വേനലിൽ കുളിർമയായി ബീച്ച് ഫെസ്റ്റിവൽ
text_fieldsമനാമ: ബീച്ച് ഫെസ്റ്റിവൽ ബഹ്റൈൻ വിനോദസഞ്ചാര മേഖലയിൽ പുതിയ അനുഭവമാണെന്ന് ടൂറിസം അതോറിറ്റി അധികൃതർ. എല്ലാവർക്കും ഫെസ്റ്റിവൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മാധ്യമ പ്രവർത്തകർ, ഫോട്ടോഗ്രാഫർമാർ, പ്രാദേശിക വ്ലോഗർമാർ എന്നിവർക്കായി ഒരുക്കിയ പ്രത്യേക ബീച്ച് ട്രിപ്പിൽ സംസാരിക്കവേയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
ബഹ്റൈനിൽ ആദ്യമായാണ് ജലകായിക വിനോദങ്ങൾ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ വിവിധ ജല കായിക പരിപാടികൾ സംഘം വീക്ഷിക്കുകയും മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ചെറു തോണികളിലെ സഞ്ചാരം, പെഡൽ ബോർഡ് സ്റ്റാൻഡിങ് തുഴച്ചിൽ, കയാക് വഞ്ചിതുഴയൽ, നോർമൽ വാട്ടർ മോട്ടോർ റേസിങ് തുടങ്ങിയവയാണ് ടൂറിസം അതോറിറ്റി നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പരിശീലനം, ഉപകരണങ്ങൾ വാടകക്ക് നൽകൽ എന്നിവയും ലഭ്യമാണ്.
വൈകുന്നേരങ്ങളിൽ തീരപ്രദേശം കേന്ദ്രീകരിച്ച് പരിപാടികൾ, ലൈറ്റ് ഷോ തുടങ്ങിയവയും ജനങ്ങളെ ഏറെ ആകർഷിക്കുന്നവയാണ്. വേനൽക്കാലത്ത് ആശ്വാസം കണ്ടെത്താൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബഹ്റൈൻ ടൂറിസം അതോറിറ്റിയിലെ മാർക്കറ്റിങ് ആൻഡ് പ്രമോഷൻ ഡയറക്ടർ മർയം ടൂറാനി വ്യക്തമാക്കി. എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന തരത്തിലുള്ള കൂടുതൽ വിനോദ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള ആലോചനയുണ്ടെന്നും അവർ പറഞ്ഞു. ആഭ്യന്തര, വൈദേശിക ടൂറിസ്റ്റുകൾ, ബഹ്റൈൻ പൗരന്മാർ, പ്രവാസി സമൂഹം എന്നിവരെ പരമാവധി തീരപ്രദേശങ്ങളിലേക്ക് ആകർഷിക്കാൻ പദ്ധതിവഴി സാധ്യമായതായി അവർ ചൂണ്ടിക്കാട്ടി. എല്ലാ വർഷവും വേനൽക്കാലത്ത് ആകർഷക മേളകളും വിനോദങ്ങളുമായി ഫെസ്റ്റിവൽ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
ജൂലൈ ഏഴിന് ആരംഭിച്ച ബീച്ച് ഫെസ്റ്റിവൽ ആഗസ്റ്റ് 27 വരെ തുടരും. ജസായിർ ബീച്ച്, മറാസി ബീച്ച്, വാട്ടർ ഗാർഡൻ സിറ്റി ബീച്ച് എന്നിവിടങ്ങളിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.