സാധാരണക്കാരെയും പ്രവാസികളെയും മറന്ന ബജറ്റ് -കെ.എം.സി.സി
text_fieldsമനാമ: സാധാരണക്കാരെയും പാവപ്പെട്ടവരെയും പ്രവാസികളെയും കൈയൊഴിയുന്ന ബജറ്റാണ് കേന്ദ്ര-കേരള സർക്കാറുകളുടേതെന്ന് കെ.എം.സി.സി ബഹ്റൈൻ കുറ്റപ്പെടുത്തി. പ്രഖ്യാപനങ്ങളുടെ പെരുമഴയത്തും രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരെയും നിസ്സഹായരായ പാവപ്പെട്ടവരെയും രാഷ്ട്രത്തിനു വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളെയും പൂർണമായും മറന്നതിന് എന്തു ന്യായീകരണമാണ് സർക്കാറുകൾ നൽകാൻ പോകുന്നതെന്ന് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിൽ ചോദിച്ചു.
കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങി വാഗ്ദാനങ്ങൾ മാത്രമായി മാറുമ്പോൾ പൊതുജന ജീവിതം ദുരിതക്കയത്തിൽ മുങ്ങുകയാണ്. കേന്ദ്ര, കേരള സർക്കാറുകളുടെ ജനവിരുദ്ധ ബജറ്റിനെതിരെ കേരളത്തിലും രാജ്യത്ത് ഒന്നടങ്കവും പ്രതിഷേധം ഉയരണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ജനദ്രോഹ ബജറ്റ് പിൻവലിക്കണം -ഒ.ഐ.സി.സി
മനാമ: വിലക്കയറ്റംമൂലം പൊറുതിമുട്ടുന്ന കേരളത്തിലെ ജനങ്ങളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കുന്ന നികുതിനിർദേശങ്ങൾ പിൻവലിക്കണമെന്ന് ബഹ്റൈൻ ഒ.ഐ.സി.സി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. ഡീസലിനും പെട്രോളിനും അധിക നികുതി ഈടാക്കാനുള്ള തീരുമാനം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. അരിയും പച്ചക്കറിയും പാലും പഴങ്ങളും അടക്കം എല്ലാ സാധനങ്ങൾക്കും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിൽ ഡീസലിന്റെ വിലയിൽ വരുത്തുന്ന ഓരോ പൈസയുടെയും വർധന ജനജീവിതം ദുഷ്കരമാക്കും.
പ്രവാസികൾ വളരെക്കാലമായി ആവശ്യപ്പെടുന്ന പെൻഷൻ വർധന ഈ ബജറ്റിലും ഇല്ല എന്നത് പ്രവാസി സമൂഹത്തോട് കാണിക്കുന്ന വഞ്ചനയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും വർധന പ്രഖ്യാപിച്ചതാണ്. പ്രവാസികളെ സഹായിച്ചു എന്ന് കാണിക്കാൻ എയർടിക്കറ്റ് നിരക്ക് വർധന പരിഹരിക്കാൻ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. പക്ഷേ, ഈ തുക എങ്ങനെ വിനിയോഗിക്കുമെന്ന് ഒരു നിർദേശവും ഇല്ല. പ്രവാസികളിൽ ബഹുഭൂരിപക്ഷം ആളുകൾക്കും കമ്പനികളാണ് ടിക്കറ്റ് നൽകുന്നത്.
ടിക്കറ്റ് കൊടുക്കുക എന്നത് കമ്പനികളുടെ ഉത്തരവാദിത്തമാണ്. വിസയും മറ്റു സൗകര്യവും ഇല്ലാത്ത ആളുകളെ സഹായിക്കുക എന്നത് എംബസിയുടെ ചുമതലയാണ്. ടിക്കറ്റിനുവേണ്ടി മാറ്റിവെച്ചിട്ടുള്ള തുക പാവപ്പെട്ട പ്രവാസികളുടെയും മുൻ പ്രവാസികളുടെയും ചികിത്സക്ക് മാറ്റിവെച്ചിരുന്നെങ്കിൽ കൂടുതൽ പ്രയോജനമാകുമായിരുന്നു. പ്രവാസികളോടൊപ്പം നാട്ടിലെ പാവപ്പെട്ട ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ബജറ്റ് നിർദേശങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
കേരള ബജറ്റ് പ്രവാസികൾക്ക് ആശാവഹം
മനാമ: കേരളം കോവിഡിന്റെ വെല്ലുവിളികളെ ധീരമായി അതിജീവിച്ചെന്നും ഒടുവിൽ വളർച്ചയുടെയും സമൃദ്ധിയുടെയും പാതയിലേക്ക് മടങ്ങിയെത്തിയെന്നും കേരളം കടക്കെണിയിലല്ലെന്നും ബജറ്റ് പ്രസംഗത്തിന് തുടക്കമിട്ട ധനമന്ത്രി അഭിപ്രായപ്പെട്ടത് പ്രത്യാശക്ക് ഇടനൽകുന്നതാണ്. പ്രവാസി സമൂഹത്തെ അലട്ടുന്ന പ്രധാന പ്രശ്നമായ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വാഗതാർഹമാണ്.
പ്രവാസികളുടെ യാത്ര ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് വഴി ഒരു പ്രത്യേക പോര്‍ട്ടല്‍ നടപ്പാക്കാനാണ് ബജറ്റിലെ നിര്‍ദേശം. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ അഞ്ച് കോടിയുടെ പദ്ധതി, നൈപുണ്യ വികസനത്തിന് 84.6 കോടി എന്നിവയും പ്രവാസികളായ സാധാരണക്കാർക്ക് വളരെയധികം ആശാവഹമാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾക്കും നിക്ഷേപ സാധ്യതകൾക്കും ഉത്തേജനം നൽകുന്നതിനുമുള്ള ‘മേക് ഇൻ കേരള’ പദ്ധതി ദീർഘമായ കാഴ്ചപ്പാടോടെ കേരളം കെട്ടിപ്പടുക്കാൻ സഹായകമാകും എന്നുതന്നെ വിശ്വസിക്കുന്നു.
കേന്ദ്ര-സംസ്ഥാന ബജറ്റ്നി രാശജനകം -രാജു കല്ലുംപുറം
മനാമ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ബജറ്റ് ജനദ്രോഹപരവും പാവപ്പെട്ട ആളുകളുടെ ജീവിതം കൂടുതൽ ദുർഘടമാക്കുന്നതുമാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു. വിലക്കയറ്റംമൂലം രാജ്യത്തെ ജനങ്ങൾ കഷ്ടപ്പെടുന്ന സമയത്ത് വീണ്ടും കൂടുതൽ നികുതിനിർദേശങ്ങൾ ജനജീവിതം ദുഷ്കരമാക്കും. സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തു തീരുമാനവും എടുക്കാമെന്നാണ് ഭരണാധികാരികൾ കരുതുന്നതെങ്കിൽ കേരളത്തിലെ ജനങ്ങൾ തെരുവിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.