മലയാള ഭാഷയിലൂടെ പകർന്നുനൽകപ്പെടുന്നത്
text_fieldsമനാമ: മലയാള ഭാഷയിലൂടെ പകർന്നുനൽകപ്പെടുന്നത് കേരളത്തിന്റെ സമ്പന്നമായ സ്നേഹ സംസ്കാരവും കൂടിയാണെന്ന് മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച വിശ്വമലയാളം ആഗോളതല ഉദ്ഘാടനത്തിനെത്തിയ അദ്ദേഹത്തിന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.
കേവല ഭാഷ മാത്രമല്ല മലയാളം മിഷനിലൂടെ പകർന്നുനൽകാൻ ഉദ്ദേശിക്കുന്നതെന്നും, മറിച്ച് സാർവലൗകികതയുടെയും മാനവികതയുടെയും കേരളീയ സംസ്കാരം കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫാഷിസം എല്ലാ മേഖലയിലും പിടിമുറുക്കിക്കൊണ്ടിരിക്കുകയും ചരിത്രവും സംസ്കാരവും പഠിപ്പിക്കുന്നതിൽ നിയന്ത്രണങ്ങളേർപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഫാഷിസ ചിന്തകളെ വകഞ്ഞുമാറ്റാൻകൂടി മലയാള ഭാഷ പഠനമുപകരിക്കും. ലോകത്തെങ്ങുമുള്ള മലയാളികളെ കോർത്തിണക്കുന്ന ഭാഷാപരമായ പ്രത്യേകത ശക്തിപ്പെടുത്താനും അതുവഴി സ്വന്തം ദേശത്തോടും അതിന്റെ സംസ്കാരത്തോടുമുള്ള അഭിനിവേശം വർധിപ്പിക്കാനും കഴിയും.
ഒരു ഭാഷ, ഒരു സംസ്കാരം, ഒരു മതം എന്ന ഏകാത്മക സംസ്കാരത്തിലേക്ക് ഫാഷിസം അതിന്റെ പദ്ധതികൾ നടപ്പാക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്ന പ്രവർത്തനം കൂടിയാണ് പ്രാദേശിക ഭാഷകൾക്ക് നൽകുന്ന പ്രോത്സാഹനമെന്നും കാട്ടാക്കട കൂട്ടിച്ചേർത്തു. ഫ്രന്റ്സിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന ദിശ മലയാളം പാഠശാലയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഫ്രന്റ്സ് അസോസിയേഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സഈദ് റമദാൻ നദ് വി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി യൂനുസ് രാജ് സ്വാഗതമാശംസിച്ചു. ജനറൽ സെക്രട്ടറി എം. അബ്ബാസ് സമാപനം നിർവഹിച്ചു. മുരുകൻ കാട്ടാക്കടയെ പൊന്നാട അണിയിച്ച് ആദരിച്ചു.
മജീദ് തണൽ, മുഹമ്മദ് മുഹ്യുദ്ദീൻ, എം.എം. സുബൈർ, സജീർ കുറ്റ്യാടി, സി.എം. മുഹമ്മദലി, ബിജു എം. സതീഷ് തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.