട്ടിലെ നിയമപോരാട്ടങ്ങളെ അപേക്ഷിച്ച് ഇവിടെ നടത്താവുന്ന പ്രതിരോധങ്ങൾക്ക് പരിമിതിയുമുണ്ട്. ഇൗ സാഹചര്യം മുതലെടുത്താണ് പലിശക്കാർ വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻ സർക്കാറിെൻറ കാലത്ത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപം നൽകിയ ‘ഒാപറേഷൻ കുബേര’ സജീവമായപ്പോൾ പലിശ വിരുദ്ധ സമിതി പ്രവാസലോകത്തെ പലിശക്കാരുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കി മന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ബഹ്റൈനിലെ തദ്ദേശീയ പലിശ വിരുദ്ധ സംഘടനകളുമായി ചേർന്ന് ഇൗ വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന കാര്യം ഇവർ പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.