ഓഫർ ലെറ്റർ മാത്രം ലഭിച്ചാൽ ജോലിക്ക് ചേരാൻ കഴിയുമോ?
text_fields?എനിക്ക് ഒരു കമ്പനിയിൽ നിന്നും ഇപ്പോൾ ഓഫർ ലെറ്റർ ലഭിച്ചു. അവർ വിസ തരാമെന്ന് പറയുന്നു. ഉടനെ ജോലിക്ക് ജോയിൻ ചെയ്യാനും പറയുന്നു. ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിക്ക് ഞാൻ ജോലി മാറുന്നതിൽ തടസ്സമൊന്നുമില്ല. വിസ ലഭിക്കാതെ ഞാൻ പുതിയ കമ്പനിയിൽ ജോലി തുടങ്ങുന്നതുകൊണ്ട് എന്തെങ്കിലും നിയമപ്രശ്നം ഉണ്ടോ?. ഞാൻ ഓഫർ ലെറ്റർ ഒപ്പിട്ട് നൽകി.
അരുൺ കുമാർ
●പുതിയ തൊഴിലുടമയുടെ പേരിൽ താങ്കളുടെ വിസ ലഭിക്കുന്നതുവരെ അവിടെ ജോലി തുടങ്ങുവാൻ പാടില്ലെന്നാണ് എൽ.എം.ആർ.എ നിയമം പറയുന്നത്. തൊഴിൽ വിസ ലഭിച്ചശേഷം മാത്രമേ താങ്കൾ പുതിയ ജോലിക്ക് ജോയിൻ ചെയ്യാവൂ. എൽ.എം.ആർ.എയുടെ ഇപ്പോഴത്തെ നടപടികൾ പ്രകാരം തൊഴിൽ വിസ ഇല്ലാതെ ജോലി ചെയ്ത് പിടിക്കപ്പെടുകയാണെങ്കിൽ തൊഴിൽ ചെയ്യിപ്പിക്കുന്ന തൊഴിലുടമക്ക് 1000 ദീനാർ ഫൈൻ അടിക്കും. തൊഴിലാളിയുടെ പേരിൽ പബ്ലിക് പ്രോസിക്യൂഷനിൽ പരാതിയും നൽകും. പബ്ലിക് പ്രോസിക്യൂഷനിൽ നൽകിയ പരാതി കോടതി വഴി തീർപ്പാക്കി 100 ദീനാർ പിഴ നൽകണം. മാത്രമല്ല, നാടുകടത്തൽ ഓർഡർ ഇല്ലെങ്കിൽ മാത്രമേ പുതിയ തൊഴിലുടമയുടെ പേരിൽ പുതിയ വിസ എൽ.എം.ആർ.എ നൽകുകയുള്ളൂ. സാധാരണ എൽ.എം.ആർ.എ വിസ ഇല്ലാതെ പിടിക്കപ്പെടുന്ന തൊഴിലാളിക്ക് 100 ദീനാർ പിഴയും ഇവിടെ നിന്ന് ഡീപോർട്ടേഷനുമാണ് ശിക്ഷ. ഇത് ഇപ്പോൾ എൽ.എം.ആർ.എ വളരെ കർശനമായി നടപ്പാക്കി വരുകയാണ്. തൊഴിലുടമക്ക് 1000 ദീനാർ പിഴ അടച്ചാൽ നടപടികളിൽനിന്ന് ഒഴിവാകാം. പബ്ലിക് പ്രോസിക്യൂഷൻ/ ക്രിമിനൽ കോടതിയുടെ നടപടിക്രമങ്ങൾക്ക് എത്ര സമയമെടുക്കുമെന്ന് പറയാൻ പ്രയാസമാണ്. ചില പരാതികളിൽ ഡീപോർട്ടേഷനിൽ ഇളവ് നൽകുന്നുണ്ട്. അതുകൊണ്ട് ഇങ്ങനെ എന്തെങ്കിലും നടപടികൾ നേരിടുന്നവർ വളരെ സൂക്ഷിച്ച് കാര്യങ്ങൾ ചെയ്യണം. അതുപോലെ ഒരു ബഹ്റൈനി അഭിഭാഷകനെ കേസിന്റെ കാര്യത്തിൽ തുടക്കം മുതൽ തന്നെ സമീപിക്കണം. അപ്പീൽ നൽകേണ്ടി വരുകയാണെങ്കിൽ അതിനനുവദിച്ച കാലാവധിക്കുള്ളിൽ തന്നെ നൽകണം. കേസ് നടത്തിപ്പിന്റെ കാര്യത്തിൽ വളരെ ജാഗ്രത പുലർത്തണം. ഇവിടെ ഡിപ്പൻഡന്റ് വിസയിൽ ജോലി തേടുന്നവർക്കും ഇത് ബാധകമാണ്. തൊഴിൽവിസ ലഭിച്ചവർ മാത്രമേ ജോലിക്ക് ജോയിൻ ചെയ്യാവൂ.
?ഞാൻ ഒരു കമ്പനിയിൽ ഒമ്പത് മാസമായി ജോലി ചെയ്യുകയാണ്. ഇപ്പോൾ എനിക്ക് വേറെ ഒരു കമ്പനിയിൽനിന്ന് കുറച്ചു മെച്ചപ്പെട്ട ഓഫർ ലെറ്റർ വന്നിട്ടുണ്ട്. ആ കമ്പനിയിലേക്ക് മാറുന്നതിന് ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?
ബഷീർ
●എൽ.എം.ആർ.എ നിയമപ്രകാരം ഒരുവർഷം കഴിയാതെ താങ്കൾക്ക് ഇപ്പോഴത്തെ തൊഴിലുടമയുടെ അനുവാദമില്ലാതെ ജോലി മാറുവാൻ പ്രയാസമാണ്. അല്ലെങ്കിൽ ഇപ്പോഴത്തെ ജോലി രാജിവെച്ചശേഷം നാട്ടിൽ പോയി തിരികെ വരണം. ഇപ്പോഴത്തെ തൊഴിലുടമ മൊബിലിറ്റി തരുകയാണെങ്കിൽ പുതിയ തൊഴിലുടമക്ക് താങ്കളുടെ തൊഴിൽ വിസ എടുക്കുവാൻ സാധിക്കും. തൊഴിൽ വിസ ലഭിച്ചശേഷം പുതിയ തൊഴിൽ ചെയ്യുവാൻ സാധിക്കും. ഒരു കാരണവശാലും പുതിയ തൊഴിലുടമയുടെ വിസ ലഭിക്കുന്നതുവരെ അവിടെ ജോലിക്ക് പോകരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.