ഭരണാധികാരികൾക്ക് ഈദാശംസകൾ നേർന്ന് മന്ത്രിസഭ
text_fieldsമനാമ: ബലിപെരുന്നാൾ അടുത്തെത്തിയ സാഹചര്യത്തിൽ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും മന്ത്രിസഭ ഈദാശംസകൾ നേർന്നു.
റിഫയിൽ വൈദ്യുതി സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത് പ്രദേശത്തെ വൈദ്യുതി വിതരണം കൂടുതൽ ശക്തമാക്കുമെന്ന് വിലയിരുത്തി. വൈദ്യുതി പദ്ധതി വിപുലപ്പെടുത്തുന്നതിന് കുവൈത്ത് ഡെവലപ്മെന്റ് ഫണ്ടും സർക്കാറും തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെച്ചതായി യോഗത്തിൽ അധ്യക്ഷത വഹിച്ച ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി.
ബഹ്റൈനിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്ക് വിശുദ്ധ സ്ഥലങ്ങളിൽ ആവശ്യമായ എല്ലാ സംവിധാനങ്ങളുമൊരുക്കാൻ നിർദേശം നൽകിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നടപടിയെ കാബിനറ്റ് അഭിനന്ദിച്ചു. അധ്യയന വർഷത്തെ പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും അവരെ പഠിപ്പിച്ച അധ്യാപകർക്കും കാബിനറ്റ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
വ്യാപാര സ്ഥാപനങ്ങൾക്ക് ഏകീകൃത ബാങ്ക് അക്കൗണ്ട് പദ്ധതി നടപ്പാക്കുന്നതിനുള്ള കരട് അവതരിപ്പിച്ചു. വ്യാപാര, വ്യവസായ മന്ത്രിയുടെ റഷ്യൻ സന്ദർശനവും സാന്റ് പീറ്റർബർഗിൽ സംഘടിപ്പിച്ച സാമ്പത്തിക ഫോറത്തിലെ പങ്കാളിത്തവും സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു.ഉപപ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം ഗുദൈബിയ പാലസിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.