പുസ്തക വിതരണം: ഇന്ത്യൻ സ്കൂളും ഗൾഫ് മാധ്യമവും കൈകോർക്കുന്നു
text_fieldsമനാമ: കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ ഉടൻ വിദ്യാർഥികളുടെ വീടുകളിൽ എത്തിക്കാൻ ഇന്ത്യൻ സ്കൂൾ നടപടി സ്വീകരിച്ചു. എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ആയിരക്കണക്കിന് വിദ്യാർഥികളുടെ പാഠപുസ്തകങ്ങൾ അവരവരുടെ വീടുകളിൽ എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിനാണ് ഇന്ത്യൻ സ്കൂൾ തുടക്കമിടുന്നതെന്ന് സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ അറിയിച്ചു.മുഴുവൻ പാഠപുസ്തകങ്ങൾക്കും ഓർഡർ നൽകിയവർക്കുള്ള വിതരണമാണ് ആദ്യം തുടങ്ങുന്നതെങ്കിലും ഭാഗികമായി പുസ്തകങ്ങൾ ആവശ്യമുള്ളവർക്കും വിതരണം ക്രമീകരിക്കും. ‘ഗൾഫ് മാധ്യമം’ വിതരണ വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.12,500 വിദ്യാർഥികൾ പഠിക്കുന്ന ഇന്ത്യൻ സ്കൂളിെൻറ ഇസ ടൗൺ, റിഫ കാമ്പസുകളിലേക്ക് ആവശ്യമായ പുസ്തകങ്ങൾക്ക് യഥാസമയം ഓർഡർ നൽകിയിരുന്നെങ്കിലും ചില പുസ്തകങ്ങൾ കോവിഡ് ലോക്ഡൗൺ കാരണം ഇപ്പോഴും മുംബൈയിലും ദുബൈയിലും തുടർനടപടികൾ കാത്തുകിടപ്പാണ്.
മാർച്ച് 31ന് എത്തേണ്ടിയിരുന്ന പുസ്തകങ്ങളിൽ ചിലതാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നത്.പുതിയ അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ പത്തും പന്ത്രണ്ടും ക്ലാസുകളിലെ വിദ്യാർഥികൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് പുസ്തക വിതരണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ചകൊണ്ട് എല്ലാ ക്ലാസുകളിലെയും പുസ്തക വിതരണം പൂർത്തിയാക്കാനാണ് സ്കൂൾ ലക്ഷ്യമിടുന്നത്. മറ്റുചില വിതരണ ഏജൻസികളും സഹായം നൽകും. പുസ്തകങ്ങൾ കൂടാതെ സ്റ്റേഷനറി സാധനങ്ങളും ലഭ്യമാക്കും. വിതരണത്തിനുള്ള പുസ്തകങ്ങൾ തരംതിരിച്ച് ഇന്ത്യൻ സ്കൂളിെൻറ ഇസ ടൗൺ, റിഫ കാമ്പസുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഈ അധ്യയന വർഷം മുതൽ ചില ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മാറിയിട്ടുണ്ട്. പുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പി എൻ.സി.ഇ.ആർ.ടി വെബ്സൈറ്റിലും ഇന്ത്യൻ സ്കൂൾ പാരൻറ്സ് പോർട്ടലിലും ലഭ്യമാണ്. ഇതിനകം മൈക്രോസോഫ്റ്റ് ടീംസ് ആപ് ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകൾ നടന്നുവരുകയാണെന്ന് ഇന്ത്യൻ സ്കൂൾ സെക്രട്ടറി സജി ആൻറണി പറഞ്ഞു.
ഓൺലൈൻ ക്ലാസുകളിൽ പാഠപുസ്തകങ്ങളുടെ പ്രസക്തമായ ഭാഗങ്ങൾ നൽകിയാണ് അധ്യയനം നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ നിർദേശങ്ങൾക്ക് അനുസൃതമായി ഓൺലൈൻ ക്ലാസുകൾ നടത്തിവരുകയാണെന്നും സ്കൂൾ സംബന്ധമായ വിവരങ്ങൾ പാരൻറ്സ് പോർട്ടലിലൂടെ യഥാസമയം രക്ഷിതാക്കൾക്ക് നൽകുമെന്നും ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.