മന്ത്രിസഭ യോഗം: കോവിഡ്: പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നത് സ്വാഗതാർഹം
text_fieldsമനാമ: കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള കോവിഡ് പ്രതിരോധ ഏകോപന സമിതിയുടെ തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ കോവിഡിനെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.വ്യക്തികളും കുടുംബങ്ങളും സമൂഹവും ഒറ്റക്കെട്ടായി കോവിഡിനെ നേരിടാന്‍ സജ്ജമാകണമെന്ന് പ്രിന്‍സ് സല്മാന് ആഹ്വാനം ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.തടവുകാരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം സ്വീകരിച്ച നടപടികളില്‍ മന്ത്രിസഭ സംതൃപ്തി പ്രകടിപ്പിച്ചു.
എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന് മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന മെഡിക്കല്‍ ടീം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ വിലമതിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.സാമൂഹിക സുരക്ഷ പെന്ഷന് വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും നല്കുന്ന സഹായം ഇരട്ടിയാക്കുന്നതിന് പ്രധാനമന്ത്രി നിര്‍ദേശം നല്കി. കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങളുടെ പ്രയാസം ലഘൂകരിക്കുന്നതിന് ഇത് സഹായകമാകും. മുന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ പ്രത്യേക നിര്‍ദേശപ്രകാരം യു.എന്‍ അംഗീകരിച്ച മനസ്സാക്ഷി ദിനം ആചരിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിെൻറ സേവനങ്ങളെ അനുസ്മരിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് കാബിനറ്റ് അഭിപ്രായപ്പെട്ടു. സ്നേഹത്തിെൻറയും സഹവര്‍ത്തിത്വത്തിെൻറയും സന്ദേശമാണ് അദ്ദേഹം ലോകത്തിന് നല്‍കിയത്.
സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഏര്പ്പെടുത്തുന്നതിനെക്കുറിച്ച നിയമവശങ്ങള്‍ മന്ത്രിതല നിയമനിർമാണ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും കാബിനറ്റില്‍ സമര്‍പ്പിക്കുകയും ചെയ്തു. പത്രപ്രസിദ്ധീകരണങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണ കാര്യ മന്ത്രാലയ സമിതിയുടെ ശിപാര്‍ശകളും സമര്‍പ്പിച്ചു. വിദേശ ഭാഷകളുടെ പഠനവുമായി ബന്ധപ്പെട്ട് പൊതു വിദ്യാലയങ്ങളില്‍ ഘട്ടം ഘട്ടമായി ഓപ്ഷനല്‍ എന്നനിലക്ക് നടപ്പാക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ശിപാര്‍ശ സഭയില്‍ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.