മന്ത്രിസഭ യോഗം: ജി.സി.സി ഉച്ചകോടി തീരുമാനങ്ങൾ സ്വാഗതം ചെയ്തു
text_fieldsമനാമ: ജി.സി.സി ഉച്ചകോടി വിജയകരമായി പര്യവസാനിച്ചത് ആഹ്ലാദകരമാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം വിലയിരുത്തി. സൗദി അറേബ്യയുടെ ആതിഥേയത്വത്തില്‍ ചേര്‍ന്ന ഉച്ചകോടിയിൽ അംഗരാജ്യങ്ങള്‍ തമ്മിലെ ബന്ധം ശക്തമാക്കാനുള്ള സുപ്രധാന തീരുമാനങ്ങളുണ്ടായത് നേട്ടമാണ്. മേഖലയില്‍ ശക്തമായ സാന്നിധ്യമായി നിലകൊള്ളാന്‍ ജി.സി.സി രാഷ്്ട്രങ്ങള്ക്കുള്ള മികവ് പ്രകടിപ്പിക്കുന്ന സമ്മേളനം കൂടിയായിരുന്നു ഇത്. ഉച്ചകോടിയിലെ തീരുമാനങ്ങളെ സ്വാഗതം ചെയ്തതോടൊപ്പം സൗദിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഊർജസ്വലതയോടെ കൂട്ടായ്മക്ക് മുന്നോട്ടുപോകാനാകട്ടെയെന്ന് ആശംസിച്ചു.
'ദി ലൈന്‍' എന്ന പേരില്‍ സൗദിയുടെ വളര്‍ച്ചയും വികാസവും ഉറപ്പാക്കുന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ചതിനെയും മന്ത്രിസഭ സ്വാഗതം ചെയ്തു. ബഹ്റൈന്‍ എയര്‍പോര്‍ട്ട് പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് നേട്ടമാണെന്ന് മന്ത്രിസഭ വിലയിരുത്തി. മേഖലയിലെ തന്നെ മികച്ച എയര്പോര്ട്ടുകളിലൊന്നാകാനുള്ള ശ്രമം വിജയം കാണുന്നതില്‍ യോഗം ആഹ്ലാദം പ്രകടിപ്പിച്ചു. ജനുവരി 28ന് ഇതിെൻറ ഉദ്ഘാടന കര്‍മം നിര്‍വഹിക്കുമെന്ന, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ പ്രസ്താവന അഭിമാനകരമാണ്. ഏവിയേഷന്‍ മേഖലയില്‍ മികച്ച നിക്ഷേപക സംരംഭമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ടെര്‍മിനല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം പ്രിന്‍സ് സല്മാന് വിലയിരുത്തിയിരുന്നു. മികച്ച രീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും കാബിനറ്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തി.
നാഷനല്‍ ഗാര്‍ഡിെൻറ 24 ാമത് സ്ഥാപക ദിനാചരണം സമുചിതമായി സംഘടിപ്പിച്ചതും അവലോകനം ചെയ്തു. മികച്ച കഴിവുള്ള വിഭാഗമായി വളര്‍ത്തിക്കൊണ്ടുവരാനും അതുവഴി സുരക്ഷാ രംഗത്ത് കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും നാഷനല്‍ ഗാര്‍ഡിന് സാധിക്കട്ടെയെന്ന് പ്രിന്‍സ് സല്മാന് ആശംസിച്ചു. ബഹ്റൈെൻറ നയതന്ത്ര മേഖല വിപുലപ്പെടുത്തുന്നതിനും മേഖലയിലും അന്താരാഷ്്ട്ര തലത്തിലും രാജ്യത്തിെൻറ യശസ്സ് ഉയര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാബിനറ്റ് പിന്തുണ പ്രഖ്യാപിച്ചു. ജനുവരി 14 നയതന്ത്ര ദിനമായി ആചരിക്കുന്നതിന് ഹമദ് രാജാവ് നല്കുന്ന പിന്തുണക്ക് നന്ദി അറിയിക്കുകയും ചെയ്തു.
നയതന്ത്ര മേഖലയില്‍ കൂടുതല്‍ ഊർജസ്വലമായി പ്രവര്‍ത്തിക്കാന്‍ ദിനാചരണം വഴി സാധിക്കുമെന്നും ഈ രംഗത്തെ മികവ് രാജ്യത്തെ ശ്രദ്ധാകേന്ദ്രമാക്കുമെന്നും കാബിനറ്റ് വിലയിരുത്തി. ഖത്തര്‍ അധികൃതര്‍ തടഞ്ഞുവെച്ച മീന്‍ പിടുത്തക്കാര്‍ക്ക് നഷ്്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് സഭ ചര്‍ച്ച ചെയ്തു. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ സുപ്രധാനമാണെന്നും ഇക്കാര്യത്തില്‍ വിട്ടു വീഴ്ചക്കില്ലെന്നും സഭ വ്യക്തമാക്കി. ഖത്തറിെൻറ പിടിയിലായ മുഴുവന്‍ പേരെയും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജക്കാര്‍ത്തയിലുണ്ടായ വിമാനാപകടത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ഓണ്‍ലൈന്‍ വ്യാപാരവുമായി ബന്ധപ്പെട്ടും ഈ മേഖലയില്‍ നിക്ഷേപ സംരംഭങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള നിയമ നിര്‍ദേശങ്ങള്‍ കാബിനറ്റ് ചര്‍ച്ച ചെയ്തു.
150 ടണ്ണില്‍ കവിയാത്ത ചെറു കപ്പലുകളുടെ ലൈസന്‍സ് നടപടികളുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തു. സമ്മാനങ്ങള്‍ നല്‍കുകയും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളുടെ നടപടിക്രമങ്ങളും സാമ്പത്തിക സന്തുലനവും സഭ ചര്‍ച്ച ചെയ്തു. ബഹ്റൈനും അമേരിക്കയും തമ്മില്‍ വ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയായി. സുന്നീ, ജഅ്ഫരീ ഒൗഖാഫുകളുടെ സമിതികള്‍ പുന:സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രി വിശദീകരിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.