കരിമ്പിൻമധുരം വിതറി ബഷീർ അമ്പലായി
text_fieldsമനാമ: കത്തുന്ന ചൂടിൽ കരിമ്പിന്റെ മധുരം വിതറി സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായി. മാഹൂസിലെ ജോലിസ്ഥലത്ത് കൃഷിചെയ്ത കരിമ്പ് വിളവെടുത്തതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം. കൃഷിയോട് താൽപര്യമുള്ള ബഷീർ അമ്പലായി വർഷങ്ങൾക്കുമുമ്പ് നട്ടതാണ് കരിമ്പ്.
മൂത്ത് പാകമായ കരിമ്പിൻ തണ്ടുകൾ കഴിഞ്ഞ ദിവസമാണ് വിളവെടുത്തത്. മധുരമുള്ള കരിമ്പിൻ തണ്ടുകൾ സുഹൃത്തുക്കൾക്ക് എത്തിച്ചുനൽകുന്നതിലാണ് ഇദ്ദേഹം സന്തോഷം കണ്ടെത്തുന്നത്. ഒരുചുവട് കരിമ്പിൽനിന്ന് ഇരുപതോളം തണ്ടുകൾ മുളപൊട്ടാറുണ്ട്. പച്ചപ്പണിഞ്ഞ് നിൽക്കുന്ന കരിമ്പ് ചെടികൾ കാണുന്നതുതന്നെ മനസ്സിന് ആഹ്ലാദം പകരുന്നതാണ്. കരിമ്പിനൊപ്പം ഹോളണ്ടിൽനിന്നുള്ള ഞാവലും ഇദ്ദേഹം നട്ടുവളർത്തുന്നുണ്ട്.
കോവിഡ്കാലത്ത് സാമൂഹിക പ്രവർത്തനത്തിനിടെ ലഭിച്ചതാണ് ഞാവൽ വിത്തുകൾ. വളർന്ന് വലുതായ ഞാവൽചെടികൾ ഇപ്പോൾ പൂത്തുതുടങ്ങി. മണ്ണിൽ ചാണകം ചേർത്താണ് ചെടികൾ നടുന്നത്. പിന്നീട് വെള്ളം ഒഴിച്ചുകൊടുക്കുന്നതുൾപ്പെടെ ചെറിയ തോതിലുള്ള പരിചരണം മതിയാകും.
ഏപ്രിൽ-മേയ് മാസങ്ങളിലാണ് ബഹ്റൈനിൽ ഈന്തപ്പനയും കണിക്കൊന്നയും മുരിങ്ങയും ഉൾപ്പെടെ മിക്ക വിളകളും കായ്ച്ചുതുടങ്ങുന്നതും വിളവെടുക്കുന്നതും. അൽപം മനസ്സുണ്ടെങ്കിൽ ബഹ്റൈനിലും വിജയകരമായ പച്ചക്കറികളും മറ്റും കൃഷി ചെയ്യാമെന്നാണ് അനുഭവം പഠിപ്പിക്കുന്നതെന്ന് ബഷീർ അമ്പലായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.