വാക്സിൻ എടുക്കാം; കോവിഡിനെ പ്രതിരോധിക്കാം
text_fieldsമനാമ: കോവിഡ് വ്യാപനം വീണ്ടും വർധിച്ചതോടെ വാക്സിനേഷനെക്കുറിച്ചും ആളുകൾ കൂടുതലായി ചിന്തിച്ചുതുടങ്ങുകയാണ്. ഡിസംബർ ആദ്യം കുറഞ്ഞുതുടങ്ങിയ കോവിഡ് കേസുകൾ ഇപ്പോൾ വീണ്ടും കുതിച്ചുയരാൻ തുടങ്ങിയത് എല്ലാവരെയും ആശങ്കയിലാക്കുന്നുണ്ട്.
ഇൗ സാഹചര്യത്തിൽ, കർശനമായ മുൻകരുതൽ നടപടികൾക്കൊപ്പം കോവിഡ് വാക്സിെൻറയും പ്രാധാന്യം വിലപ്പെട്ടതാണ്. ബഹ്റൈനിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
നിലവിൽ മൂന്നു വാക്സിനുകളാണ് ബഹ്റൈനിൽ നൽകുന്നത്.
ഇതിനുപുറമെ, റഷ്യയുടെ സ്പുട്നിക് -5 വാക്സിെൻറ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞദിവസം ബഹ്റൈനിൽ അനുമതി നൽകിയിട്ടുണ്ട്. ഇൗ വാക്സിൻ എത്തിയാൽ അതും നൽകാൻ തുടങ്ങും.
1. സിനോഫാം വാക്സിൻ
ചൈനയിലെ സിനോഫാം ഗ്രൂപ് കമ്പനി ഉൽപാദിപ്പിച്ചതാണ് സിനോഫാം വാക്സിൻ. ഇൗ വാക്സിെൻറ ക്ലനിക്കൽ പരീക്ഷണവും ബഹ്റൈനിൽ നടത്തിയിരുന്നു. 35 ദിവസത്തെ ഷെഡ്യൂളാണ് ഇൗ വാക്സിനുള്ളത്. ആദ്യ ഡോസ് സ്വീകരിച്ച് 21ാം ദിവസം രണ്ടാം ഡോസ് സ്വീകരിക്കണം. 35 ദിവസമാകുേമ്പാൾ ശരീരത്തിൽ കൊറോണ വൈറസിനെതിരായ ആൻറിബോഡി ഉൽപാദിപ്പിക്കപ്പെടും.
2. ഫൈസർ-ബയോൻടെക് വാക്സിൻ
അമേരിക്കൻ കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൻടെക്കും ചേർന്ന് വികസിപ്പിച്ചതാണ് ഫൈസർ-ബയോൻടെക് വാക്സിൻ. 35 ദിവസത്തെ ഷെഡ്യൂളാണ് ഇൗ വാക്സിനുള്ളത്. ആദ്യ ഡോസ് സ്വീകരിച്ച് 21ാം ദിവസം രണ്ടാം ഡോസ് സ്വീകരിക്കണം. 35 ദിവസമാകുേമ്പാൾ ശരീരത്തിൽ കൊറോണ വൈറസിനെതിരായ ആൻറിബോഡി ഉൽപാദിപ്പിക്കപ്പെടും.
3. കോവിഷീൽഡ്-ആസ്ട്രസെനക വാക്സിൻ
ഒാക്സ്ഫഡ് യൂനിവേഴ്സിറ്റിയുമായി ചേർന്ന് ആസ്ട്രസെനക കമ്പനി വികസിപ്പിച്ചതാണ് കോവിഷീൽഡ് -ആസ്ട്രസെനക വാക്സിൻ. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇൗ വാക്സിൻ ഉൽപാദിപ്പിക്കുന്നത്. 42 ദിവസത്തെ ഷെഡ്യൂളാണ് ഇൗ വാക്സിനുള്ളത്. ആദ്യ ഡോസ് സ്വീകരിച്ച് 28ാം ദിവസം രണ്ടാം ഡോസ് സ്വീകരിക്കണം. 42 ദിവസമാകുേമ്പാൾ ശരീരത്തിൽ കൊറോണ വൈറസിനെതിരായ ആൻറിബോഡി ഉൽപാദിപ്പിക്കപ്പെടും.
രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?
https://healthalert.gov.bh എന്ന ആരോഗ്യമന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയും BeAware Bahrain എന്ന മൊബൈൽ ആപ് വഴിയും കോവിഡ് വാക്സിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. വെബ്സൈറ്റിെൻറ ഹോംപേജിൽതന്നെ രജിസ്ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. മൊബൈൽ ആപ്പിൽ eServices എന്ന വിഭാഗത്തിൽ രജിസ്ട്രേഷൻ ലിങ്ക് നൽകിയിട്ടുണ്ട്. ഇൗ ലിങ്ക് ലഭ്യമല്ലെങ്കിൽ ആപ് അപ്ഡേറ്റ് ചെയ്യണം. സി.പി.ആർ വിവരങ്ങൾ നൽകിയാണ് വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടത്. മൊബൈൽ ആപ് വഴി രജിസ്റ്റർ ചെയ്യുന്നതാണ് കൂടുതൽ എളുപ്പം.
18 വയസ്സിന് മുളകിലുള്ളവർക്കാണ് നിലവിൽ വാക്സിൻ നൽകുന്നത്. ഏത് വാക്സിനാണ് വേണ്ടതെന്ന് രജിസ്ട്രേഷെൻറ തുടക്കത്തിൽതന്നെ തെരഞ്ഞെടുക്കണം. ഏതെങ്കിലും വാക്സിനോട് അലർജിയുണ്ടോ, നിലവിൽ എന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ, കരൾ രോഗം, വൃക്കരോഗം, ഹൃദ്രോഗം, പ്രമേഹം, ഹൈപ്പർടെൻഷൻ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങളും നൽകണം. രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ വാക്സിൻ സ്വീകരിക്കുന്നതിനുള്ള ദിവസവും സമയവും നിശ്ചയിച്ച് ആരോഗ്യമന്ത്രാലയത്തിൽനിന്ന് അറിയിപ്പ് ലഭിക്കും.
രണ്ട് ഡോസ് വാക്സിനും സ്വീകരിക്കാൻ മറക്കരുത്. രണ്ട് ഡോസും ഒരേ വാക്സിൻ തന്നെയായിരിക്കണം. വാക്സിൻ സ്വീകരിച്ചാൽ വേദന, ക്ഷീണം, ചുമ, അലർജി, മസിൽ വേദന, തലചുറ്റൽ, ഛർദി തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങൾ കാര്യമായി കണ്ടാൽ ഉടൻതന്നെ ഡോക്ടറെ കാണണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.