ബഹ്റൈനിൽ മലയാളികൾ കണികണ്ടും സദ്യയുണ്ടും വിഷു ആഘോഷിച്ചു
text_fieldsമനാമ: ബഹ്റൈനിലെ മലയാളി സമൂഹം വിഷു ആഘോഷിച്ചു. കണികണ്ടും കൈനീട്ടം നൽകിയും സദ്യയുണ്ടും ആഘോഷം പൊടിപൊടിച്ചു. പ്രധാന ക്ഷേത്രങ്ങളിൽ കണികാണലും പ്രത്യേക പൂജകളും നടന്നു. കാനു ഗാർഡൻ അയ്യപ്പ ക്ഷേത്രത്തിൽ വിഷുദിനത്തിൽ രാവിലെ 4.30 മുതൽ ക്ഷേത്രം തുറന്ന് കണികാണലിന് അവസരം നൽകി. വൈകുന്നേരം ഭജനയും അന്നദാനവും നടത്തി. അറാദ് ശ്രീ അയ്യപ്പക്ഷേത്രത്തിൽ രാവിലെ 4.30 ന് വിഷുക്കണി ആരംഭിച്ചു. വൈകിട്ട് വിശേഷാൽ പൂജ. ഭജന. മഹാപ്രസാദം എന്നിവയും നടന്നു.
സൽമാനിയ ഇരിങ്ങൽ അയ്യപ്പക്ഷേത്രത്തിൽ രാവിലെ നാലിന് വിഷുക്കണി ചടങ്ങ് ആരംഭിച്ചു. ഇവിടെ എത്തുന്ന എല്ലാ ഭക്തർക്കും വിഷുക്കൈനീട്ടവും ലഭിച്ചു. ദീപാരാധന, പൂജ, നവധാന്യ പറനിറ എന്നിവയും ഉണ്ടായിരുന്നു. വിഷുക്കണി കാണാൻ നാട്ടിൽ ഉള്ള എല്ലാ വസ്തുക്കളും ബഹ്റൈനിലെ ക്ഷേത്രങ്ങളിലും കരുതിയിരുന്നു. ചക്ക, മാങ്ങ, ഉണക്കലരി, നെല്ല്, ഒാട്ടുരുളി, നിലവിളക്ക്, നാളികേരം, വാൽക്കണ്ണാടി, നാണയങ്ങൾ, സ്വർണ്ണക്കസവ്, വെറ്റില, അടയ്ക്ക, കൺമഷി, കുങ്കുമം,പച്ചക്കറി വിത്തുകൾ, നാളികേരം, തുടങ്ങിയവയും നിരന്നു. വിഷു ആഘോഷത്തിെൻറ ഭാഗമായി കോഴിക്കോട് സ്റ്റാഴ്സിൽ നടന്ന പ്രത്യേക വിഷു സദ്യയുണ്ണാൻ നൂറ് കണക്കിന് കുടുംബങ്ങളാണ് എത്തിയത്. ഇവിടെ രാവിലെ 11 മുതൽ വൈകുന്നേരം നാലുവരെ നീണ്ടു ആൾത്തിരക്ക്. ലുലു ഹൈപ്പർമാർക്കറ്റിൽ വിഷു സദ്യയുടെ വിപണനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.