ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകോത്സവം ഇന്നുമുതൽ
text_fieldsമനാമ: ഡി.സി ബുക്സും ബഹ്റൈൻ കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളക്കും സാംസ്കാരികോത്സവത്തിനും ഇന്ന് തുടക്കമാകും. വൈകീട്ട് എട്ടിന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായും ബഹ്റൈൻ അറോറിറ്റി ഫോർ കൾചറൽ ആൻഡ് ആന്റിക്വിറ്റീസ് ഡയറക്ടർ ഹുദ സെയ്ദ് അബ്ദുൽഗാഫർ അൽ അലവി വിശിഷ്ടാതിഥിയായും പങ്കെടുക്കും.നവംബർ 9 മുതല്‍ 18 വരെ നീളുന്ന അന്താരാഷ്ട്ര പുസ്തകമേളയിലും സാംസ്കാരികോത്സവത്തിലും പി.എസ്. ശ്രീധരൻ പിള്ള, എം.എ. ബേബി, സാഗരിക ഘോഷ്, മുരളി തുമ്മാരുകുടി, സന്തോഷ് ജോർജ് കുളങ്ങര, വി.ജെ. ജയിംസ്, ഷെഫ് പിള്ള, എം.വി. നികേഷ് കുമാർ, രാവുണ്ണി തുടങ്ങി നിരവധി എഴുത്തുകാരും സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരും വിവിധ ദിവസങ്ങളിൽ അതിഥികളായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മേളയുടെ ഭാഗമായി നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളിലായി ഒരുക്കിയിട്ടുണ്ട്.പുസ്തകമേളയോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ അയ്യായിരത്തിലധികം ശീർഷകങ്ങളിലുള്ള ഒരു ലക്ഷത്തിലധികം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യ ഗ്രന്ഥങ്ങള്‍, ഡിക്ഷണറികള്, സെല്‍ഫ് ഹെല്പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആധ്യാത്മിക ഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി മലയാളം-ഇംഗ്ലീഷ് കൃതികള്‍ മേളയില്‍ ലഭ്യമാകും.
പുസ്തകമേളയോടനുബന്ധിച്ച് സമാജം ഫോട്ടോഗ്രാഫി ക്ലബ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി പ്രദർശനത്തിനും ഇന്ന് തുടക്കമാകും.സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സമാജം ചിത്രകലാ ക്ലബ് ഒരുക്കുന്ന സമൂഹ ചിത്രരചന വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. ‘സമാധാനത്തിനായുള്ള കല’ വിഷയത്തിൽ നടത്തുന്ന ഈ സമൂഹവരയിൽ ബഹ്റൈനിലെ പ്രമുഖ ചിത്രകാരന്മാരും ചിത്രകാരികളുമടക്കം നൂറിലധികം പേർ പങ്കെടുക്കും. കൂടാതെ, എല്ലാദിവസവും സാഹിത്യ സാംസ്കാരിക പരിപാടികളും പ്രമുഖരുമായുള്ള മുഖാമുഖങ്ങളും ഉണ്ടാകുമെന്ന് സമാജം സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ജനറൽ കൺവീനർ ബിനു വേലിയിൽ, സാഹിത്യ വിഭാഗം കൺവീനർമാരായ പ്രശാന്ത് മുരളീധർ, അനഘ രാജീവ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.