അധ്യയന വർഷാരംഭം: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി
text_fieldsറോഡുകളിലും സിഗ്നലുകളിലും കൂടുതൽ ട്രാഫിക് പൊലീസുകാരെ വിന്യസിച്ചു
മനാമ: പുതിയ അധ്യയന വർഷാരംഭത്തിെൻറ പശ്ചാത്തലത്തിൽ റോഡ് സുരക്ഷ ശക്തമാക്കിയതായി ട്രാഫിക് വിഭാഗം അറിയിച്ചു. സ്കൂൾ വാഹനങ്ങളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും വാഹനങ്ങളും റോഡിലിറങ്ങുന്നത് കാരണം ഗതാഗതക്കുരുക്കിന് കാരണമാകാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് വിവിധ റോഡുകളിലും സിഗ്നലുകളിലും കൂടുതൽ ട്രാഫിക് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ സ്കൂളുകൾക്ക് സമീപമുള്ള റോഡുകളിൽ കമ്യൂണിറ്റി പൊലീസിെൻറ സഹായവുമുണ്ടാകും. വിവിധ സ്കൂളുകളിലെ ഡയറക്ടർമാരുമായി ബന്ധപ്പെട്ട് അതത് സ്കൂളുകളിലെ സുരക്ഷാ ജീവനക്കാരുടെ സഹകരണവും തേടിയിട്ടുണ്ട്. സ്കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവൽക്കരണത്തിനായി ലഘുലേഖകൾ വിതരണം ചെയ്തു.
സ്കൂളുകൾ തുറക്കുന്നതിെൻറ ഭാഗമായി റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും നിരവധി നടപടികൾ സ്വീകരിച്ചതായി പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയം അറിയിച്ചു. സ്കൂളുകളോട് ചേർന്ന റോഡുകളിൽ ഗതാഗതത്തിരക്ക് കുറക്കാനുള്ള നടപടികളാണ് മുഖ്യമായും എടുത്തിട്ടുള്ളത്.
മുഹറഖ് അബ്ദുൽ റഹ്മാൻ അൽ നാസർ സ്കൂളിന് സമീപത്തെ അബ്ദുൽ റഹ്മാൻ അൽ ഫാദെൽ റോഡിൽ മധ്യ നടപ്പാത നിർമിച്ചു. ഗുദൈബിയ റബാ അൽ അദാവിയ സ്കൂളിലേക്കുള്ള ഇടനാഴിയുടെയും സിത്ര സ്കൂളിനോട് ചേർന്ന റോഡുകളുടെയും അൽ ദിറാസ് പ്രൈമറി സ്കൂളിന്സമീപത്തെ നടപ്പാതയുടെ ഇരുമ്പ് കൈവരിയുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കി.
റിഫ ചിൽഡ്രൻസ് അക്കാദമി സ്കൂളിന് കാർ പാർക്ക് നിർമിച്ചു. വാദി അൽ ബുഹൈർ അമേരിക്കൻ സ്കൂളിലേക്ക് റോഡ് നിർമിക്കുകയും ചെയ്തു. ഇതിന് പുറമേ, നിരവധി സ്കൂളുകൾക്ക് സമീപം റോഡുകളിൽ വേഗം കുറക്കാൻ ഹമ്പുകൾ സ്ഥാപിച്ചു.
റോഡുകളിലെ ട്രാഫിക് ലൈറ്റുകളുടെ കാര്യക്ഷമതയും ഉറപ്പുവരുത്തി. സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചകളിൽ ട്രാഫിക് ലൈറ്റ് ടെക്നീഷ്യൻമാരുടെ സേവനം ലഭ്യമാക്കാൻട്രാഫിക് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ ഗതാഗതത്തിരക്കുള്ള സമയങ്ങളിൽ ബദൽ പാതകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.