ഭരണാധികാരികൾക്കും ജനതക്കും; റമദാൻ ആശംസകൾ നേർന്ന് മന്ത്രിസഭ
text_fieldsമനാമ: റമദാൻ അടുത്തെത്തിയ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും മാർക്കറ്റിലെ ഭക്ഷ്യലഭ്യതയും മന്ത്രിസഭായോഗം വിലയിരുത്തി. റമദാനിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ ന്യായമായവിലയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത് തൃപ്തികരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പൊതുപദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുനിസിപ്പൽ, കാർഷിക മന്ത്രാലയം അവതരിപ്പിച്ച ബില്ലിന് യോഗം അംഗീകാരം നൽകി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും ബഹ്റൈൻ ജനതക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും കാബിനറ്റ് റമദാൻ ആശംസകൾ നേർന്നു. നന്മയുടെയും സമാധാനത്തിന്റെയും ആത്മീയ ഉന്നതിയുടേയും ദിനരാത്രങ്ങളായി റമദാൻ മാറട്ടെയെന്നും ആശംസിച്ചു.
രാജ്യസ്നേഹവും കൂറും ശക്തിപ്പെടുത്തുന്നതിന് ആഭ്യന്തരമന്ത്രാലയം സാമൂഹിക, യുവജന പങ്കാളിത്തത്തോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ കാബിനറ്റ് പ്രത്യേകം പ്രശംസിച്ചു. യുവജനങ്ങളെ രാജ്യനിർമാണ പ്രക്രിയയിൽ സക്രിയമായി പങ്കുചേർക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ ഭരണകാലഘട്ടത്തിൽ സാധിച്ചതായി മന്ത്രിസഭ വിലയിരുത്തി. മാർച്ച് 25 ബഹ്റൈൻ യുവജനദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് യുവജനങ്ങളുടെ ക്രയശേഷി രാജ്യതാൽപര്യത്തിന് ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച നടന്നത്.
ചരക്കുകൾ കൈകാര്യം ചെയ്യുന്നതിലും മികച്ച ജീവനക്കാരിലും മേഖലയിലെ ഏറ്റവും നല്ല എയർപോർട്ടിനുള്ള പുരസ്കാരം ബഹ്റൈൻ അന്താരാഷ്ട്ര എയർപോർട്ടിന് ലഭിച്ചത് നേട്ടമാണ്. ഹോളണ്ടിൽ നടക്കുന്ന പാസഞ്ചർ ടെർമിനൽ എക്സ്പോയിലാണ് ഇത്തരമൊരു പുരസ്കാരം ലഭിച്ചത്. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ആഭ്യന്തര മന്ത്രാലയം, ബഹ്റൈൻ എയർപോർട്ട് കമ്പനി, ഗതാഗത, ടെലികോം മന്ത്രാലയം എന്നിവക്ക് പ്രത്യേകം അനുമോദനങ്ങളും നേർന്നു. വിവിധ മന്ത്രിമാരുടെ വിദേശ സന്ദർശനങ്ങളുടെയും പങ്കെടുത്ത പരിപാടികളുടെയും റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.