അതിരുകൾ ഭേദിച്ച സൈക്കിൾ റൈഡ്: യു.എ.ഇയിൽനിന്ന് ഒമാനിലേക്ക് സൈക്കിൾ ചവിട്ടി മലയാളികൾ
text_fieldsദുബൈ: കുത്തനെയുള്ള കയറ്റവും കുത്തിറക്കവും ചുടുകാറ്റും മലനിരകളും ഓഫ്റോഡും താണ്ടിയുളള 24 മണിക്കൂർ യാത്ര, 120 കിലോമീറ്റർ റൈഡ്. മലപ്പുറം ചങ്ങരംകുളംകാരൻ കെ.വി. മുർഷിദും കണ്ണൂരുകാരൻ ഇബ്രാഹീം കുട്ടിയും റാസൽഖൈമയിൽനിന്ന് ചവിട്ടിക്കയറിയത് ചരിത്രത്തിലേക്ക്. യു.എ.ഇയിൽനിന്ന് സൈക്കിളിൽ ഒമാൻ അതിർത്തികടക്കുന്ന അപൂർവം മലയാളികളെന്ന റെക്കോഡുമായാണ് മുർഷിദും ഇബ്രാഹീം കുട്ടിയും തിരിച്ചെത്തിയിരിക്കുന്നത്. ഒരുദിവസത്തെ യാത്രക്കും ഭക്ഷണത്തിനും വിസക്കും താമസത്തിനും ഒരാൾക്ക് ചെലവായത് 220 ദിർഹം മാത്രം.
വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിനാണ് റാസൽഖൈമയിലെ ശാം റംസിൽനിന്ന് യാത്ര തുടങ്ങിയത്. അഞ്ച് കിലോമീറ്റർ അപ്പറുത്ത് അൽജീറയിലെ അതിർത്തി ചെക്പോസ്റ്റിലെത്തിയാണ് വിസ എടുത്തത്. 35 ദിർഹമാണ് ചെലവ്. അൽജീറയിലെ യു.എ.ഇ എമിഗ്രേഷനിൽനിന്ന് എക്സിറ്റ് വാങ്ങി. സൈക്കിളിൽ മലകയറാനാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ അതു വേണോ എന്നായിരുന്നു അവിടെയുണ്ടായിരുന്ന പൊലീസുകാരുടെ ചോദ്യം. അപകട സാധ്യതകൾ പറഞ്ഞ് മനസ്സിലാക്കിയ ശേഷം നിങ്ങൾക്ക് പ്രശ്നമില്ലെങ്കിൽ പോയ്ക്കോളൂ എന്ന് പൊലീസ് പറഞ്ഞു. ഇവിടെനിന്ന് അരകിലോമീറ്റർ മുന്നോട്ട് നീങ്ങുമ്പോൾ ഒമാൻ എമിഗ്രേഷനുമുണ്ട്. അവിടെ വിസ സ്റ്റാമ്പ് ചെയ്തു. വാക്സിനും 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലവും ഹാജരാക്കി. ഇവിടെനിന്ന് പെർമിഷൻ കാർഡും ഒരുമാസത്തെ വിസയും സ്റ്റാമ്പ് ചെയ്തു. എല്ലാ വിസക്കാരെയും അതിർത്തികടക്കാൻ അനുവദിക്കില്ലെന്ന് ഇബ്രാഹീംകുട്ടിയും മുർഷിദും പറയുന്നു. നല്ല പ്രഫഷൻ കാണിക്കുന്ന വിസക്കാരെ മാത്രമാണ് കടത്തിവിടുന്നത്. തൊട്ടടുത്തുള്ള മറ്റൊരു ചെക്ക് പോസ്റ്റിലെ പരിശോധനയും കഴിഞ്ഞ് നാലു മണിക്കാണ് ഒമാൻ അതിർത്തി കടന്നത്. അവിടെ നിന്ന് കസബിലേക്കായിരുന്നു യാത്ര. 45 കിലോമീറ്റർ ദൂരമുണ്ട്. ഒരുഭാഗത്ത് മലയും മറുഭാഗത്ത് കടലും നിറഞ്ഞ കാഴ്ചകൾ കണ്ടായിരുന്നു യാത്ര. കുറച്ച് കഴിഞ്ഞപ്പോൾ ചെറിയ കയറ്റങ്ങൾ കണ്ടുതുടങ്ങി. 20 കിലോമീറ്റർ കഴിഞ്ഞാൽ കുത്തനെയുള്ള കയറ്റമാണ്. ജബൽ ജെയ്സിനേക്കാൾ കഠിനമാണ് ഈ കയറ്റമെന്ന് ഇവർ പറയുന്നു. 15 തവണ ജബൽജെയ്സ് കയറിയിറങ്ങിയയാളാണ് മുർഷിദ്. 12 മണിക്കൂറിനിടെ മൂന്നു തവണ ജബൽജെയ്സ് കയറി റെക്കോഡിട്ടിട്ടുണ്ട്. കസബിലേത് നാലു കിലോമീറ്റർ കുത്തനെ കയറ്റമാണ്. കാൽ കിലോമീറ്റർ ചവിട്ടിയശേഷം ബാക്കി ഭാഗം തള്ളിക്കയറ്റുകയായിരുന്നു. മുകളിലെത്തിക്കഴിഞ്ഞാൽ അടുത്തത് നാല് കിലോമീറ്റർ കുത്തനെയുള്ള ഇറക്കമാണ്.
അഞ്ചു മിനിറ്റുകൊണ്ട് താഴെ മുക്കിൽ എന്ന സ്ഥലത്തെത്തി. അവിടെ നിന്ന് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ മലയാളിയായ ജംഷിറിെൻറ കഫറ്റീരിയ കാണാം. ആദ്യമായാണ് മലയാളികൾ സൈക്കിളിൽ അതിർത്തികടന്നു വരുന്നതെന്നാണ് അവിടെയുണ്ടായിരുന്നവർ പറഞ്ഞത്.
രാജീവ്, ബാദുഷ എന്നിവരാണ് തങ്ങൾക്ക് റൂം ശരിയാക്കി തന്നത്. കസബിലെ ലുലുവിെൻറ സമീപമായിരുന്നു താമസം. തൊട്ടടുത്ത ദിവസം രാവിലെ സുബ്ഹി നമസ്കാരം കഴിഞ്ഞ് അധികമാരും കയറാത്ത കൊറൽ അൽ നജ്ദ് ലക്ഷ്യമാക്കി യാത്ര തുടർന്നു. 25 കിലോമീറ്ററുണ്ട്. അഞ്ച് കിലോമീറ്റർ ഓഫ് റോഡും കുത്തനെ കയറ്റവുമാണ്. ഇവിടെയും രണ്ടു കിലോമീറ്റർ തള്ളിക്കയറ്റേണ്ടി വന്നു. മുകളിലെത്തിയാൽ കാണുന്നത് കൺകുളിരുന്ന കാഴ്ചയാണെന്ന് ഇരുവരും പറയുന്നു. താഴെ കടലും കരയുമെല്ലാം ഒരുമിച്ച് കാണാം. ഉച്ചയോടെ തിരിച്ച് കസബിലെത്തി. അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പോകേണ്ടതിനാൽ ഒമാനിൽ അധികം കറക്കത്തിന് നിന്നില്ല. മൂന്നു മണിക്കൂർ കൊണ്ട് ബോർഡറിലെത്തി. 14 ദിവസത്തിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലമാണ് ഇവിടെ ഹാജരാക്കേണ്ടത്.
ഇതിനു മുമ്പും ദുബൈയിൽ ദീർഘദൂര റൈഡുകൾ നടത്തിയവരാണ് മുർഷിദും ഇബ്രാഹിം കുട്ടിയും. 12 മണിക്കൂർ കൊണ്ട് 300 കിലോമീറ്റർ സൈക്കിൾ ചവിട്ടിയിട്ടുണ്ട് മുർഷിദ്. യു.എ.ഇയിലെ മലയാളി സൈക്കിൾ കൂട്ടായ്മയായ കേരള റൈഡേഴ്സ്, ഡി.എക്സ്.ബി റൈഡേഴ്സ് എന്നിവയിൽ അംഗങ്ങളാണ്. റാസൽഖൈമയിൽ ബഖാല നടത്തുകയാണ് മുർഷിദ്. ദുബൈ പൊലീസിൽ ഹെൽത്ത് വിഭാഗം ജീവനക്കാരനാണ് ഇബ്രാഹീം കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.