ശ്രദ്ധേയമായി കാൻസർ കെയർ ഗ്രൂപ് കുടുംബസംഗമം
text_fieldsമനാമ: കാൻസർ കെയർ ഗ്രൂപ് സംഘടിപ്പിച്ച കുടുംബസംഗമം ശ്രദ്ധേയമായി. ബഹ്റൈൻ കേരളീയ സമാജം രവി പിള്ള ഹാളിൽ നടത്തിയ സംഗമത്തിൽ പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ അധ്യക്ഷത വഹിച്ചു. ശൈഖ് ഖലീഫ ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവിയും ഇന്ത്യൻ സ്കൂൾ ബഹ്റൈൻ മുൻ ഒബ്സർവറുമായ മുഹമ്മദ് ശഅബാൻ, കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ഓങ്കോളജി ലബോറട്ടറീസ് ഡയറക്ടറും ബഹ്റൈൻ കാൻസർ സൊസൈറ്റി അംഗവുമായ ഡോ. മറിയം ഫിദ, ബഹ്റൈൻ ഒളിമ്പിക്സ് സ്പോർട്സ് കമ്മിറ്റി മേധാവി ഡോ. ഹുസൈൻ ഹദാദ്, പ്രമുഖ മാധ്യമപ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സ് ഡയറക്ടർ അമ്പിളിക്കുട്ടൻ, ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലീം സ്വാഗതവും മാത്യു ജോർജ് നന്ദിയും പറഞ്ഞു. അഖില ലൈസ ജോസഫ് യോഗനടപടികൾ നിയന്ത്രിച്ചു.
ആലിയിലെ കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് കാൻസർ കെയർ ഗ്രൂപ് ആഗസ്റ്റ് മാസം ആദ്യം നടത്താൻ ഉദ്ദേശിക്കുന്ന മെഡിക്കൽ സെമിനാർ -സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ചെക്കപ്പ്, നവംബർ മാസത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ഗ്രൂപ്പിന്റെ വാർഷികാഘോഷങ്ങൾ എന്നിവയുടെ ഒരുക്കങ്ങൾ കുടുംബസംഗമത്തിൽ ഡോ. പി.വി. ചെറിയാൻ വിശദീകരിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന അഡ്വ. പോൾ സെബാസ്റ്റ്യൻ-ലിസി പോൾ, ബെഞ്ചമിൻ-മോളി ബെഞ്ചമിൻ ദമ്പതികൾക്ക് യാത്രയയപ്പ് നൽകി.
ബഹ്റൈനിലെ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ ഐലൻഡ് ടോപ്പറായ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി കൃഷ്ണ ആർ. നായരെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ ബഹ്റൈനിൽനിന്ന് ടോപ്പറായ വീണ കിഴക്കേതിലിനെയും ചടങ്ങിൽ അനുമോദിച്ചു.കാൻസർ കെയർ ഗ്രൂപ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജോർജ് കെ. മാത്യു, അബ്ദുൽ സഹീർ, അഡ്വൈസറി ബോർഡ് അംഗം ഡോ. സന്ധു, പ്രധാന പ്രവർത്തകർ, വിവിധ സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.