ബദൽ ശിക്ഷാ രീതികൾ പരിഷ്കരിച്ച ഉത്തരവ് സ്വാഗതം ചെയ്ത് മന്ത്രിസഭ
text_fieldsമനാമ: ബദൽ ശിക്ഷാ രീതികൾ പരിഷ്കരിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുറപ്പെടുവിച്ച ഉത്തരവിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. ശിക്ഷാ വിധി ലഭിച്ചവരെ സാമൂഹിക സേവന മേഖലകളിൽ ഉപയോഗപ്പെടുത്താൻ ഇതുവഴി സാധിക്കും. സമൂഹത്തിൽ സദ്ഫലങ്ങളുദ്ദേശിച്ച് നടപ്പാക്കാൻ നിർദേശിച്ചിരിക്കുന്ന ഇൗ പദ്ധതി ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയത്തിന് സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. സൈപ്രസ് പ്രസിഡൻറ് നികോസ് അനാസ്താസിയാദെസിെൻറ ബഹ്റൈൻ സന്ദർശനം ഇരുരാജ്യവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലുള്ള സഹകരണം വ്യാപിപ്പിക്കാനും ഇടയാക്കുമെന്ന് കാബിനറ്റ് വിലയിരുത്തി. ഹമദ് രാജാവുമായുള്ള അദ്ദേഹത്തിൻെറ കൂടിക്കാഴ്ച പ്രതീക്ഷയോടെയാണ് കാണുന്നത്.
വിവിധ രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധവും സഹകരണവും രാജ്യത്തിന് കരുത്ത് പകരുമെന്നും മന്ത്രിസഭ വ്യക്തമാക്കി.അന്താരാഷ്ട്ര ജനാധിപത്യ ദിനമാചരിക്കുന്ന വേളയിൽ രാജ്യത്തെ ജനാധിപത്യ നടപടികൾക്ക് ഗതിവേഗം പകരാൻ ഹമദ് രാജാവിെൻറ കാഴ്ചപ്പാടുകൾക്ക് സാധ്യമായതായി യോഗം വിലയിരുത്തി. ജനങ്ങളുടെ പ്രശ്നങ്ങൾ അടിത്തട്ടിൽനിന്നും മനസ്സിലാക്കാനും അവ പരിഹരിക്കാനും ബഹ്റൈനിലെ ജനാധിപത്യ സംവിധാനം പ്രാപ്തമാണ്. വികസനവും പുരോഗതിയും നേടിയെടുക്കാനുള്ള വഴിയായി അവയെ ഉപയോഗപ്പെടുത്താൻ സാധിച്ചതായും വ്യക്തമാക്കി. ഔദ്യോഗിക, സ്പെഷൽ, നയതന്ത്ര വിസകളുള്ളവർക്ക് ചാർജ് ഒഴിവാക്കുന്ന വിഷയത്തിൽ ബഹ്റൈനും ശ്രീലങ്കയും തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെക്കാനുള്ള നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി.
ഓയിൽ, ഗ്യാസ് മേഖലയിൽ മൊറോക്കോയും ബഹ്റൈനും തമ്മിൽ സഹകരിക്കുന്നതിനുള്ള മന്ത്രിതല സമിതിയുടെ നിർദേശത്തിനും അംഗീകാരമായി. ഉച്ചവിശ്രമ സമയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ തൊഴിലിടങ്ങളിൽ നടത്തിയ പരിശോധനകളെക്കുറിച്ച് തൊഴിൽ-സാമൂഹിക ക്ഷേമ കാര്യമന്ത്രി വിശദീകരിച്ചു. 11,342 പരിശോധനകൾ വിവിധ തൊഴിലിടങ്ങളിൽ നടത്തിയതായും നിയമം പാലിക്കുന്നതിൽ മിക്ക സ്ഥാപനങ്ങളും ജാഗ്രത പുലർത്തിയതായും മന്ത്രി വ്യക്തമാക്കി. സർക്കാർ സ്കൂളുകൾ ഐടി അധിഷ്ഠിത സ്കൂളുകളാക്കി മാറ്റുന്നതിന് മൈക്രോസോഫ്റ്റുമായുള്ള സഹകരണം ഗുണം ചെയ്തതായി യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.