ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് മന്ത്രിസഭ
text_fieldsമനാമ: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്നും നിരപരാധികളെ ക്രൂരമായി കൊന്നൊടുക്കുന്നത് നീതീകരിക്കാനാവില്ലെന്നും മന്ത്രിസഭ. ഗസ്സ വിഷയം ചർച്ച ചെയ്യാനായി റിയാദിൽ വിളിച്ചുചേർത്ത അടിയന്തര ഉച്ചകോടിയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ പ്രതിനിധാനംചെയ്ത് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തതിനെയും ബഹ്റൈന്റെ നിലപാട് ആവർത്തിച്ചതിനെയും കാബിനറ്റ് അഭിനന്ദിച്ചു.
1967ലെ അതിർത്തികൾ അംഗീകരിച്ച് ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണമെന്ന ഉറച്ച നിലപാടാണ് ബഹ്റൈനുള്ളത്. ഉച്ചകോടിയിലും ഇക്കാര്യം കിരീടാവകാശി ആവർത്തിച്ചിരുന്നു. ഗസ്സയിലെ സാധാരണക്കാർക്ക് സഹായമെത്തിക്കാനും അന്താരാഷ്ട്ര യുദ്ധനിയമങ്ങൾ പാലിക്കാനും മേഖലയിലെ രാജ്യങ്ങൾക്കും ജനതക്കും സമാധാനം ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും കാബിനറ്റ് നന്ദി അറിയിച്ചു.
ജോർഡൻ രാജാവ് അബ്ദുല്ല അൽ ഥാനി ഇബ്നുൽ ഹുസൈൻ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നടത്തിയ കൂടിക്കാഴ്ചയെയും പ്രകീർത്തിച്ചു. തംകീൻ തൊഴിൽ ഫണ്ട് പുതുതായി പ്രഖ്യാപിച്ച പദ്ധതികളുടെ പ്രാധാന്യത്തെ കാബിനറ്റ് ഊന്നിപ്പറഞ്ഞു. ഈസ ബിൻ സൽമാൻ എജുക്കേഷൻ എൻഡോവ്മെന്റ് ചെയർമാന്റെ നേതൃത്വത്തിൽ ‘തംകീൻ’ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയും കാബിനറ്റ് പങ്കുവെച്ചു. വർഷം തോറും 50,000 സ്വദേശികൾക്ക് പിന്തുണ നൽകാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ സുപ്രധാനമായ മൂന്ന് പദ്ധതികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും ചെയ്യും. പുതുതായി തൊഴിൽ വിപണിയിൽ പ്രവേശിച്ചവർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകി തൊഴിലുടമകളും സ്ഥാപനങ്ങളും പ്രഥമ പരിഗണന നൽകുന്ന തരത്തിൽ മാറ്റിയെടുക്കുകയും ചെയ്യും.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുകയും ഇതുവഴി സ്വകാര്യ മേഖലയിലെ സ്വദേശികൾക്ക് വേതന വർധന ഉറപ്പാക്കുകയും ചെയ്യും. നാഷനൽ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങളിൽ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും കാര്യമായ ശ്രദ്ധ പുലർത്തുകയും മുന്നോട്ടു വെച്ചിട്ടുള്ള നിർദേശങ്ങൾ കാലതാമസമില്ലാതെ നടപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
പൊതുസമ്പത്തിൽ സൂക്ഷ്മത പുലർത്തുന്നതിൽ തികഞ്ഞ ജാഗ്രതയുണ്ടാവേണ്ടതുണ്ട്. സേവനാനന്തര ആനുകൂല്യം സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന സ്വദേശികളല്ലാത്തവർക്കും സോഷ്യൽ ഇൻഷുറൻസ് ഫണ്ട് വഴി നൽകുന്നതിനും അതുവഴി ഫണ്ടിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള നിർദേശം ചർച്ച ചെയ്തു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.