മന്ത്രിസഭ: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത
text_fieldsമനാമ: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്ന് മന്ത്രിസഭ യോഗം. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ അധ്യക്ഷത വഹിച്ചു. ജിദ്ഹഫ്സിലും നഈമിലും നടന്ന തീവ്രവാദ സ്ഫോടന ശ്രമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും സുരക്ഷ വിഭാഗം സ്വീകരിച്ച നടപടികളിൽ സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു. എ.ടി.എം തകര്‍ക്കാനുദ്ദേശിച്ചാണ് സ്ഫോടനം ആസൂത്രണം ചെയ്തിരുന്നത്. സുരക്ഷ വിഭാഗത്തിെൻറ ഇടപെടലിനെ തുടര്‍ന്ന് ശ്രമം നിഷ്ഫലമാവുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ ജാഗ്രത നടപടികള്‍ കൈക്കൊള്ളാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.
മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ ഹാര്‍ട്ട് സെൻറര്‍ ഹൃദയചികിത്സ മേഖലയില്‍ വലിയ നേട്ടമാണെന്ന് കാബിനറ്റ് വിലയിരുത്തി. കഴിഞ്ഞയാഴ്ചയാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ ചികിത്സ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ചികിത്സ മേഖലയില്‍ പുരോഗതി കൈവരിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുന്നതില്‍ കാബിനറ്റ് ആഹ്ലാദം രേഖപ്പെടുത്തുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രിസഭ യോഗം വിലയിരുത്തുകയും കൂടുതല്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കോവിഡ് പ്രതിരോധ സമിതി നടപ്പാക്കിക്കൊണ്ടിരിക്കുന്ന മുഴുവന്‍ നടപടികളും ആശാവഹമാണെന്നും വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ മാത്രമേ കോവിഡ് വ്യാപനത്തോത് കുറക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രിസഭ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. യമന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് കാബിനറ്റ് പിന്തുണ പ്രഖ്യാപിച്ചു. മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിന് വിവിധ രാഷ്ട്രങ്ങളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അത്യന്താപേക്ഷിതമാണെന്നും യോഗം വ്യക്തമാക്കി. യമന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ യു.എസിെൻറ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ബഹ്റൈനും ഡിജിറ്റല്‍ കോഓപറേഷന്‍ ഓര്‍ഗനൈസേഷനും തമ്മില്‍ സഹകരണ കരാറില്‍ ഒപ്പുവെക്കാന്‍ കാബിനറ്റ് അംഗീകാരം നല്കി.
ഡിജിറ്റല്‍ വികസനവും അംഗരാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക, നിക്ഷേപ സഹകരണവും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള കരാറാണിത്. സാമ്പത്തിക ക്രയവിക്രയ, നിക്ഷേപ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ബഹ്റൈന്‍ ചേംബര്‍ ഓഫ് കോമേഴ്സിെൻറ കരട് നിയമത്തില്‍ ഭേദഗതി സംബന്ധിച്ച നിയമനിര്‍മാണ മന്ത്രിതല സമിതിയുടെ നിര്‍ദേശം കാബിനറ്റ് അംഗീകരിച്ചു. നിയമ മേഖലയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട് നിയമത്തില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതിക്കും അംഗീകാരം നല്കി.
വൈദ്യുതി, ജല ശൃംഖലകള്‍ നിയന്ത്രിക്കുന്നതിനായി പുതിയ കേന്ദ്രം സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയ സമിതിയുടെ നിര്‍ദേശത്തിനും അംഗീകാരം നല്കി. അപകടകരമായ വസ്തുക്കള്‍, അവയുടെ സംഭരണ സ്ഥലങ്ങള്‍, പരിശോധന സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി അവതരിപ്പിക്കുകയും ശിപാര്‍ശകള്‍ അംഗീകരിക്കുകയും ചെയ്തു. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.