ബഹ്റൈനിനോട് നന്ദിപൂർവം; നിരൂപകശ്രദ്ധ നേടി മുൻ ബ്രീട്ടീഷ് പ്രവാസിയുടെ പുസ്തകം
text_fieldsമനാമ: താൻ വളരെക്കാലം കഴിഞ്ഞ നാടിനോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ച് മുൻ ബഹ്റൈൻ പ്രവാസിയായ വെയ്ൽസ് അധ്യാപികയുടെ പുസ്തകം. നദീൻ സ്കൂളിൽ ദീർഘകാലം അധ്യാപികയായിരുന്ന ടിന ഹ്യൂസാണ് തന്റെ 64 ാം വയസ്സിൽ സ്വപ്നസാക്ഷാത്കാരമായി പുസ്തകം പ്രസിദ്ധീകരിച്ചത്. ടെയ്ൽസ് ഓഫ് ടിനന്റ് എന്നു പേരിട്ട പുസ്തകം പ്രസിദ്ധീകരിച്ചത് ലോക പ്രശസ്ത പ്രസാധകരായ ഓസ്റ്റിൻ മക്കൗലിയാണ്. 16 ചെറുകഥകൾ ഉൾക്കൊള്ളുന്ന പുസ്തകം പേപ്പർബാക്കും ഡിജിറ്റലായും ലഭിക്കും.
പ്രധാനമായും ബഹ്റൈനിലെ തന്റെ ജീവിതകാലയളവിൽ കണ്ടെത്തിയ നാനാതുറകളിൽ നിന്നുള്ള ആളുകളുടെ വികാരവിചാരങ്ങൾ അവതരിപ്പിക്കുന്ന പുസ്തകം നിരൂപകരുടെ അംഗീകാരം നേടിക്കഴിഞ്ഞു.1986ലാണ് തന്റെ 26ാം വയസ്സിൽ ടിന ഹ്യൂസ് ബഹ്റൈനിലെത്തിയത്. മകൻ പ്രൈമറി സ്കൂൾ പൂർത്തിയാക്കിയശേഷം നദീൻ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. അവിടെ 15 വർഷം അധ്യാപികയായിരുന്നു. പിന്നീട് ആർട്ട് സ്റ്റുഡിയോ തുറക്കുകയും സ്റ്റെയിൻഡ് ഗ്ലാസ് ടെക്നിക്കുകളും മൊസൈക്കിങ്ങും പഠിപ്പിക്കുകയും ചെയ്തു. വിവാഹമോചിതയായതിനെത്തുടർന്നാണ് ടിന ഹ്യൂസ് യു.കെയിലേക്ക് മടങ്ങിയത്. മുഹറഖിലും ഉമ്മുൽ ഹസ്സമിലും സാലിഹിയയിലുമാണ് ബഹ്റൈനിലുണ്ടായിരുന്ന കാലയളവിൽ താമസിച്ചിരുന്നത്. ബഹ്റൈനെ മനോഹരമായ ചെറു ദ്വീപെന്നാണ് പുസ്തകത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്.
ഞാൻ വളരെ ഇഷ്ടപ്പെടുകയും പിന്നീട് മനസ്സില്ലാമനസ്സോടെ ഉപേക്ഷിക്കുകയും ചെയ്ത സ്ഥലം. 64 പേജുകളുള്ള പുസ്തകത്തിൽ താൻ രചിച്ച വാട്ടർ കളർ ചിത്രങ്ങളും ടിന ഹ്യൂസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈനെ വളരെയധികം മിസ് ചെയ്യുന്നുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ അവർ പറഞ്ഞത്. ഇനിയുള്ള പുസ്തകത്തിൽ താൻ ആദ്യം വന്ന നാളുകളിൽനിന്ന് ഇന്നുവരെ ബഹ്റൈൻ എങ്ങനെയെല്ലാം മാറിയിരിക്കുന്നുവെന്നത് ചിത്രീകരിക്കുമെന്നും അവർ പറയുന്നു. ഇപ്പോൾ രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ടിന ഹ്യൂസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.