വിസ കാൻസൽ ചെയ്താൽ ഒരുമാസം ജോലിചെയ്യാൻ കഴിയുമോ?
text_fields? ഞാൻ ഒരു കമ്പനിയിൽ ഡ്രൈവറായി രണ്ടുവർഷം ജോലിചെയ്തു. തുടർന്ന് ജോലിചെയ്യാൻ താൽപര്യമില്ലാത്തതു കാരണം വിസ കാൻസൽ ചെയ്തുതരാൻ പറഞ്ഞു. എന്റെ വിസ മാർച്ച് 13ന് കഴിഞ്ഞു. കമ്പനി ഒരു മാസംകൂടി ജോലിചെയ്യാൻ അവശ്യപ്പെട്ടു. ഇങ്ങനെ ജോലി ചെയ്യാൻ നിയമം അനുവദിക്കുമോ?
-ഫൈസൽ
വിസയുടെ കാലാവധി കഴിഞ്ഞ് ഒരുമാസം കൂടി ഇവിടെ താമസിക്കാം. ആ സമയം താങ്കളുടെ സ്പോൺസറുടെ കൂടെ ജോലിചെയ്യുന്നതിന് നിയമ തടസ്സമൊന്നുമില്ല. ഇങ്ങനെ ഒരുമാസം കാലാവധി ലഭിക്കാൻ താങ്കളുടെ വിസയുടെ കാലാവധി കഴിയുന്ന ദിവസം വിസ റദ്ദ് ചെയ്യണം. അങ്ങനെയെങ്കിൽ തിരികെ പോകാനോ മറ്റു ജോലിയിലേക്ക് ഇവിടെനിന്ന് മാറാനോ 30 ദിവസത്തെ സമയം ലഭിക്കും. ഈ നടപടിക്രമം താങ്കളുടെ കമ്പനി ചെയ്തുവെന്ന് കരുതുന്നു. അതേക്കുറിച്ച് കമ്പനിയിൽ അന്വേഷിക്കണം. അല്ലാത്തപക്ഷം, വിസ കഴിഞ്ഞ് താങ്കളുടെ ഇവിടെയുള്ള താമസം നിയമപരമല്ല.
? ഞാൻ ഒരു കമ്പനിയിൽ ജോലിചെയ്യുകയാണ്. രണ്ടുവർഷത്തെ എഗ്രിമെന്റ് പ്രകാരം എനിക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ ലഭിക്കും? ഇപ്പോൾ ജോലിചെയ്യുന്ന കമ്പനിയുടെ എഗ്രിമെന്റ് കാലാവധി കഴിഞ്ഞ് മറ്റൊരു കമ്പനിയിൽ കയറുന്നതിനോ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോ എന്തെങ്കിലും നിയമ തടസ്സങ്ങളുണ്ടോ?
-രഞ്ജിത്ത്, മുഹർറഖ്
രണ്ടുവർഷം ജോലിചെയ്ത ഒരു തൊഴിലാളിക്ക് താഴെ പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.
1. രണ്ടുമാസത്തെ അവധിയുടെ ശമ്പളം. അതായത്, വർഷത്തിൽ 30 ദിവസം അവധി ലഭിക്കണം. അവധി എടുത്തിട്ടുണ്ടെങ്കിൽ ബാക്കിയുള്ള അവധിയുടെ ശമ്പളം.
2. ഒരുമാസത്തെ ശമ്പളം ഇൻഡെമ്നിറ്റിയായി ലഭിക്കണം. അടിസ്ഥാന ശമ്പളത്തിലാണ് ഇൻഡെമ്നിറ്റി കണക്കാക്കുന്നത്. ഓരോ വർഷവും 15 ദിവസത്തെ ശമ്പളമാണ് ഇൻഡെമ്നിറ്റിയായി ലഭിക്കുന്നത്.
3. ജോലിചെയ്ത ദിവസം വരെയുള്ള ശമ്പളം.
4. സർവoസ് സർട്ടിഫിക്കറ്റ്/എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്
5. മറ്റെന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങൾ തൊഴിൽ കരാർ പ്രകാരം ലഭിക്കുമെങ്കിൽ അതിനും അർഹതയുണ്ട്.
തൊഴിൽ കരാറിന്റെ കാലാവധി കഴിഞ്ഞാൽ മറ്റൊരു കമ്പനിയിലേക്ക് ജോലി മാറുന്നതിനോ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോ നിയമ തടസ്സമൊന്നുമില്ല.
? ഞാൻ ബി.ഡി.എഫ് ഹോസ്പിറ്റലിൽ 23 വർഷമായി ജോലി ചെയ്യുകയാണ്. പ്രവാസികൾക്ക് ഇവിടെ ആനുകൂല്യങ്ങൾ ലഭ്യമാണോ?
-ജസ്ന
സ്വകാര്യമേഖലക്ക് ബാധകമായ തൊഴിൽ നിയമം സിവിൽ സർവിസ് ബ്യൂറോ (സർക്കാർ ജീവനക്കാർ), പബ്ലിക് സെക്യൂരിറ്റി, മിലിട്ടറി, ആരോഗ്യ മന്ത്രാലയം എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് ബാധകമല്ല. ഇവർക്ക് പ്രത്യേക തൊഴിൽ നിയമമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.