പ്രവാസികളുടെ മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരൽ; ഏകീകൃത നിയമം വേണമെന്ന് പ്രവാസി ലീഗൽ സെൽ
text_fieldsമനാമ: പ്രവാസികളുടെ മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ഏകീകൃത നിയമം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. ഈ വിഷയത്തിൽ ഡൽഹി ഹൈകോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
യു.കെയിൽ അടുത്തിടെ അന്തരിച്ച ഇന്ത്യൻ വംശജനായ ഹൈദരാബാദ് സ്വദേശിയുടെ മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുവാൻ ലണ്ടനിലെ ഇന്ത്യൻ മിഷൻ അനുവാദം നൽകിയില്ല. ഇന്ത്യൻ പൗരന്മാരുടെ മൃതശരീരം മാത്രമേ ഇന്ത്യയിലേക്ക് കൊണ്ടുവരുവാൻ സാധിക്കുകയുള്ളൂവെന്നും മറ്റു രാജ്യത്തെ പൗരത്വം സ്വന്തമാക്കിയ ഇന്ത്യൻ വംശജരുടെ മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നിലവിൽ വ്യവസ്ഥയില്ലെന്നുള്ള നിലപാടാണ് ഈ വിഷയത്തിൽ ലണ്ടനിലെ ഇന്ത്യൻ മിഷൻ സ്വീകരിച്ചത്.
ഇതിനെ ചോദ്യം ചെയ്ത് ഡൽഹി ഹൈകോടതിൽ നൽകിയ ഹരജിയിലാണ് ചരിത്രപരമായ വിധി ഇപ്പോൾ ഉണ്ടായത്. അമേരിക്കയിലെയും സിംഗപ്പൂരിലെയും ഇന്ത്യൻ എംബസികൾ ഇന്ത്യൻ വംശജരുടെ മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരാമെന്ന് പറയുമ്പോൾ ലണ്ടനിലെ ഇന്ത്യൻ മിഷൻ ഇന്ത്യൻ വംശജരുടെ മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുവാൻ സാധിക്കില്ലെന്ന് പറയുന്നത് നിയമവിരുദ്ധമാണെന്ന് ഡൽഹി ഹൈകോടതി ചൂണ്ടിക്കാട്ടി.
ഈ പശ്ചാത്തലത്തിലാണ് പ്രവാസികളുടെ മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ഏകീകൃത നിയമം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നിവേദനം നൽകിയത്. വിദേശത്തുള്ള പല ഇന്ത്യൻ മിഷനുകൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ ഏകീകൃത നിയമം ആവശ്യമാണെന്ന് നിവേദനത്തിൽ പറയുന്നു.
കൂടാതെ ചില രാജ്യത്തുനിന്ന് ഇന്ത്യക്കാരുടെ മൃതശരീരം കൊണ്ടുവരുന്നതിന് വലിയ കാലതാമസം ഉൾപ്പെടെ പ്രശ്നങ്ങൾ നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തിൽ ഇന്ത്യ ഗവൺമെന്റ് അനുകൂല നിലപാട് അടിയന്തരമായി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.