ബി.എം.സി ‘ശ്രാവണ മഹോത്സവം 2023’ കൊടിയേറി
text_fieldsമനാമ: ബി.എം.സി ഓണാഘോഷം ‘ശ്രാവണ മഹോത്സവം 2023’ന് തുടക്കമായി. സെഗയ ബി.എം.സി ഓഡിറ്റോറിയത്തിൽ കൊടിയേറ്റോടെയാണ് വിവിധ സംഘടനകളും കൂട്ടായ്മകളുമായി കൈകോർത്ത് ബഹ്റൈൻ മീഡിയ സിറ്റി ഒരുക്കുന്ന 30 ദിവസത്തെ ശ്രാവണ മഹോത്സവം 2023 തുടങ്ങിയത്.
പരിപാടിയോടനുബന്ധിച്ച് താലപ്പൊലിയും ചെണ്ടമേളവുമായി ഘോഷയാത്ര നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം മുഖ്യാതിഥിയായ ചടങ്ങിൽ കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി, ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ് എന്നിവർ വിശിഷ്ടാതിഥികളായി.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മോനി ഒടിക്കണ്ടത്തിൽ സ്വാഗതം പറഞ്ഞു. ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. ബി.എം.സി പുറത്തിറക്കുന്ന ദി ലീഡ് മാഗസിന്റെ പുതിയ പതിപ്പ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്ജാസ് അസ്ലം പ്രകാശനം ചെയ്തു.
കേരള ഗാലക്സി ഗ്രൂപ് ബി.എം.സിയുടെ സഹകരണത്തോടെ തൊഴിലാളികൾക്ക് നൽകുന്ന 200ഓളം ഓണസദ്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം യൂസഫ് യാക്കൂബ് ലോറി നിർവഹിച്ചു. യൂസഫ് യാക്കൂബ് ലോറി, അഡ്വ. വി.കെ. തോമസ്, കേരള ഗാലക്സി ഗ്രൂപ് പ്രസിഡന്റ് വിജയൻ കരുമല, അജി പി. ജോയ്, വൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി എം.ഡി ആന്റണി പൗലോസ്, ശ്രാവണ മഹോത്സവം ജനറൽ കൺവീനർ അൻവർ നിലമ്പൂർ എന്നിവർ സംസാരിച്ചു.
ഐമാക് കൊച്ചിൻ കലാഭവൻ അവതരിപ്പിച്ച മലയാളം ഫ്യൂഷൻ ഡാൻസ്, സോപാനം വാദ്യകലാ സംഘം ഒരുക്കിയ ചെണ്ടമേളം, തിരുവാതിര തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യ ശ്രാവണ മഹോത്സവം 2023ന്റെ ഭാഗമായി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.