വൻ തട്ടിപ്പ്: ഇന്റർപോൾ ഇടപെടുമെന്ന പ്രതീക്ഷയിൽ ഇരകൾ
text_fieldsമനാമ: വിവിധ സ്ഥാപനങ്ങളെ ട്രേഡിങ്ങിന്റെ മറവിൽ ചെക്ക് നൽകി കബളിപ്പിച്ച വൻ തട്ടിപ്പ് സംബന്ധിച്ച കേസിൽ ഇന്റർപോളിനെ ഇടപെടുത്താനുള്ള ശ്രമം സജീവമായി. രാജ്യാന്തര അന്വേഷണത്തിലൂടെ മാത്രമേ ബഹ്റൈൻ വിട്ടെന്ന് കരുതുന്ന പ്രതികളെ ഇവിടെയെത്തിക്കാനാവൂ എന്നതിനാലാണിത്.
തട്ടിപ്പ് സംബന്ധിച്ച വാർത്ത ഈ മാസം 17ന് ‘ഗൾഫ് മാധ്യമം’ പുറത്തുവിട്ടശേഷം സംഘത്തിനെതിരെ അനേകം പേർ പരാതിയുമായി രംഗത്തുവന്നിരുന്നു.
അഞ്ചുലക്ഷത്തിലധികം ദിനാറിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. കേസിലെ പ്രധാന പ്രതികൾ ഇന്ത്യക്കാരായതിനാൽ ഇരകൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയിട്ടുണ്ട്.
കമ്പനിയുടെ വെബ്സൈറ്റ് ഇപ്പോൾ പ്രവർത്തനരഹിതം
മുൻമാസങ്ങളിലെല്ലാം സജീവമായിരുന്ന കമ്പനിയുടെ വെബ്സൈറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. മറ്റ് സ്ഥാപനങ്ങളിൽനിന്ന് ഇവർ പോസ്റ്റ് ഡേറ്റഡ് ചെക്ക് കൊടുത്ത് വാങ്ങിയ സാധനങ്ങൾ കണ്ടെയ്നറുകളിൽ വിദേശരാജ്യങ്ങളിലേക്ക് കടത്തിയതായാണ് കരുതുന്നത്. സുരക്ഷാ ഉപകരണങ്ങൾ, ബൈൻഡിങ് വയർ, വ്യാവസായിക ഉപകരണങ്ങൾ, വാട്ടർ ഹീറ്ററുകൾ എന്നിവയടക്കം ഇങ്ങനെ കടത്തിയിട്ടുണ്ട്.
ചില ഇനങ്ങൾ കുറഞ്ഞ വിലക്ക് ബഹ്റൈനിൽതന്നെ തട്ടിപ്പുകാർ വിറ്റഴിക്കുകയും ചെയ്തു. മാക്ബുക്കുകൾ, നിർമാണ സാമഗ്രികൾ എന്നിവയും ഇവർ വാങ്ങിക്കൂട്ടിയിരുന്നു. വിവിധ ട്രാവൽ ഏജൻസികളിൽനിന്ന് ടിക്കറ്റുകൾ വൻതോതിൽ വാങ്ങി പോസ്റ്റ് ഡേറ്റഡ് ചെക്ക് നൽകുകയായിരുന്നു.
പിന്നീട് ഈ ടിക്കറ്റുകൾ കുറഞ്ഞ വിലക്ക് വിറ്റഴിച്ചു. നിരവധി ഹോട്ടലുകളും പരാതിയുമായി രംഗത്തെത്തി. ഹോട്ടൽ റൂമുകൾ ബൾക്കായി ബുക്ക്ചെയ്യുകയും പണം നൽകാതിരിക്കുകയുമായിരുന്നു. പത്തുദിവസം ഹോട്ടലിൽ താമസിച്ച സംഘം പണം നൽകാതെ മടങ്ങുകയായിരുന്നു.
തട്ടിപ്പിന് ചുക്കാൻ പിടിച്ചത് തിരുവനന്തപുരം സ്വദേശി
തിരുവനന്തപുരം സ്വദേശിയായ 36 കാരനാണ് തട്ടിപ്പിന് ചുക്കാൻ പിടിച്ചത്. 2018 ഒക്ടോബർമുതൽ കമേഴ്ഷ്യൽ രജിസ്ട്രേഷനുള്ള ഈ സ്ഥാപനം സീഫിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞവർഷം തിരുവനന്തപുരം സ്വദേശി ഈ സ്ഥാപനത്തിന്റെ പാർട്ണറായി എത്തുന്നതോടെയാണ് തട്ടിപ്പുകൾക്ക് തുടക്കമാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാളുടെ പേര് സി.ആറിൽ ചേർക്കപ്പെടുന്നത്.
ചെക്ക് നൽകിയിരിക്കുന്നത് സെപ്റ്റംബറിലെ തീയതിയിലേക്ക്
എന്നാൽ, ചില കമ്പനികൾക്ക് സെപ്റ്റംബറിലെ തീയതിയിലാണ് ചെക്ക് നൽകിയിരിക്കുന്നത്. അതിനാൽ അടുത്തമാസം കൂടുതൽ പരാതിക്കാർ രംഗത്തെത്തുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ വരുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വർധിക്കും.
തട്ടിപ്പിൽ അഞ്ച് പ്രവാസികളും
തട്ടിപ്പിൽ ഇയാളോടൊപ്പം അഞ്ച് പ്രവാസികളും പങ്കാളികളായിട്ടുണ്ടെന്നാണ് ഇരകൾ പറയുന്നത്. 53 വയസ്സുള്ള ഇന്ത്യക്കാരൻ, 36 വയസ്സുള്ള പാകിസ്താനി, 32 വയസ്സുള്ള ഇന്ത്യൻ സ്ത്രീ, 46 കാരനായ ഇന്ത്യക്കാരൻ, 25 വയസ്സുള്ള ഇന്ത്യൻ സ്ത്രീ എന്നിവർ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലുണ്ടായിരുന്നു. ഇവരാണ് ഇടപാടുകാരുമായി സംസാരിച്ചിരുന്നത്.
സ്ഥാപനം അടച്ചുപൂട്ടി ഇവരെല്ലാവരും ഒരുമിച്ച് മുങ്ങിയതോടെ തട്ടിപ്പിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.