മേഖലയിൽ യുദ്ധ സമാന സാഹചര്യങ്ങൾ ഉരുണ്ടുകൂടുന്നത് ഒഴിവാക്കണം -മന്ത്രിസഭ
text_fieldsമനാമ: മേഖലയിൽ യുദ്ധ സമാന സാഹചര്യങ്ങൾ ഉരുണ്ടുകൂടുന്നത് ഒഴിവാക്കണമെന്നും യുദ്ധത്തിന്റെയും ആക്രമണത്തിന്റെയും പാത വെടിഞ്ഞ് മേഖലയിൽ സമാധാനമുണ്ടാകണമെന്നും മന്ത്രിസഭ യോഗം. യു.എൻ രക്ഷാസമിയുടെയും അറബ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര വേദികളുടെയും ശ്രമങ്ങൾ ഇക്കാര്യത്തിൽ ശക്തിപ്പെടുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.
2024 ആദ്യ പകുതിയിൽ 12,000 സ്വദേശികൾക്ക് തൊഴിൽ നൽകിയത് നേട്ടമാണെന്ന് മന്ത്രിസഭ വിലയിരുത്തി. തൊഴിൽ വിപണിയിലുണ്ടായ വളർച്ച പ്രതീക്ഷയുണർത്തുന്നതാണ്. ഈ വർഷം ലക്ഷ്യമിട്ടതിന്റെ 63 ശതമാനം ആദ്യ പകുതിയിൽ തന്നെ പൂർത്തീകരിച്ചത് അഭിമാനകരമാണ്. വർഷത്തിൽ 20,000 സ്വദേശികൾക്ക് തൊഴിൽ നൽകണമെന്നായിരുന്നു തീരുമാനം.
സ്വദേശികളെ തൊഴിലിന് നിശ്ചയിച്ച മുഴുവൻ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലക്കും കാബിനറ്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഈ വർഷം ആദ്യ പകുതിയിൽ 8637 സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകാനും റിപ്പോർട്ട് കാലയളവിൽ സാധിച്ചതായി തൊഴിൽ മന്ത്രാലയം അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ വർഷം പൂർത്തീകരിക്കേണ്ടതിന്റെ 86 ശതമാനമാണിത്. 10,000 സ്വദേശികൾക്ക് പരിശീലനം നൽകണമെന്നായിരുന്നു തീരുമാനം.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ യു.എ.ഇ സന്ദർശനം വിജയകരമായിരുന്നുവെന്ന് വിലയിരുത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി ചർച്ച നടത്തുകയും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
ബഹ്റൈനും സൗദിയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും ഉൽപന്നങ്ങൾക്ക് പരസ്പര വിപണി കണ്ടെത്തുന്നതിനുള്ള തകാമുൽ പദ്ധതി നടപ്പാക്കുന്നതിനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കരാറുകളും ഫലപ്രദമായ സംരംഭങ്ങളും ഇരുരാജ്യങ്ങൾക്കും സാമ്പത്തിക, വ്യാപാര മേഖലകളിൽ വളർച്ചക്കും വികാസത്തിനും അവസരമൊരുക്കുന്നതാണെന്നും വിലയിരുത്തി.
ബഹ്റൈന്റെ ഇ-പാസ്പോർട്ടിന് റെഡ് ഡോട്ട് ഇന്റർനാഷനൽ ഡിസൈൻ അവാർഡ് കരസ്ഥമാക്കിയത് നേട്ടമാണെന്ന് വിലയിരുത്തി. ബഹ്റൈനിൽനിന്നും യാത്ര ചെയ്യുന്നവർക്ക് സുരക്ഷാ നിർദേശങ്ങളും യാത്ര നടപടിക്രമങ്ങളും വിശദീകരിക്കുന്ന ബോധവത്കരണം നടത്താൻ വിദേശകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശങ്ങളനുസരിച്ച് യാത്രകൾ ക്രമപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ഇതിനോടൊപ്പം നൽകും. യുവാക്കൾക്ക് കൂടുതൽ അവസരം നൽകുന്നതിന് നിക്ഷേപ പദ്ധതികളുണ്ടാകണം.
ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ കീഴിൽ യുവജന, കായിക സുപ്രീം കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഇക്കാര്യത്തിൽ മാതൃകാപരമാണെന്നും വിലയിരുത്തി. അന്താരാഷ്ട്ര യുവജന ദിനത്തിൽ യുവാക്കളുടെ കഴിവുകളും കണ്ടുപിടിത്തങ്ങളും സംരംഭങ്ങളും കൂടുതൽ ശക്തമാക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും നിർദേശിക്കുകയും ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.