സ്കൂൾകാലത്തെ കരൾ പൊള്ളിക്കുന്ന അനുഭവങ്ങളുമായി ‘ലാസ്റ്റ് ബെഞ്ച്’
text_fieldsമനാമ: സ്കൂൾ ജീവിതകാലം എല്ലാവർക്കും മധുരമുള്ള ഓർമയാണ്. കൂട്ടുകാരുമായുള്ള അടിപിടിയും അധ്യാപകരുടെ മധുരച്ചൂരൽ പ്രയോഗം നൽകിയ വേദനയും ആദ്യ പ്രണയവുമെല്ലാം കാലങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ സുഖമുള്ള ഓർമകളായി തെളിഞ്ഞുനിൽക്കും. തന്റെ സ്കൂൾ കാലത്തെ ഓർമകളെ മനോഹരമായ ഭാഷയിൽ പുസ്തകത്താളുകളിൽ ഒരുക്കിയിരിക്കുകയാണ് പ്രവാസിയായ നബിൽ തിരുവള്ളൂർ. വടകര തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിലാണ് നബിൽ പഠിച്ചത്. ഓർമകളിലെ ബാല്യവും ഗ്രാമവിശുദ്ധിയുടെ ചന്തവും അടങ്ങിയ കൃതി എന്നാണ് നബീലിന്റെ സഹപാഠി ഒ.കെ. പ്രമോദ് ആമുഖത്തിൽ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. ലാസ്റ്റ് ബെഞ്ചുകാർ എപ്പോഴും ക്ലാസിൽ അവഗണിക്കപ്പെട്ടവരായിരിക്കും.
അധ്യാപകരുടെ ചോദ്യങ്ങൾ ലാസ്റ്റ് ബെഞ്ചിലേക്ക് പലപ്പോഴും നീളാറുമില്ല. ചോദിച്ചിട്ട് കാര്യമില്ല എന്നായിരിക്കും അധ്യാപകർക്ക് പറയാനുണ്ടാകുക. വിരസമായ ക്ലാസിനിടയിൽ ലാസ്റ്റ് ബെഞ്ചിൽനിന്ന് ചിലപ്പോൾ ബുക്കിലെ താളുകൾ കീറിയുണ്ടാക്കുന്ന പക്ഷികൾ പറക്കാറുണ്ട്. അത് അധ്യാപകർ കണ്ടാൽ ചൂരൽ കഷായം ഉറപ്പാണ്. പക്ഷേ, അധ്വാനമുള്ള പ്രവൃത്തികൾ വേണ്ടിവരുമ്പോൾ അധ്യാപകർ ഇവരുടെ സേവനം തേടുകയും ചെയ്യും.
ഒരുപക്ഷേ സ്കൂൾ ജീവിതം ഏറ്റവുമധികം ആസ്വദിക്കുന്നത് ഈ അവസാന ബെഞ്ചുകാരായിരിക്കും. നബീലിന്റെ പുസ്തകം പറയുന്നത് ഇവരുടേയും കൂടെ കഥയാണ്. കഥയല്ല, അനുഭവം. കരളിനെ പൊള്ളിക്കുന്ന അനുഭവങ്ങളാണ് പുസ്തകത്താളുകളിലെന്ന് പ്രസാധകരായ പേരക്ക ബുക്ക്സിന്റെ ഹംസ ആലുങ്ങൽ സാക്ഷ്യപ്പെടുത്തുന്നു. പ്രണയവും പ്രതീക്ഷകളും കുശുമ്പും സ്വപ്നങ്ങളും ചേരുംപടി ചേർക്കുന്ന ഈ അനുഭവം, വായനക്കാർക്ക് അവരവരുടേതായി തോന്നും.
‘ചൂട്ടുകറ്റ’യാണ് നബീലിന്റെ ആദ്യ പുസ്തകം. ഉമ്മയ്ക്ക് നൽകിക്കൊണ്ടാണ് ആദ്യ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. ‘ലാസ്റ്റ് ബെഞ്ച്’ 2000-01 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവവിദ്യാർഥി അധ്യാപകസംഗമത്തിൽ സത്യനാഥൻ മാസ്റ്റർ പ്രകാശനം ചെയ്തു. നബീലിന്റെ ജ്യേഷ്ഠൻ അസീസ് പുളിയനാട്ടിലാണ് പുസ്തകം ഏറ്റുവാങ്ങിയത്. പുസ്തകത്തിൽ കഥാപാത്രങ്ങളായ അധ്യാപകരെയും സഹപാഠികളെയും സാക്ഷികളാക്കി നടത്തിയ പ്രകാശനം വേറിട്ട അനുഭവമായി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എയടക്കം നിരവധിപേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. മുഹറഖിലെ ട്രാൻസ്പോർട്ട് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നബീൽ പത്തുവർഷമായി ബഹ്റൈനിലുണ്ട്. ജ്യേഷ്ഠൻ സമീർ തിരുവള്ളൂരും ബഹ്റൈൻ പ്രവാസിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.