മുലയൂട്ടലിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും; ശ്രദ്ധേയമായി പ്രവാസി യുവതിയുടെ പുസ്തകം
text_fieldsദിൽറാസ് കുന്നുമ്മൽ കുടുംബത്തോടൊപ്പം
മനാമ: മുലയൂട്ടുന്ന അമ്മമാർ നേരിടുന്ന പ്രശ്നങ്ങളുടെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ സാന്ത്വനവും മാർഗനിർദേശങ്ങളും പ്രദാനംചെയ്തുകൊണ്ട് മുൻ ബഹ്റൈൻ പ്രവാസിയുടെ പുസ്തകം. ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥി കൂടിയായ ദിൽറാസ് കുന്നുമ്മൽ എഡിറ്റ് ചെയ്ത ‘ഡ്രോപ്സ് ഓഫ് നർച്ചർ’ എന്ന പുസ്തകമാണ് പ്രമേയത്തിലെ പുതുമ കൊണ്ട് പ്രവാസലോകത്ത് ശ്രദ്ധേയമാകുന്നത്. ദിൽറാസ് കുന്നുമ്മലടക്കം മുപ്പത് അമ്മമാരാണ് മുലയൂട്ടൽ സംബന്ധമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് വീട്ടമ്മമാരുടെ പ്രശ്നനിർഭര ലോകത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുന്നത്. ബഹ്റൈൻ പ്രവാസിയായ പാർവതി രാമാനന്ദനും പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.
ഇന്ത്യ, യു.എ.ഇ, യു.കെ, യു.എസ്.എ, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള അമ്മമാരാണ് മറ്റ് എഴുത്തുകാർ. ഡോക്ടർമാർ, ശിശുരോഗ വിദഗ്ധർ, ഫോട്ടോഗ്രാഫർമാർ, പത്രപ്രവർത്തകർ, മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ, പ്രഫഷനലുകൾ, വീട്ടുജോലിക്കാർ എന്നിങ്ങനെ വിവിധ കർമമേഖലകളിൽ പ്രവർത്തിക്കുന്നവർ അനുഭവങ്ങൾ തുറന്നെഴുതുന്നു എന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്.
ഇരട്ടക്കുട്ടികളെ മുലയൂട്ടുന്നവർ, ജോലിക്കു പോകുന്നവർ എന്നിങ്ങനെ വ്യത്യസ്ത അനുഭവങ്ങൾ നേരിടുന്നവരുടെ വിവരണങ്ങൾ കണ്ണുതുറപ്പിക്കുന്നവയാണ്. കഠിനമായ സാഹചര്യങ്ങളിലൂം അതിജീവനത്തിന്റെ പ്രകാശബിന്ദുക്കളായി ഈ ചിന്തകൾ വായനക്കാരുടെ മുന്നിലെത്തുന്നു. ബഹ്റൈനിൽ ജനിച്ചുവളർന്ന മലയാളിയായ ദിൽറാസ് പിന്നീട് ഖത്തറിലേക്ക് കുടിയേറുകയായിരുന്നു. ഇപ്പോൾ ഖത്തറിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ കമ്യൂണിക്കേഷൻസ് മാനേജരാണ്.
പത്രപ്രവർത്തകയായും പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുള്ള ദിൽറാസ് റേഡിയോ, ടെലിവിഷൻ, പ്രിന്റ് മീഡിയ എന്നീ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചിരുന്നു. ഭർത്താവ് സുജിദ് റഹ്മാനോടും രണ്ടു കുട്ടികൾക്കുമൊപ്പം താമസിക്കുന്നു. കുട്ടികൾക്കുവേണ്ടി എഴുതപ്പെട്ട ‘സീ യു സൂൺ’ എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ് ദിൽറാസ്. ആമസോൺ, ഫ്ലിപ്കാർട്ട് വെബ്സൈറ്റുകളിൽ ‘ഡ്രോപ്സ് ഓഫ് നർച്ചർ’ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.