കെട്ടിട പുനർനിർമാണ നിബന്ധന: കരട് റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു
text_fieldsമനാമ: കെട്ടിട പുനർനിർമാണ നിബന്ധനകൾ പുനർനിർണയിച്ച കരട് മന്ത്രിസഭയോഗം അംഗീകരിച്ചു. ഉപപ്രധാനമന്ത്രിയും അടിസ്ഥാന സൗകര്യ വികസനകാര്യ മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച കരട് റിപ്പോർട്ട് അവതരിപ്പിച്ച് ചർച്ച ചെയ്തത്. ബഹ്റൈൻ സന്ദർശനത്തിനെത്തിയ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലിഹുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നടത്തിയ കൂടിക്കാഴ്ചയും ചർച്ചയും ഇരുരാജ്യങ്ങൾക്കുമിടയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണപത്രങ്ങളിൽ ഒപ്പുവെച്ചതും നേട്ടമാണെന്ന് വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് സന്ദർശിച്ച നടപടിയെ സ്വാഗതം ചെയ്തു. രാജ്യത്തെ സാമ്പത്തികവളർച്ചയിൽ ചേംബർ ഓഫ് കോമേഴ്സ് നിർവഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വളരെ വലുതാണെന്ന് കാബിനറ്റ് വിലയിരുത്തി. ഫ്ലക്സി വിസ നിർത്തലാക്കാനും വിവിധയിടങ്ങളിൽ തൊഴിൽപരിശോധന കർശനമാക്കാനുമുള്ള തീരുമാനം ഏറെ ഗുണകരമാകുമെന്നും വിലയിരുത്തി.
വിവിധ പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഏകീകൃത പ്രവർത്തനം ആവശ്യമാണെന്ന് വിലയിരുത്തി. പൊതു, സ്വകാര്യ മേഖലകൾ പരസ്പരം സഹകരിച്ച് നിക്ഷേപ സംരംഭങ്ങൾക്ക് അവസരമൊരുക്കാനുമുള്ള തീരുമാനം ഗുണകരമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇൻറർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ സമിതിയിൽ അംഗത്വം ലഭിച്ചതിനെ കാബിനറ്റ് സ്വാഗതം ചെയ്തു. സ്പെയിനിൽ നടന്ന ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള റോയൽ എൻഡുറൻസ് ടീമിന്റെ നേട്ടത്തെ കാബിനറ്റ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.