ബാപ്‌കോ എനർജീസ് ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: ഓയിൽ ആൻഡ് ഗ്യാസ് ഹോൾഡിംഗ് കമ്പനിയുടെ പുതിയ ബ്രാൻഡ് ഐഡന്റിറ്റിയായ ബാപ്‌കോ എനർജീസ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സമഗ്ര വികസന കാഴ്ചപ്പാടിനും എക്കണോമിക് വിഷൻ 2030 നും അനുസൃതമായി സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണത്തിനാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. എണ്ണ, വാതക മേഖലയിൽ നിക്ഷേപം നടത്തി സുസ്ഥിരമായ സാമ്പത്തികരംഗം ഉറപ്പാക്കുകയും പൗരന്മാർക്ക് അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
രാജ്യ പരോമതിക്ക് സഹായകരമായ രീതിയിൽ എണ്ണ, വാതക മേഖല കൈവരിച്ച നേട്ടത്തെ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അഭിനന്ദിച്ചു, ഓയിൽ ആൻഡ് ഗ്യാസ് ഹോൾഡിംഗ് കമ്പനിയുടെ (ബാപ്‌കോ എനർജീസ്) ചെയർമാൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ ശ്രമങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ബാപ്‌കോ എനർജി, പരമ്പരാഗത ഓയിൽ ആൻഡ് ഗ്യാസ് ഹോൾഡിംഗ് കമ്പനി എന്നതിൽനിന്നും സാമ്പത്തികമായും പാരിസ്ഥിതികമായുമുള്ള ഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള മാറ്റമായിരിക്കും. പുനരുപയോഗ ഊർജ പദ്ധതികളിലേക്കും നിക്ഷേപങ്ങൾ സ്വീകരിച്ചുകൊണ്ടുള്ള സമഗ്ര മാറ്റമാണ് ലക്ഷ്യം. പുതിയ നിക്ഷേപങ്ങളും സാങ്കേതികസഹകരണങ്ങളും തൊഴിലവസരങ്ങളോടൊപ്പം രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയ്ക്കും അനുകൂലമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ബഹ്‌റൈൻ പെട്രോളിയം കമ്പനി (ബാപ്‌കോ), ബഹ്‌റൈൻ നാഷണൽ ഗ്യാസ് കമ്പനി (ബനാഗാസ്), ബഹ്‌റൈൻ നാഷണൽ ഗ്യാസ് എക്‌സ്‌പാൻഷൻ കമ്പനി (തൗസേ), ബഹ്‌റൈൻ ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനി (ബാഫ്‌കോ), തത്‌വീർ പെട്രോളിയം, ബാപ്‌കോ റീട്ടെയിൽ കമ്പനി (ബാപ്‌കോ റീട്ടെയിൽ കമ്പനി) എന്നിവയുൾപ്പെടെ ബാപ്‌കോ എനർജിസിന് കീഴിൽ നിലവിലുള്ള കമ്പനികൾ മൂന്ന് വർഷത്തിനുള്ളിൽ ഏഴ് ബിസിനസ്സുകളായി സംയോജിപ്പിച്ച് റീബ്രാൻഡ് ചെയ്യും.
ഉദ്ഘാടനച്ചടങ്ങിൽ ഹ്യൂമാനിറ്റേറിയൻ വർക്ക്സ് ആൻഡ് യൂത്ത് അഫയേഴ്‌സിനുവേണ്ടിയുള്ള രാജാവിന്റെ പ്രതിനിധിയും ഓയിൽ ആൻഡ് ഗ്യാസ് ഹോൾഡിംഗ് കമ്പനി (ബാപ്‌കോ എനർജീസ്) ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ബാപ്‌കോ എനർജീസ് ഉദ്ഘാടനം നിർവഹിക്കാനെത്തുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.