പക്ഷാഘാതം ബാധിച്ച് കിടപ്പിലായി; അഞ്ചു മാസത്തിനൊടുവിൽ ശ്യാം ബാബു നാടണഞ്ഞു
text_fieldsമനാമ: പക്ഷാഘാതം ബാധിച്ച് അഞ്ചുമാസത്തോളം ബഹ്റൈനിൽ കിടപ്പിലായ ഉത്തർപ്രദേശ് സ്വദേശി നാടണഞ്ഞു. ശ്യാം ബാബുവാണ് (46) സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ കഴിഞ്ഞദിവസം നാട്ടിലെത്തി കുടുംബത്തോടൊപ്പം വീണ്ടും ഒന്നിച്ചത്.
ബഹ്റൈനിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്), ബഹ്റൈൻ ആരോഗ്യമന്ത്രാലയം, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എന്നിവ സഹകരിച്ച് ഒരു ഡോക്ടറുടെ അകമ്പടിയിൽ വൈദ്യസഹായത്തോടെയാണ് ശ്യാം ബാബു ജന്മനാട്ടിലെത്തിയത്.
ഉത്തർപ്രദേശിലെ ഉന്നാവോ സ്വദേശിയായ ശ്യാം ബാബു ഗുഫൂളിലെ അലക്കുകടയിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ കടയുടെ സമീപത്ത് കുഴഞ്ഞുവീഴുകയും സൽമാനിയ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അന്നുമുതൽ അദ്ദേഹത്തെ നാട്ടിലെത്തിക്കണമെന്ന് കുടുംബം അഭ്യർഥിക്കുകയായിരുന്നുവെന്ന് ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു.
എന്നാൽ, ആ സമയത്ത് അദ്ദേഹത്തെ കൊണ്ടുപോകാൻ ശാരീരിക സ്ഥിതി അനുവദിച്ചില്ല. ഇപ്പോൾ കുടുംബം ഒന്നിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ട്രെച്ചറിനും വൈദ്യസഹായത്തിനുമായി വിമാനത്തിലെ ഒമ്പതു സീറ്റുകൾ മാറ്റിവെക്കാൻ എയർലൈൻ സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശ്യാം ബാബുവിനെ പരിചരിച്ചതിന് ബഹ്റൈൻ സർക്കാറിനും, അദ്ദേഹത്തിനും കുടുംബത്തിനും നൽകിയ സഹായത്തിന് ഐ.സി.ആർ.എഫിനും നന്ദി അറിയിക്കുന്നതായി ശ്യാം ബാബുവിന്റെ ബന്ധു ജിതേന്ദ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.