അരങ്ങിൽനിന്ന് പൂത്തുലഞ്ഞ പ്രതിഭ
text_fieldsപി. ബാലചന്ദ്രൻ ഓർമയായി. നാടക രചയിതാവ്, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, അധ്യാപകൻ തുടങ്ങി കൈവെച്ച മേഖലകളിലൊക്കെ സ്വന്തമായ ഇരിപ്പിടം ഉറപ്പിച്ച പ്രതിഭാശാലി. എല്ലാറ്റിനും ഉപരി, പരിചയപ്പെട്ടവർക്കൊക്കെ സ്നേഹമയിയായ ഒരു സഹോദരൻ. തനി തിരുവിതാംകൂർ നാടൻ ഭാഷയിൽ മറയില്ലാതെ സംസാരിക്കുന്ന ബാലേട്ടെൻറ 'എടോ'അല്ലെങ്കിൽ 'എടാ'എന്ന വിളിയിൽ ഒളിച്ചിരിക്കുന്ന സ്നേഹം ഇനിയും അനുഭവിക്കാൻ കഴിയില്ലല്ലോ എന്നറിയുമ്പോൾ മനസ്സിൽ വല്ലാത്ത നൊമ്പരം.
മലയാള സിനിമക്കും നാടകത്തിനും മുതൽക്കൂട്ടാകുമായിരുന്ന നിരവധി പ്രൊജക്ടുകൾ മുഴുമിപ്പിക്കാൻ കഴിയാതെയാണ് അദ്ദേഹം വിട പറയുന്നത്. എെൻറ ജ്യേഷ്ഠത്തിയുടെ ബന്ധുവാണെങ്കിലും ബാലേട്ടനെ ആദ്യമായി പരിചയപ്പെടുന്നത് 1979ലാണ്. അദ്ദേഹം അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമയിലെ ആദ്യബാച്ചുകാരനായി പഠിക്കുന്ന കാലം. (ആദ്യബാച്ച് 1978ൽ തുടങ്ങി. മൂന്ന് വർഷ ബിരുദ കോഴ്സ് ആണെങ്കിലും ആദ്യബാച്ച് 1982ലാണ് ഇറങ്ങിയത് ). എെൻറ ബാല്യകാല സ്നേഹിതൻ മാവേലിക്കര മോഹനും ആ ബാച്ചിൽ ചേർന്നിരുന്നു.
എൻജിനീയറിങ് പഠനത്തിെൻറ ഭാഗമായ ഓൾ ഇന്ത്യ ടൂർ കഴിഞ്ഞുമടങ്ങുന്ന വേളയിൽ 1979 ജനുവരി മാസം ഞാൻ തൃശൂരിൽ ഇറങ്ങി. സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുന്ന മോഹനെ കാണുകയാണ് ലക്ഷ്യം. മൊബൈൽ ഫോൺ ഇല്ലാത്ത കാലം. ബാഗും തൂക്കി തൃശൂരിെൻറ പ്രാന്തപ്രദേശമായ അരണാട്ടുകരയിൽ ഡോ. ജോൺ മത്തായി സെൻററിൽ പ്രവർത്തിക്കുന്ന ഡ്രാമ സ്കൂളിൽ എത്തി. ചെറിയ കൊട്ടാരം മാതിരിയുള്ള പഴയ ഒരു കെട്ടിടത്തിലാണ് സ്ഥാപനം. തുടക്കക്കാലമായതിനാൽ ബാലാരിഷ്ടതകൾ നിരവധി.
നാടകാചാര്യൻ ജി. ശങ്കരപ്പിള്ളയുടെ സ്വപ്നപദ്ധതി. അദ്ദേഹത്തെ കൂടാതെ രാമാനുജം, എ.കെ. നമ്പ്യാർ തുടങ്ങിയ പ്രഗത്ഭമതികളാണ് അധ്യാപകർ.മോഹൻ സഹപാഠികളെ പരിചയപ്പെടുത്തി. പിൽക്കാലത്തു സിനിമയിലും നാടകത്തിലും അവരൊക്കെ പ്രശസ്തരായി. പി. ബാലചന്ദ്രൻ, സംവിധായകൻ ശ്യാമപ്രസാദ്, നിർമാതാവ് വിന്ധ്യൻ, കെ.എ. കൊടുങ്ങല്ലൂരിെൻറ മകൻ ദിലീപ്, വേണു, ഒ. മാധവെൻറ മകൾ സന്ധ്യ, ജയസൂര്യ തുടങ്ങി കുറേ പേരെ ഞാൻ ഓർക്കുന്നു. അന്ന് അവിടെ ഹോസ്റ്റൽ സൗകര്യങ്ങളില്ല. ഇൻസ്റ്റിറ്റ്യൂട്ടിനടുത്തു ഒരു ചെറിയ വീട് വാടകക്കെടുത്തു അവിടെയാണ് പി. ബാലചന്ദ്രൻ, മോഹൻ, ശ്യാമപ്രസാദ്, ജയസൂര്യ എന്ന നാൽവർ സംഘത്തിെൻറ താമസം. അടുത്തുള്ള തെരുവ് പൈപ്പിലെ കുളിയും ചായക്കടയിൽ ഭക്ഷണവും. ഞാനും ഏതാനും നാൾ കൂടി. കൂട്ടത്തിൽ പി. ബാലചന്ദ്രനാണ് പ്രായത്തിലും പക്വതയിലും വലിയേട്ടൻ. കക്ഷി ജി. ശങ്കരപ്പിള്ളയുടെ അരുമ ശിഷ്യനാണ്. ശാസ്താംകോട്ട കോളജിൽ പഠിച്ച് എം.എ. മലയാളവും ബി.എഡും കഴിഞ്ഞു ശങ്കരപ്പിള്ള സാറിനോടും നാടകത്തോടുമുള്ള ഭ്രമം മൂത്ത് ബി.ടി.എ പഠനത്തിനെത്തിയ പി. ബാലചന്ദ്രൻ എല്ലാവർക്കും ബാലേട്ടനായി.
പിന്നീട് ബാലേട്ടനെ ഞാൻ കാണുന്നത് 1980ലോ '81ലോ ആണ്. ശങ്കരപ്പിള്ള സാർ എഴുതി സംവിധാനം ചെയ്ത് സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിച്ച 'കറുത്ത ദൈവത്തെ തേടി'എന്ന നാടകം മാവേലിക്കര രവി വർമ പെയിൻറിങ് സ്കൂൾ കോമ്പൗണ്ടിൽ അവതരിപ്പിക്കുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ മാവേലിക്കര യൂനിറ്റാണ് നാടകം അവതരിപ്പിച്ചത്.
അതുവരെ എെൻറ മനസ്സിലുണ്ടായിരുന്ന നാടക സങ്കൽപത്തെയാകെ പൊളിച്ചെഴുതിയ ഒരു നാടകമായിരുന്നു 'കറുത്ത ദൈവത്തെ തേടി'. കാടായും അമ്മയായും സന്ധ്യാ മാധവൻ, വഴികാട്ടിയായി ബാലേട്ടൻ, വെളിച്ചപ്പാടായി ദിലീപ്, ഭാര്യയായി കാലാക്കൽ കുമാരെൻറ മകൾ മാല, ഊമയായി വേണു, മക്കളായി മോഹൻ, ജോസ് ചിറമ്മൽ, ജയസൂര്യ, അഹമ്മദ് മുസ്ലിം, ബാബു സെബാസ്റ്റ്യൻ, വെളുത്ത ദൈവമായി ശ്യാമപ്രസാദ് തുടങ്ങിയവരുടെ മികച്ച അഭിനയം. രാമാനുജം സാറും കോഴിക്കോട് ഗോപിനാഥും ചേർന്നൊരുക്കിയ ലൈറ്റിങ് മാജിക്. എല്ലാറ്റിനുമുപരി ജി. ശങ്കരപ്പിള്ള എന്ന മാസ്റ്റർ ക്രാഫ്റ്റ്സ്മാെൻറ സംവിധാനം. ആ നാടകം എല്ലാ അർഥത്തിലും എന്നെ വിസ്മയിപ്പിച്ചു.
ബാലേട്ടനെ പിന്നീട് ഞാൻ കാണുന്നത് കൾട്ടിെൻറ ( CULT-Calicut University Little Theatre) അമരക്കാരനായും നടനുമായാണ്. കൾട്ടിെൻറ ഒരു നാടകം മാവേലിക്കര കേളിയിലൂടെ അവതരിപ്പിക്കുവാനുള്ള ഭാഗ്യവും എനിക്കുണ്ടായി. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നുമിറങ്ങിയ ബാലേട്ടൻ അവിടെ െഗസ്റ്റ് അധ്യാപകനായി കുറച്ചു നാൾ ജോലി ചെയ്തെങ്കിലും സ്ഥിരം നിയമനം ലഭിക്കാതെ പോയത് അദ്ദേഹത്തെ നിരാശപ്പെടുത്തി. തന്നെക്കാൾ വിദ്യാഭ്യാസയോഗ്യത കുറഞ്ഞ പലരും അവിടെ നിയമനം നേടിയെങ്കിലും എന്തുകൊണ്ടോ അദ്ദേഹത്തിനു അതിനു കഴിഞ്ഞില്ല. വളരെക്കാലത്തിനു ശേഷം നരേന്ദ്രപ്രസാദ് കോട്ടയം സ്കൂൾ ഓഫ് ലെറ്റേഴ്സ് മേധാവിയായപ്പോഴാണ് അവിടെ അധ്യാപകനായി ബാലേട്ടന് ജോലി ലഭിച്ചത്. സ്കൂൾ ഓഫ് ഡ്രാമയിലെ നാലാം ബാച്ചിൽ പഠിക്കുകയും പിന്നീട് വൈക്കം മുനിസിപ്പൽ ചെയർപേഴ്സൻ ആവുകയും ചെയ്ത ലതയാണ് ഭാര്യ. മകൾ ആയുർവേദ ഡോക്ടറും മകൻ ബിസിനസ്കാരനുമാണ്.
രണ്ടു പ്രാവശ്യം നേരിട്ടും ഈ കോവിഡ് കാലത്ത് സൂമിൽ കൂടിയും അദ്ദേഹവുമായി സംവദിക്കുവാൻ സമാജത്തിനു കഴിഞ്ഞു. 2014 നവംബർ മാസം നരേന്ദ്രപ്രസാദ് നാടകമത്സരത്തിെൻറ ജൂറിയായി ഭാര്യയോടൊപ്പവും, പിന്നീട് 2016ൽ കേരള സംഗീതനാടക അക്കാദമി നടത്തിയ പ്രവാസിനാടക മത്സരത്തിെൻറ വിധി കർത്താവായി ലോകധർമ്മി ചന്ദ്രദാസനോടൊപ്പവും ബഹ്റൈനിലെത്തി. അക്കാദമിയുടെ മത്സരത്തിൽ മികച്ച അഭിനേതാക്കളോടൊപ്പം പ്രത്യേക ജൂറി പരാമർശവും ഏർപ്പെടുത്തണമെന്നുള്ള എെൻറ അഭ്യർഥന അദ്ദേഹം സ്വീകരിക്കുകയും അതിെൻറ ഫലമായി ബഹ്റൈനിലെ ഒരു കലാകാരൻ കൂടി സംഗീത നാടക അക്കാദമിയുടെ ആദരവിനർഹനാവുകയും ചെയ്തത് ഇത്തരുണത്തിൽ ഓർക്കുന്നു.
ഈ കോവിഡ് കാലത്ത് നിലച്ചുപോയ നാടകപ്രവർത്തനങ്ങൾക്ക് ഉണർവ് നൽകുന്നതിന് സൂം പ്ലാറ്റ്ഫോമിൽ ഒരു ചർച്ച നയിക്കുന്നതിന് അദ്ദേഹത്തെ ക്ഷണിച്ചപ്പോൾ സന്തോഷപൂർവം അദ്ദേഹം തയാറായി. 2020 ജൂൺ 12 വെള്ളിയാഴ്ച നടന്ന ആ സംവാദമാവാം ഒരുപേക്ഷ ആ മഹാനായ കലാകാരൻ പങ്കെടുത്ത അവസാനത്തെ പൊതുപരിപാടി. അതിനുശേഷം അപ്രതീക്ഷിതമായി പിടിപെട്ട മെനഞ്ജയിറ്റിസിനെ തുടർന്ന് ദീർഘകാലമായി സുഖമില്ലാതാവുകയും അതിനെതുടർന്ന് ജീവൻ വെടിയുകയുമാണ് ഉണ്ടായത്.
പി. ബാലചന്ദ്രെൻറ സാഹിത്യ, നാടക, സിനിമ ജീവിതം പ്രതിഭയുടെയും വേറിട്ട രീതികളുടെയും പരീക്ഷണങ്ങളുടെയും വഴികളാണ്. എഴുപതുകളിൽ അദ്ദേഹം എഴുതിയ പാവം ഉസ്മാൻ, മകുടി തുടങ്ങിയ നാടകങ്ങൾ യുവജനോത്സവവേദികളിലെ സ്ഥിരം മത്സരനാടകങ്ങൾ ആയിരുന്നത് ഓർക്കുന്നു. പിൽക്കാലത്ത് സിനിമയിലെത്തിയ അദ്ദേഹത്തിെൻറ തിരക്കഥകൾ -അങ്കിൾ ബൺ, ഉള്ളടക്കം, പവിത്രം, അഗ്നി ദേവൻ, മാനസം, കമ്മട്ടിപ്പാടം-ഹിറ്റ് ഫാമിലി ചിത്രങ്ങൾക്ക് വഴിയൊരുക്കി. പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച 'ഇവൻ മേഘരൂപൻ'എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. മികച്ച അഭിനേതാവ് കൂടിയായ ബാലേട്ടെൻറ എത്രയോ കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സുകളിൽ എക്കാലവും നിറഞ്ഞുനിൽക്കും. എഴുതാൻ നിരവധി കഥകളും അഭിനയിക്കാൻ നിരവധി കഥാപാത്രങ്ങളും ബാക്കിയാക്കി യാത്രയായ പ്രിയപ്പെട്ട ബാലേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.