ബഹ്റൈൻ എയർപോർട്ടിന് മികച്ച എയർപോർട്ട് സ്റ്റാഫ് ബഹുമതി
text_fieldsമനാമ: മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ട് സ്റ്റാഫ് ബഹുമതി ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിന്. സ്കൈട്രാക്സിന്റെ 2024 വേൾഡ് എയർപോർട്ട് അവാർഡ് തുടർച്ചയായ രണ്ടാം വർഷമാണ് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിന് ലഭിക്കുന്നത്. വ്യോമരംഗത്തെ അഭിമാനകരമായ അംഗീകാരമാണ് ഈ അവാർഡ്. ആഗോള വിമാനത്താവള ഉപഭോക്തൃ സംതൃപ്തി സർവേയുടെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണയിക്കുന്നത്.
ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിന് (ബി.ഐ.എ) വേണ്ടി ഗൾഫ് എയർ ഗ്രൂപ് (ജി.എഫ്.ജി) ചെയർമാൻ സായിദ് അൽസയാനിയും ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അൽ ബിൻഫലയും അവാർഡ് ഏറ്റുവാങ്ങി.
പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ബി.ഐ.എക്ക് തുടർച്ചയായ മൂന്നാം തവണ 5 സ്റ്റാർ എയർപോർട്ട് റേറ്റിങ്ങും ലഭിച്ചു. 2000ലാണ് വേൾഡ് എയർപോർട്ട് അവാർഡുകൾ പ്രഖ്യാപിച്ചു തുടങ്ങിയത്.
എയർപോർട്ട് വ്യവസായത്തിലെ മികവിനുള്ള അംഗീകാരമാണിത്. 60ലധികം രാജ്യങ്ങളിലെ വിമാനയാത്രക്കാരിൽ നടത്തുന്ന ആഗോള സർവേയെ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണയിക്കുന്നത്. ചെക്ക്-ഇൻ, സുരക്ഷ, ഷോപ്പിങ്, ഡിപ്പാർച്ചർ എന്നിവ ഉൾപ്പെടെയുള്ള ഉപഭോക്തൃ അനുഭവത്തിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്റെ പ്രാഥമിക പ്രവർത്തന കേന്ദ്രമാണ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം.
വിമാനത്താവളത്തിന്റെ നിർമാണവും തുടർന്നുള്ള പ്രവർത്തനങ്ങളും 2021ൽ പൂർത്തിയായി. 14 ദശലക്ഷം യാത്രക്കാരാണ് വർഷത്തിൽ എയർപോർട്ട് ഉപയോഗിക്കുന്നത്. തുടർച്ചയായ രണ്ടാം വർഷവും അവാർഡ് ലഭിച്ചത് അഭിമാനകരമാണെന്ന് ഗൾഫ് എയർ ഗ്രൂപ് (ജി.എഫ്.ജി) ചെയർമാൻ സായിദ് അൽസയാനി പറഞ്ഞു. ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു. എയർപോർട്ട് വഴി സഞ്ചരിക്കുന്ന സന്ദർശകർക്കും യാത്രക്കാർക്കും വ്യതിരിക്തവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം നൽകാനുള്ള അവരുടെ പ്രതിബദ്ധത പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.