പെരുന്നാൾ സന്തോഷത്തിൽ വിശ്വാസി സമൂഹം
text_fieldsമനാമ: 30 ദിവസത്തെ വ്രതാനുഷ്ഠാന പരിസമാപ്തിക്ക് ശേഷം കടന്നു വരുന്ന പെരുന്നാൾ വിശ്വാസികളുടെ മനസ്സിലും സാമൂഹികാന്തരീക്ഷത്തിലും പെരുത്ത് സന്തോഷം നിറക്കുന്നു. നോമ്പിലൂടെയും പ്രാർഥനകളിലൂടെയും ആത്മ സംസ്കരണത്തിന്റെ വിവിധ കൈവഴികൾ തേടിയ യാത്രയിൽ അവർക്ക് കരുത്തായത് ഖുർആൻ പാരായണം ചെയ്തുള്ള രാത്രി നമസ്കാരവും അവസാന 10 ദിവസം ആരാധനാലയങ്ങളിൽ അധിക സമയവും ചെലവഴിച്ചു കൊണ്ടുള്ള 'ഇഅ്തികാഫു'മൊക്കെയായിരുന്നു.
പാപങ്ങൾ പൊറുക്കപ്പെടുന്നതിനും നിർമല മനസ്സോടെ ദൈവത്തെ സമീപിക്കാനുമുള്ള കരുത്താണ് നോമ്പ് പകർന്ന് നൽകിയത്. നോമ്പിൽ വന്നു പോയ വീഴ്ചകൾക്ക് പകരമായി പാവപ്പെട്ടവർക്ക് മുഖ്യ ആഹാര പദാർഥം നൽകി ഈദ് ദിനത്തിലെ പട്ടിണി ഒഴിവാക്കാനുള്ള 'ഇഫ്താർ സകാത്' കൂടി നൽകിയാണ് വിശ്വാസികൾ ആരാധനാലയങ്ങളിലേക്കും ഈദ് ഗാഹുകളിലേക്കും നമസ്കാരത്തിനായി പുറപ്പെടുന്നത്. അല്ലാഹു അക്ബർ.. അല്ലാഹു അക്ബർ... എന്ന് തുടങ്ങുന്ന വചനങ്ങൾ നമസ്കാരത്തിന് മുമ്പായി സംഘം ചേർന്ന് ഉച്ചത്തിൽ ചൊല്ലി ദൈവത്തെ വാഴ്ത്തുകയും പ്രാർഥിക്കുകയും ചെയ്യുന്നു. വിവിധ പള്ളികളിൽ പെരുന്നാൾ നമസ്കാരം നടക്കുന്നതോടൊപ്പം കുടുംബങ്ങൾക്കും നാട്ടുകാർക്കും ഒന്നിച്ച് സന്തോഷം പങ്കുവെക്കാനുള്ള വേദികളാവുകയാണ് ഈദ് ഗാഹുകൾ.
പൊതുവായ ഈദ് ഗാഹുകൾ അനുവദിച്ചത് പോലെ വിവിധ സ്കൂളുകളും ക്ലബുകളും കേന്ദ്രീകരിച്ച് പ്രവാസി സമൂഹത്തിന് പ്രത്യേക ഈദ് ഗാഹുകൾക്കും അംഗീകാരം നൽകിയിട്ടുണ്ട്.
മുഹറഖ് മഖ്ബറക്ക് സമീപമുള്ള ഗ്രൗണ്ട്, കിങ് ഹമദ് റോയൽ മെഡിക്കൽ കോളജിന് സമീപമുള്ള കാർപാർക്ക് ഗ്രൗണ്ട്, അറാദ് ഫോർട്ടിന് സമീപമുള്ള ഗ്രൗണ്ട്, റിഫ ഫോർട്ടിന് സമീപമുള്ള ഗ്രൗണ്ട്, ഹമദ് ടൗൺ 17 ാം റൗണ്ട് എബൗട്ടിന് സമീപമുള്ള ഗ്രൗണ്ട്, ബുദയ്യ വാക്വേക്ക് സമീപമുള്ള ഗ്രൗണ്ട്, സൽമാൻ സിറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പൊതുവായി ഈദ് ഗാഹുകൾ സുന്നീ ഔഖാഫിന് കീഴിൽ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രവാസി സമൂഹത്തിനായി ഹൂറ ഉമ്മു ഐമൻ സ്കൂൾ, ഗുദൈബിയ അബ്ദുറഹ്മാൻ അദ്ദാഖിൽ സ്കൂൾ, ഈസ്റ്റ് റിഫ ബോയ്സ് സ്കൂൾ, ഉമ്മുൽ ഹസം ക്ലബ്, മാലികിയ്യ സ്കൂൾ ഫോർ ബോയ്സ്, ഇന്ത്യൻ സ്കൂൾ ഈസ ടൗൺ, ഹമദ് ടൗൺ യൂത്ത് സെന്‍റർ, സിത്ര ഹാലത് ഉമ്മുൽ ബൈദ് പള്ളിക്ക് എതിർവശമുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഒരുക്കിയിട്ടുള്ളത്.
റമദാനിൽ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും ഇഫ്താറുകൾ സ്നേഹവും ഒത്തൊരുമയും പ്രസരിപ്പിക്കുന്ന വേദിയായി മാറിയെങ്കിൽ പെരുന്നാൾ ദിനങ്ങളിൽ വിവിധ സംഘടനകളുടെ കീഴിൽ കലാസ്വാദന സദസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്മാരുടെ സംഗമ ദിനങ്ങളായി മാറും ഈദ് ദിനങ്ങൾ.
വിഷു, ഈസ്റ്റർ ആഘോഷങ്ങളും ഈദ് അവധി ദിനങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. രണ്ട് വാരാന്ത്യ അവധി ദിനങ്ങൾക്കിടയിലെ ഏക പ്രവൃത്തി ദിനമായ മെയ് അഞ്ച് വ്യാഴം അവധി തരപ്പെടുത്തി കുറഞ്ഞ ദിവസത്തേക്ക് നാട്ടിലെത്തി കുടുംബമൊന്നിച്ച് പെരുന്നാൾ ആഘോഷിക്കാൻ പോയ നിരവധി പ്രവാസികളുമുണ്ട്. പാരസ്പര്യത്തിന്റെ നറുമണം അന്യം നിന്ന് പോവുന്ന കാലഘട്ടത്തിലും സ്നേഹത്തിന്‍റെ പൂമണം പരത്താനുള്ള പ്രവാസി കൂട്ടായ്മകളുടെ ശ്രമങ്ങൾ എന്തുകൊണ്ടും അനുകരണീയമാണ്. സാഹോദര്യത്തിന്‍റെ പട്ടുറുമാലുകൾ അന്തരീക്ഷത്തിലുയർത്തി കാലുഷ്യത്തെ അകറ്റാൻ സാധിക്കുന്ന ദിനങ്ങളായിട്ടാണ് ആഘോഷ അവസരങ്ങളെ പ്രവാസികൾ കൊണ്ടാടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.