ബി.കെ.എസ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 29 മുതൽ
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ചലഞ്ച് ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 29 മുതൽ ഡിസംബർ നാലുവരെ നടക്കുമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ അംഗീകാരത്തോടെ നടത്തുന്ന ടൂർണമെന്റിൽ 30 രാജ്യങ്ങളിൽനിന്നുള്ള 250ഓളം താരങ്ങൾ പങ്കെടുക്കും. കഴിഞ്ഞ വർഷം 40 രാജ്യങ്ങളിൽനിന്നുള്ള 250ഓളം കളിക്കാരാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. കഴിഞ്ഞ വർഷത്തേതിനേക്കാൾ മികച്ച താര പങ്കാളിത്തമായിരിക്കും ഇത്തവണ ഉണ്ടാവുകയെന്ന് ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ പറഞ്ഞു.
മുൻ ഇന്ത്യൻ ഒന്നാം നമ്പർ താരങ്ങളായ സായ് പ്രണീതും പി. കശ്യപും ഇത്തവണ മത്സരിക്കുന്നുണ്ട്. മലേഷ്യയിൽനിന്നുള്ള സെ യോങ് നംഗ് ആണ് പുരുഷ സിംഗിൾസ് വിഭാഗത്തിൽ ഒന്നാം സീഡ് താരം. വനിതകളുടെ സിംഗിൾസിൽ ഇന്ത്യയിൽനിന്നുള്ള മാളവിക ബൻസോദും ആകർഷി കശ്യപുമാണ് ടോപ് സീഡ് താരങ്ങൾ.
പുരുഷ ഡബ്ൾസിൽ ഇന്ത്യയിൽനിന്നുള്ള വിഷ്ണുവർധൻ ഗൗഡും കൃഷ്ണപ്രസാദും മിക്സഡ് ഡബ്ൾസിൽ ഇംഗ്ലണ്ടിൽനിന്നുള്ള ജെന്നി മൂറെയും ജോർജി മെയേഴ്സുമാണ് ടോപ് സീഡ്. വനിത ഡബ്ൾസിൽ ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം പി. ഗോപിചന്ദിന്റെ മകൾ ഗായത്രി ഗോപീചന്ദും തെരേസ ജോളിയുമാണ് മുൻനിര താരങ്ങൾ. അൽ ഷരീഫ് ഗ്രൂപ്പാണ് ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസർ.
ആറുദിവസത്തെ ടൂർണമെന്റിൽ 5000ത്തോളം കാണികൾ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പ്രവേശനം സൗജന്യമാണ്. വാർത്തസമ്മേളനത്തിൽ ഓർഗനൈസിങ് കമ്മിറ്റി മെംബർ ഡോ. ബിജോഷ്, കോഓഡിനേറ്റർ വിനോദ് വാസുദേവൻ, ബി.കെ.എസ് മെംബർഷിപ് സെക്രട്ടറി വി.എസ്. ദിലീഷ് കുമാർ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കോഓഡിനേറ്റർ മുജീബ് റഹ്മാൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.