കാൻസർ ദിനാചരണം; 68 പേർ മുടി ദാനം ചെയ്തു
text_fieldsമനാമ: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ പ്രതിഭയും കാൻസർ കെയർ ഗ്രൂപ്പും സംയുക്തമായി റോയൽ ബഹ്റൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കിംസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ 68 പേർ മുടി ദാനം ചെയ്തു.
കീമോതെറപ്പി അടക്കം അർബുദചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്ന രോഗികൾക്ക് സൗജന്യമായി വിഗ് ഉണ്ടാക്കി നൽകാനാണ് കുറഞ്ഞത് 21 സെ.മീറ്റർ നീളത്തിൽ മുറിച്ച തലമുടി ഉപയോഗിക്കുന്നത്.
ബഹ്റൈൻ പാർലമെന്റ് അംഗങ്ങളായ മറിയം അൽ ധൈൻ, ഹക്കിം അൽ ഷിനോ, റോയൽ ബഹ്റൈൻ പ്രസിഡൻറും കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ചെയർമാനുമായ അഹ്മദ് ജവഹറി, ഗ്രൂപ് സി.ഇ.ഒ ഡോ: ശരീഫ് എം. സഹദുല്ല, കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി. സലിം, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അബ്ദുൽ സഹീർ, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ സി. വി. നാരായണൻ, പി. ശ്രീജിത്ത്, സുബൈർ കണ്ണൂർ, ഹെൽപ് ലൈൻ ഇൻ ചാർജ് നൗഷാദ് പൂനൂർ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ നജീബ് മീരാൻ, നുബിൻ അൻസാരി, ഗിരീഷ് മോഹൻ, പ്രതിഭ വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവരുടെ സാന്നിധ്യത്തിൽ ഉം അൽ ഹസ്സത്തുള്ള കിംസ് ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ ബഹ്റൈൻ കാൻസർ സൊസൈറ്റി ട്രഷറർ യുസഫ് ഫക്രു, എക്സിക്യൂട്ടിവ് മാനേജർ അഹമ്മദ് അലി അൽ നോവക്ദ എന്നിവർക്ക് സ്വരൂപിച്ച മുഴുവൻ മുടിയും കൈമാറി. മുടി നൽകിയ മുഴുവനാളുകളേയും ചടങ്ങിൽ ആദരിച്ചു.
കിംസ് ഹോസ്പിറ്റലിലെ ഡോ: വെങ്കടേഷ് മുഷാനി (ഹെമറ്റോ ഓങ്കോളജിസ്റ്റ്), ഡോ: അൽപായ് യിൽമാസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി) എന്നിവർ അർബുദ ബോധവത്കരണ ക്ലാടസടുത്തു. പ്രിയംവദ ഷാജു, പ്രതിഭ വനിത വേദി പ്രസിഡന്റ് ഷമിത സുരേന്ദ്രൻ എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു.
പ്രതിഭയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികൾ, പ്രവർത്തകർ, കാൻസർ കെയർ ഗ്രൂപ് അംഗങ്ങൾ, തലമുടി ദാനം ചെയ്തവരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.