ജനന രജിസ്ട്രേഷൻ കൃത്യസമയത്ത് നടത്തിയില്ലെങ്കിൽ ദുരിതങ്ങൾ പിന്നാലെ
text_fieldsമനാമ: ബഹ്റൈനിൽ ജനിക്കുന്ന കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് കൃത്യസമയത്ത് വാങ്ങാൻ പ്രവാസികൾ ശ്രദ്ധിക്കണമെന്ന് സാമൂഹിക പ്രവർത്തകർ. യഥാസമയം സർട്ടിഫിക്കറ്റ് വാങ്ങാത്തതുമൂലം പിന്നീട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നവർ നിരവധിയാണ്. കുട്ടി ജനിക്കുന്ന ആശുപത്രിയിൽനിന്ന് ലഭിക്കുന്ന ബർത്ത് നോട്ടിഫിക്കേഷൻ ഫോറം ഉപയോഗിച്ചാണ് ജനന സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് പോകുമ്പോൾ ഈ ഫോറം ലഭിക്കും. എന്നാൽ, സാമ്പത്തികപ്രയാസംമൂലവും മറ്റ് പല കാരണങ്ങളാലും ഈ ഫോറം വാങ്ങാതിരിക്കുന്നവരാണ് പിന്നീട് സങ്കീർണമായ നടപടിക്രമങ്ങൾക്ക് പിന്നാലെ പോകേണ്ടിവരുന്നത്. കുട്ടി ജനിച്ച് 15 ദിവസത്തിനുള്ളിൽ ജനനം രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് ബഹ്റൈനിലെ നിയമം. ഇതിനായി bahrain.bh എന്ന വെബ്സൈറ്റിൽ ബർത്ത് നോട്ടിഫിക്കേഷൻ നമ്പർ, കുട്ടിയുടെ പേഴ്സനൽ നമ്പർ എന്നിവ ഉപയോഗിച്ച് അപേക്ഷ നൽകാവുന്നതാണ്. രക്ഷിതാക്കളുടെ പാസ്പോർട്ട് അല്ലെങ്കിൽ ബഹ്റൈനിലെ തിരിച്ചറിയൽ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവയും ആവശ്യമാണ്.
എന്നാൽ, നിശ്ചിത സമയത്തിനകം ജനനം രജിസ്റ്റർ ചെയ്യാതിരുന്നാൽ പിന്നീട് നിരവധി കടമ്പകൾ കടക്കേണ്ടതുണ്ടെന്ന് സാമൂഹിക പ്രവർത്തകനും വേൾഡ് എൻ.ആർ.ഐ കൗൺസിൽ മിഡിലീസ്റ്റ് ഹ്യുമാനിറ്റേറിയൻ എയ്ഡ് ഡയറക്ടറുമായ സുധീർ തിരുനിലത്ത് പറഞ്ഞു. 39 വയസ്സായിട്ടും ജനന സർട്ടിഫിക്കറ്റില്ലാത്ത ആളുടെ കേസും അധികൃതർക്ക് മുന്നിലെത്തിച്ച് പരിഹാരം കാണാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞാണ് ജനന സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതെങ്കിൽ ആദ്യം ജനനം നടന്ന ആശുപത്രിയിൽനിന്ന് ഒരു ഏജന്റ് മുഖേന ബർത്ത് നോട്ടിഫിക്കേഷൻ ഫോറം വാങ്ങണം. തുടർന്ന് ഒരു അഭിഭാഷകൻ മുഖേന കോടതിയിൽ അപേക്ഷ നൽകണം. കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചാൽ എക്സിക്യൂഷൻ കോടതിയിൽ നൽകണം. തുടർന്ന് ഈസ ടൗണിലെ സി.പി.ആർ ഡയറക്ടറേറ്റിൽ ചെന്ന് ജനന സർട്ടിഫിക്കറ്റ് വാങ്ങണം. ഇതിനുശേഷം ഇന്ത്യൻ എംബസിയിൽ ജനനം രജിസ്റ്റർ ചെയ്താൽ മാത്രമേ പാസ്പോർട്ടിന് അപേക്ഷിക്കാൻ സാധിക്കൂ. ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കാൻ മാസങ്ങളെടുക്കും. പുറമേ, വലിയ പണച്ചെലവുമുണ്ടാകും. പ്രസവസമയത്ത് കാണിച്ച അലംഭാവത്തിന് ഭാവിയിൽ കനത്ത വിലയാണ് രക്ഷിതാക്കൾ നൽകേണ്ടിവരുന്നതെന്ന് ചുരുക്കം.
അടുത്തകാലത്ത് ചികിത്സക്കായി നാട്ടിലേക്ക് പോയ കുട്ടിക്കും സമാന അനുഭവമുണ്ടായിരുന്നു. അഞ്ച് വയസ്സായിട്ടും കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് എടുത്തിരുന്നില്ല. തുടർന്ന് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് മാസങ്ങൾകൊണ്ട് ജനന സർട്ടിഫിക്കറ്റും പാസ്പോർട്ടും എടുക്കാനായത്.
സമാനരീതിയിൽ ജനന സർട്ടിഫിക്കറ്റ് എടുക്കാതെ കഴിയുന്ന നിരവധി പേരുണ്ടെന്ന് സുധീർ തിരുനിലത്ത് പറഞ്ഞു. ജനന സർട്ടിഫിക്കറ്റില്ലെങ്കിൽ മറ്റൊരു കാര്യവും നടക്കാത്ത സ്ഥിതിയാണുണ്ടാവുക. ഔട്ട്പാസ് ലഭിക്കണമെങ്കിൽപോലും പ്രയാസം നേരിടും. ഒരുരാജ്യത്തും പൗരത്വമില്ലാത്ത അവസ്ഥയിൽ കഴിയുന്ന ഇത്തരം കുട്ടികളുടെ രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസിക സംഘർഷവും ചെറുതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.