പാർപ്പിടപദ്ധതികൾക്ക് മുഖ്യ പരിഗണനയെന്ന് മന്ത്രിസഭ
text_fieldsമനാമ: ജനങ്ങൾക്ക് അനുയോജ്യമായ പാർപ്പിടം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുഖ്യ പരിഗണന നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
അടിസ്ഥാന സൗകര്യവികസനം സംബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടിലൂന്നി മുന്നോട്ടുപോകാനും അതുവഴി സ്വദേശികൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കുമെന്ന് മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
സ്വകാര്യമേഖലയുമായി സഹകരിച്ച് പാർപ്പിട വിഷയത്തിൽ വേഗത്തിൽ പരിഹാരം കാണുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭവനവായ്പകൾ കൂടുതലായി അനുവദിക്കാൻ 'മസായ' പദ്ധതി വിപുലീകരിക്കും. വായ്പകൾക്കുള്ള സർക്കാർ സബ്സിഡി ഉടൻതന്നെ ലഭിക്കുന്നതിനുള്ള സംവിധാനവുമൊരുക്കും. ഇതുമായി ബന്ധപ്പെട്ട അനുബന്ധ നടപടികൾ സ്വീകരിക്കുന്നതിന് ഭവന മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ലോസി പ്രദേശത്തുണ്ടായ മഴക്കെടുതിയെക്കുറിച്ച് പ്രധാനമന്ത്രി റിപ്പോർട്ട് തേടി. ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിലാക്കാൻ അദ്ദേഹം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
ലോസി പ്രദേശത്ത് അടിസ്ഥാന സൗകര്യം കൂടുതൽ മെച്ചപ്പെടുത്താനും സമാന സാഹചര്യങ്ങളുണ്ടാവുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കാൻ മുന്നോട്ടുവന്ന മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
ആശൂറയോടനുബന്ധിച്ച് വിവിധ പ്രദേശങ്ങളിലെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കുന്നതിന് നടപടിയെടുക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.